'രാഹുല്‍ മാങ്കൂട്ടത്തിലിന് പാലക്കാട് കാലുകുത്താന്‍ ബിജെപിയുടെ അനുവാദം വേണ്ടി വരും': കൊലവിളി പ്രസംഗം നടത്തിയെന്ന് ബിജെപി ജില്ലാ പ്രസിഡന്റിന് എതിരെ പരാതി; കാല് അങ്ങ് എടുത്താല്‍ ഉള്ള ഉടല്‍ കുത്തി ആര്‍ എസ്സ് എസ്സിന് എതിരെ പ്രവര്‍ത്തിക്കുമെന്ന് രാഹുല്‍; ബൗദ്ധിക ഭിന്നശേഷി നൈപുണ്യവികസന കേന്ദ്രത്തിന് ഹെഡ്‌ഗെവാറിന്റെ പേരിട്ടതിനെ ചൊല്ലി വിവാദം

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കൊലവിളി പ്രസംഗം നടത്തിയെന്ന് പരാതി

Update: 2025-04-12 11:36 GMT

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പാലക്കാട് കാല്‍ കുത്തിക്കില്ലെന്ന തരത്തില്‍ ബിജെപി നേതാവ് കൊലവിളി പ്രസംഗം നടത്തിയെന്ന പേരില്‍ പാലക്കാട്ട് വിവാദം. പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെതിരെ കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി.

നഗരസഭയില്‍ ആരംഭിക്കാനിരിക്കുന്ന ബൗദ്ധിക ഭിന്നശേഷി നൈപുണ്യവികസന കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് വിവാദ പ്രസംഗം. നൈപുണ്യവികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് കെബി ഹെഡ്ഗെവാറിന്റെ പേര് നല്‍കിയതിനെതിരെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും പ്രതിഷേധിച്ചിരുന്നു.

Full View


ഇതേ തുടര്‍ന്ന് ചടങ്ങ് അലങ്കോലമാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഡിസിസി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിന് ശേഷം നടന്ന യോഗത്തിലാണ് പ്രശാന്ത് ശിവന്‍ എംഎല്‍എയെ പാലക്കാട് കാല് കുത്തിക്കില്ലെന്ന പ്രസംഗം നടത്തിയത്.

ദേശീയവാദികള്‍ക്കെതിരെ ഇനിയും അനാവശ്യപ്രസ്താവനകള്‍ നടത്തിയാല്‍ പത്തനംതിട്ടയില്‍ നിന്ന് വരുന്ന പാലക്കാട്ടെ എംഎല്‍എയ്ക്ക് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ കാലുകുത്താന്‍ ബിജെപിയുടെ അനുവാദം വേണ്ടിവരുമെന്നും അത്തരത്തിലുളള കാലം വിദൂരമല്ലെന്ന് എംഎല്‍എയെ ഓര്‍മ്മിപ്പിക്കുന്നു എന്നുമാണ് പ്രശാന്ത് ശിവന്‍ പറഞ്ഞത്. ഹെഡ്ഗേവാറിന്റെ പേരില്‍ തന്നെ കേന്ദ്രം തുടങ്ങുമെന്നും നഗരസഭയുടെ വികസനത്തെ തടയുകയാണ് അവരുടെ ലക്ഷ്യമെന്നും പ്രശാന്ത് പറഞ്ഞു. ബിജെപി മാര്‍ച്ചില്‍, പ്രധാനമന്ത്രിമാരായിരുന്ന ജവാഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി എന്നിവരെക്കുറിച്ചും സഭ്യേതര പരാമര്‍ശങ്ങള്‍ ഉണ്ടായതായി ആരോപണമുണ്ട്.

കാല്‍ കുത്തിക്കൊണ്ടുതന്നെ ആര്‍എസ്എസിനെതിരെ സംസാരിക്കുമെന്ന് രാഹുല്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് എതരായ കൊലവിളി പ്രസംഗത്തിന്റെ പേരില്‍ പ്രശാന്ത് ശിവന് എതിരെ പൊലീസ് കേസെടുക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. കോണ്‍ഗ്രസിന്റെ പാലക്കാട്, പിരായിരി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

കാല്‍ വെട്ടിക്കളയുമെന്നാണ് ഭീഷണിയെങ്കില്‍ കാല്‍ ഉളളിടത്തോളം കാല്‍ കുത്തിക്കൊണ്ടുതന്നെ ആര്‍എസ്എസിനെതിരെ സംസാരിക്കുമെന്നും കാല്‍ വെട്ടിക്കളഞ്ഞാലും ഉളള ഉടല്‍വെച്ച് ആര്‍എസ്എസിനെതിരെ സംസാരിക്കുമെന്നും എംഎല്‍എ പറഞ്ഞു. നൈപുണ്യവികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവിന്റെ പേര് നല്‍കിയ വിഷയത്തെ നിയമപരമായും ജനാധിപത്യപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും എത്ര ഭീഷണിപ്പെടുത്തിയാലും ആര്‍എസ്എസിനോടുളള എതിര്‍പ്പുകള്‍ പറയുക തന്നെ ചെയ്യുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.


Full View

ബിജെപിയിലും ഭിന്നത

ബൗദ്ധിക ഭിന്നശേഷി നൈപുണ്യവികസന കേന്ദ്രത്തിന് ഹെഡ്‌ഗെവാറിന്റെ പേരിട്ടതില്‍ പാലക്കാട്ടെ ബിജെപിയിലും ഭിന്നതയെന്ന് റിപ്പോര്‍ട്ട്. ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്‌ഗെവാറിന്റെ പേരിടാന്‍ ആര്‍എസ്എസില്‍ നിന്ന് അനുമതി വാങ്ങിയില്ലെന്നാണ് ആക്ഷേപം. കെട്ടിടം നിര്‍മിച്ച ശേഷം പേര് നല്‍കിയാല്‍ മതിയായിരുന്നുവെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നു. ഹെഡ്‌ഗെവാറിന്റെ പേര് വിവാദമാക്കിയത് ഒഴിവാക്കാമായിരുന്നുവെന്ന അഭിപ്രായമാണ് ഉയര്‍ന്നിരിക്കുന്നത്.

ഹെഡ്‌ഗേവാറിന്റെ പേര് നല്‍കണമായിരുന്നെങ്കില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതി മുന്‍കൂട്ടി വാങ്ങണമായിരുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. നഗരസഭ അധ്യക്ഷയും ഉപാധ്യക്ഷനും അടങ്ങുന്ന ഒരു വിഭാഗം ബിജെപി കൗണ്‍സിലര്‍മാര്‍ മാത്രം അറിഞ്ഞെടുത്ത തീരുമാനമാണിതെന്നും മറ്റ് ബിജെപി കൗണ്‍സിലര്‍മാരെ ഇക്കാര്യം അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഒരു സ്ഥാപനത്തിന് പേര് നല്‍കുമ്പോള്‍ സാങ്കേതികമായി പാലിക്കേണ്ട കാര്യങ്ങള്‍ നഗരസഭ പാലിച്ചില്ലെന്നും ആക്ഷേപമുയര്‍ന്നു. എന്നാല്‍, പേര് മാറ്റില്ലെന്ന നിലപാടിലാണ് നഗരസഭ.

Tags:    

Similar News