മുരളീധരനെ സ്ഥാനാര്‍ത്ഥിയായി പിന്തുണച്ച് ഒപ്പുവച്ചത് ജില്ലാ അധ്യക്ഷനും മൂന്ന് മുന്‍ ഡി.സി.സി. പ്രസിഡന്റുമാരും ഒരു വനിതാ നേതാവും; പാലക്കാട് ഡിസിസിയുടെ വിവാദ കത്തിന്റെ രണ്ടാംഭാഗം പുറത്ത്; കത്ത് ലഭിച്ചിട്ടില്ലെന്ന് ദീപാദാസ് മുന്‍ഷി

പാലക്കാട് കോണ്‍ഗ്രസിലെ കത്ത് വിവാദം പാര്‍ട്ടി അന്വേഷിക്കും

Update: 2024-10-27 11:01 GMT
മുരളീധരനെ സ്ഥാനാര്‍ത്ഥിയായി പിന്തുണച്ച് ഒപ്പുവച്ചത് ജില്ലാ അധ്യക്ഷനും മൂന്ന് മുന്‍ ഡി.സി.സി. പ്രസിഡന്റുമാരും ഒരു വനിതാ നേതാവും; പാലക്കാട് ഡിസിസിയുടെ വിവാദ കത്തിന്റെ രണ്ടാംഭാഗം പുറത്ത്; കത്ത് ലഭിച്ചിട്ടില്ലെന്ന് ദീപാദാസ് മുന്‍ഷി
  • whatsapp icon

പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ മുന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളീധരനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനടക്കം നേതൃത്വത്തിന് ഡി.സി.സി. നല്‍കിയ കത്തിന്റെ രണ്ടാംപേജ് പുറത്ത്. കത്തില്‍ ഒപ്പുവെച്ച നേതാക്കളുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗമാണ് പുറത്തുവന്നത്. ജില്ലയില്‍നിന്നുള്ള മുതിര്‍ന്ന അഞ്ചുനേതാക്കളാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. കെ മുരളീധരനെ സ്ഥാനാര്‍ത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ട കത്തില്‍ വി കെ ശ്രീകണ്ഠന്‍ എംപിയും ഒപ്പുവെച്ചിരുന്നു.

ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന് പുറമേ, മൂന്ന് മുന്‍ ഡി.സി.സി. പ്രസിഡന്റുമാരും ഒരു വനിതാ നേതാവും കെ മുരളീധരനെ പിന്തുണച്ച് കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. വി.കെ. ശ്രീകണ്ഠന്‍ എം.പി, മുന്‍ എം.പി. വി.എസ്. വിജയരാഘവന്‍, കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം സി.വി. ബാലചന്ദ്രന്‍ എന്നിവരാണ് കത്തില്‍ ഒപ്പുവെച്ച മുന്‍ ഡി.സി.സി. അധ്യക്ഷന്മാര്‍. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.എ. തുളസിയും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ക്കും അയച്ച കത്താണ് പുറത്തുവന്നത്. പാലക്കാട് ബി.ജെ.പിയുടെ വിജയം തടയാനും കേരളത്തില്‍ അവരുടെ മുന്നോട്ടുള്ള പോക്കിന് തടയിടാനും കരുത്തനായ ഒരു സ്ഥാനാര്‍ഥി വേണമെന്നും സമൂഹത്തിലെ എല്ലാവിഭാഗത്തിന്റേയും ഇടതുമനസുള്ളവരുടേയും വോട്ട് നേടാനാവുന്ന ആളാവണമെന്നുമാണ് കത്തിലെ ആവശ്യം.

അതേ സമയം വിവാദ കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പ്രതികരിച്ചു. ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന് പിന്നില്‍ സിപിഎമ്മും ബിജെപിയുമാണെന്നും ദീപാദാസ് മുന്‍ഷി ആരോപിച്ചു.കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍ ഉപയോഗിക്കുന്ന ഈ കത്ത് സിപിഎമ്മിന്റെ പ്രൊപഗാന്റ എന്നാണ് ദീപാദാസ് മുന്‍ഷി ആരോപിക്കുന്നത്. കെ സുധാകരനും വിഡി സതീശനുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് നിര്‍ദ്ദേശിച്ചതെന്നും സാധാരണ നടപടി ക്രമങ്ങള്‍ കൃത്യമായി പാലിച്ചാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു. സ്ഥാനാര്‍ത്ഥി വിഷയവുമായി ബന്ധപ്പെട്ട് ഇനിയൊരു ചര്‍ച്ചക്ക് പ്രസക്തിയില്ലെന്നും തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു കഴിഞ്ഞതോടെ ഈ ചോദ്യം തന്നെ അപ്രസക്തമാണെന്നും ദീപാ ദാസ് മുന്‍ഷി പറഞ്ഞു.

നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുന്‍ എംപി കെ മുരളീധരനെയാണ് പാലക്കാട് ഡിസിസി നിര്‍ദേശിച്ചത്. പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫിന്റെ വിജയം ഉറപ്പാക്കാന്‍ കെ മുരളീധരനാണ് മറ്റാരേക്കാളും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെന്നാണ് കത്തിലുള്ളത്. ഒക്ടോബര്‍ പത്തിനാണ് കത്ത് അയച്ചിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ക്കാണ് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ കത്തയച്ചിരിക്കുന്നത്.

അതേസമയം, പാര്‍ട്ടി നേതൃത്വം സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമെടുത്താല്‍ മറ്റെല്ലാകാര്യങ്ങളും അപ്രസക്തമാണെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാക്കള്‍ എടുത്തത്. സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനുവേണ്ടി സജീവമായി രംഗത്തുള്ള നേതാവാണ് വി.കെ. ശ്രീകണ്ഠന്‍.

ഇനി കത്തില്‍ പ്രസക്തിയില്ലെന്നും പാര്‍ട്ടിയില്‍ പല ചര്‍ച്ചയും ആലോചനയും നടക്കും, അതൊന്നും ഇപ്പോള്‍ പ്രശ്നമല്ലെന്നുമായിരുന്നു വി കെ ശ്രീകണ്ഠന്റെ പ്രതികരണം. സ്ഥാനാര്‍ത്ഥിയായി പലരേയും ആവശ്യപ്പെട്ടുള്ള കത്ത് പോയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന കത്തില്‍ ആധികാരികതയില്ലെന്നുമായിരുന്നു പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ പ്രതികരിച്ചത്. പഴയകാലത്തെ കത്തുകള്‍ എടുത്തുകൊണ്ടുവന്ന് കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താമെന്നൊന്നും ആരും കരുതേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

അതേസമയം, പാലക്കാട് കോണ്‍ഗ്രസിലെ കത്ത് വിവാദം പാര്‍ട്ടി അന്വേഷിക്കും. ഡിസിസി പ്രസിഡന്റ് കേന്ദ്ര നേതൃത്വത്തിന് അയച്ച കത്ത് പുറത്തുവന്നത് അന്വേഷിക്കേണ്ട കാര്യമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. കത്ത് ചോര്‍ന്നതിനെ ഗൗരവത്തോടെയാണ് കാണുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം ഉറപ്പാണെന്നും സുധാകരന്‍ പറഞ്ഞു.

Tags:    

Similar News