ഭീകരതാവളങ്ങള്‍ ചുട്ടെരിച്ചതിന്റെ പ്രതികാരമായി പാക്കിസ്ഥാന്‍ സുവര്‍ണക്ഷേത്രം ലക്ഷ്യമിട്ടു; ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ശ്രമം സൈന്യം തകര്‍ത്തു; സുവര്‍ണ ക്ഷേത്രം സംരക്ഷിക്കാന്‍ ഒരു വ്യോമ കവചം തീര്‍ത്തിരുന്നുവെന്നും കരസേനാ മേജര്‍ ജനറല്‍
പാക്കിസ്ഥാന്‍ സുവര്‍ണക്ഷേത്രം ലക്ഷ്യമിട്ടു
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കി പാക്കിസ്ഥാനിലെ ഭീകരപരിശീലന കേന്ദ്രങ്ങള്‍ ചുട്ടെരിച്ച ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് പ്രതികാരം തീര്‍ക്കാന്‍ അമൃത്സറിലെ സുവര്‍ണ ക്ഷേത്രം ആക്രമിക്കാന്‍ പാക്ക് സൈന്യം ശ്രമിച്ചതായി സ്ഥിരീകരണം. കരസേനാ മേജര്‍ ജനറല്‍ കാര്‍ത്തിക്.സി.ശേഷാദ്രിയാണ് സുവര്‍ണ ക്ഷേത്രത്തിനെതിരായ പാക്ക് ആക്രമണശ്രമം സ്ഥിരീകരിച്ചത്. എന്നാല്‍ സുവര്‍ണ ക്ഷേത്രത്തിനു നേരെയുള്ള എല്ലാ ഭീഷണികളെയും ഇന്ത്യന്‍ സേന തടഞ്ഞിരുന്നുവെന്നും മേജര്‍ ജനറല്‍ കാര്‍ത്തിക്.സി.ശേഷാദ്രി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
പാക്കിസ്ഥാന് നിയമപരമോ നീതിപൂര്‍വമോ ആയ ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങള്‍, സിവിലിയന്‍, മത കേന്ദ്രങ്ങള്‍ തുടങ്ങിയവ ആക്രമിക്കുമെന്ന് തങ്ങള്‍ മുന്‍കൂട്ടിക്കണ്ടു. അതില്‍ ഏറ്റവും പ്രധാനമായിരുന്നു സുവര്‍ണക്ഷേത്രമെന്നും സൈനികോദ്യോഗസ്ഥന്‍ പറഞ്ഞു. സുവര്‍ണക്ഷേത്രം സംരക്ഷിക്കുന്നതിനായി പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഒരു വ്യോമ കവചം തീര്‍ത്തിരുന്നുവെന്നും ശേഷാദ്രി പറഞ്ഞു. മേയ് എട്ട് പുലര്‍ച്ചെയായിരുന്നു ആക്രമണം. ഇരുട്ടിന്റെ മറവ് പ്രയോജനപ്പെടുത്തി പാക്കിസ്ഥാന്‍ ദീര്‍ഘദൂര മിസൈലുകളും ഡ്രോണുകളും ക്ഷേത്രം ലക്ഷ്യമാക്കി പായിച്ചു. എന്നാല്‍, ഇന്ത്യന്‍ സൈന്യം പൂര്‍ണ സജ്ജരായിരുന്നതിനാല്‍ ഈ ഭീഷണികളെയെല്ലാം ഫലപ്രദമായി പ്രതിരോധിക്കാനായി. ഡ്രോണുകളും മിസൈലുകളും വെടിവെച്ചുതകര്‍ത്തെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തിനു പ്രതികാരമായി മേയ് 7,8 ദിവസങ്ങളില്‍ പാക്കിസ്ഥാന്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് അമൃത്സറിലെ സുവര്‍ണ ക്ഷേത്രം ലക്ഷ്യമിടാന്‍ ശ്രമിച്ചെന്നാണു സൈന്യം സ്ഥിരീകരിച്ചത്. 15-ാമത് ഇന്‍ഫന്‍ട്രി ഡിവിഷനിലെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് (ജിഒസി) ആണ് മേജര്‍ ജനറല്‍ കാര്‍ത്തിക്.സി.ശേഷാദ്രി.
''പാക്ക് സൈന്യത്തിനു നിയമാനുസൃതമായ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് അറിയാമായിരുന്നതിനാല്‍ അവര്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെയും മതകേന്ദ്രങ്ങളെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ലക്ഷ്യം വയ്ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് സുവര്‍ണ ക്ഷേത്രമായിരുന്നു. ഇതോടെ സുവര്‍ണ ക്ഷേത്രത്തിന് വ്യോമപ്രതിരോധ സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചു. മേയ് 8 ന് പുലര്‍ച്ചെ, ക്ഷേത്രം ലക്ഷ്യമാക്കി ഡ്രോണുകളും ദീര്‍ഘദൂര മിസൈലുകളും ഉപയോഗിച്ച് പാക്കിസ്ഥാന്‍ ഒരു വലിയ വ്യോമാക്രമണം നടത്തി. എന്നാല്‍ ഇന്ത്യന്‍ സൈന്യം പൂര്‍ണ്ണമായും സജ്ജരായിരുന്നു. പാക്കിസ്ഥാന്റെ മിസൈല്‍ ഡ്രോണ്‍ ഭീഷണികളെ പൂര്‍ണമായും നശിപ്പിച്ചു. സുവര്‍ണ ക്ഷേത്രത്തെ ലക്ഷ്യമിട്ട് വന്ന എല്ലാ ഡ്രോണുകളും മിസൈലുകളും വെടിവച്ചിട്ടു.'' അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു.
ആകാശ് മിസൈല്‍ സിസ്റ്റം, എല്‍-70 എയര്‍ ഡിഫന്‍സ് ഗണ്‍സ് തുടങ്ങിയ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പാക്കിസ്ഥാന്റെ ഡ്രോണുകളും മിസൈലുകളും നശിപ്പിച്ചത്. അമൃത്സര്‍, ജമ്മു, ശ്രീനഗര്‍, പത്താന്‍കോട്ട്, ജലന്ധര്‍, ലുധിയാന, ചണ്ഡീഗഡ്, ഭുജ് എന്നിവയുള്‍പ്പെടെ നിരവധി ഇന്ത്യന്‍ നഗരങ്ങളും സൈനിക താവളങ്ങളും രാത്രിയില്‍ നടന്ന ആക്രമണത്തില്‍ പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടിരുന്നതായി പ്രതിരോധ മന്ത്രാലയം നേരത്തേ സ്ഥിരീകരിച്ചിരുന്നു.