2023ല്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പരിഭാഷ കേട്ട് മോദി അഭിനന്ദിച്ചു; വന്ദേഭാരത്തിന്റെ ഉദ്ഘാടനത്തിലും കിറുകൃത്യം; 'അദ്ദേഹത്തിനു കഴിയുന്നില്ല' എന്ന് പ്രധാനമന്ത്രി ചിരിയോടെ പറഞ്ഞത് മന്‍ കി ബാത്തിന്റെ മലയാളം ഹീറോയെ കുറിച്ച്; വിഴിഞ്ഞത്ത് പിഴച്ചത് പള്ളിപ്പുറം ജയകുമാര്‍; ആ റിട്ട അധ്യാപകന് രാഷ്ട്രീയമില്ല; ആ പിഴവില്‍ സംഭവിച്ചത്

Update: 2025-05-02 08:55 GMT

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ ഒളിയമ്പ് എയ്തും ഗൗതം അദാനിയെ പുകഴ്ത്തിയ തുറമുഖമന്ത്രി വി.എന്‍.വാസവന്റെ വാക്കുകള്‍ പരാമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഴിഞ്ഞം പ്രസംഗം. ''മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യ മുന്നണിയുടെ കരുത്തുള്ള തൂണാണല്ലോ. ശശി തരൂരും വേദിയില്‍ ഇരിക്കുന്നുണ്ട്. ഇന്നത്തെ ഈ ചടങ്ങ് പല ആളുകളുടെയും ഉറക്കം കെടുത്തും'' ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. എന്നാല്‍ പരിഭാഷകന് പ്രധാനമന്ത്രി പറഞ്ഞ രാഷ്ട്രീയം പിടികിട്ടിയില്ല.

ഇതോടെ 'അദ്ദേഹത്തിനു കഴിയുന്നില്ല' എന്നു കൂടി പ്രധാനമന്ത്രി ചിരിയോടെ പറഞ്ഞു. ഇതിനു ശേഷമാണ് മന്ത്രി വി.എന്‍.വാസവന്റെ പ്രസംഗം പ്രധാനമന്ത്രി പരാമര്‍ശിച്ചത്. ഏതായാലും ദേശീയ രാഷ്ട്രീയത്തിലെ ചര്‍ച്ചയാകേണ്ട കാര്യം മലയാളത്തിലേക്ക് മൊഴി മാറ്റിയില്ലെന്ന് അറിഞ്ഞിട്ടും പ്രധാനമന്ത്രി പ്രകോപിതനായില്ല. അതിനിടെ സംസ്ഥാന സര്‍ക്കാരാണ് പരിഭാഷകനെ കണ്ടെത്തിയതെന്ന് ബിജെപി ആരോപിച്ചിട്ടുണ്ട്. പക്ഷേ മോദിയുടെ മലയാളത്തിലെ സ്ഥിരം പരിഭാഷകനെയാണ് ഇത്തവണയും അതിനായി നിയോഗിച്ചത്. പക്ഷേ ചെറുതായി ഒന്നു പിഴച്ചുവെന്ന് മാത്രം. അതില്‍ രാഷ്ട്രീയമൊന്നുമില്ലെന്നതാണ് വസ്തുത.

2023 സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം പൊടിപ്പും തൊങ്ങലുമൊന്നുമില്ലാതെ ശുദ്ധമലയാളത്തില്‍ പരിഭാഷപ്പെടുത്തിയ പള്ളിപ്പുറം ജയകുമാര്‍ 2023ലെ താരമായിരുന്നു. പതിനൊന്ന് വര്‍ഷമായി പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ജയകുമാറിനെ സംഘാടകര്‍ അന്് മോദിക്ക് പരിചയപ്പെടുത്തുകയും ചെയ്തു. നല്ല ശബ്ദമാണെന്ന് പറഞ്ഞ് മോദി അഭിനന്ദിച്ചു. ആ പള്ളിപ്പുറം ജയകുമാറാണ് വിഴിഞ്ഞത്ത് മോദിയുടെ പ്രസംഗത്തിലെ കാതലായ ഭാഗം പരിഭാഷ ചെയ്യാതെ വിട്ടു കളഞ്ഞത്. രാഷ്ട്രീയമൊന്നുമില്ലാത്ത റിട്ടയേര്‍ഡ് അധ്യാപകനാണ് പള്ളിപ്പുറം ജയകുമാര്‍.

വിഴിഞ്ഞത്തെ മോദി പ്രസംഗം നേരത്തെ തയ്യാറാക്കിയിരുന്നു. അതിന്റെ പകര്‍പ്പ് ജയകുമാറിന് കിട്ടുകയും ചെയ്തു. പക്ഷേ വിഴിഞ്ഞത്ത് ഇതേ പ്രസംഗം അതേ പടി മോദി ആവര്‍ത്തിച്ചില്ല. മറ്റു പലതലത്തിലേക്കും പ്രസംഗം കൊണ്ടു പോയി. എഴുതി തയ്യാറാക്കിയ പ്രസംഗവുമായെത്തിയ ജയകുമാര്‍ ഒന്നു പതറി. ഇതുകാരണം ആ പ്രസംഗത്തിലെ കാതല്‍ മലയാളത്തില്‍ ആരും വിഴിഞ്ഞത്ത് കേട്ടതുമില്ല,മന്‍ കി ബാത്തും പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിനത്തിലെ ചെങ്കോട്ടയിലെ പ്രസംഗവും ദൂരദര്‍ശനുവേണ്ടി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന വ്യക്തിയാണ് ജയകുമാര്‍. 2023ലാണ് മോദിയുടെ പ്രസംഗം ആദ്യം തല്‍സമയം പരിഭാഷ പെടുത്തിയത്. പ്രസംഗത്തിന്റെ പകര്‍പ്പ് നേരത്തേ ലഭിച്ചെങ്കിലും എഴുതിത്തയ്യാറാക്കാതെ തത്സമയ പരിഭാഷയാണ് അന്ന് ജയകുമാര്‍ നടത്തിയത്. ഇന്നു പക്ഷേ മുന്‍കൂട്ടി കിട്ടിയ പ്രസംഗം നേരത്തെ പരിഭാഷ ചെയ്തുവെന്നാണ് സൂചന. ഇതുമായി എത്തി. പക്ഷേ മോദി വേറെ വഴിയിലൂടെ പോയി. അപ്പോള്‍ പ്രതിസന്ധിയിലായി.

മുരുക്കുംപുഴ ഇടവിളാകം യു.പി സ്‌കൂളിലെ ഹിന്ദി അദ്ധ്യാപകനായിരുന്നു ജയകുമാര്‍. പ്രധാനമന്ത്രിയുടെ ആദ്യത്തെ മന്‍ കി ബാത്ത് ദൂരദര്‍ശനു വേണ്ടി മലയാളത്തില്‍ പരിഭാഷപ്പെടുത്താന്‍ നിയോഗിക്കപ്പെട്ടത് 2014 ഒക്ടോബര്‍ മൂന്നിനാണ്. 2015ലെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായെത്തിയ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, തലേന്ന് നടത്തിയ പ്രസംഗം ദൂരദര്‍ശന് വേണ്ടി മലയാളത്തില്‍ പരിഭാഷപ്പെടുത്തിയതും ജയകുമാറായിരുന്നു. മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ പരിഭാഷയും നിര്‍വഹിച്ചു. നേരത്തേ കേരള ഹിന്ദി പ്രചാരസഭയിലും കുറച്ചുകാലം അദ്ധ്യാപകനായിരുന്നു. ആകാശവാണിയിലെ എ ഗ്രേഡ് നാടക കലാകാരനാണ്. ശിശുക്ഷേമസമിതിയില്‍ ശിശുദിനാഘോഷത്തിന് തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ പ്രസംഗപരിശീലകനുമാണ്. എം.എ, ബി.എഡ് ബിരുദധാരിയായ ജയകുമാര്‍.

അധ്യാപകനെന്ന നിലയില്‍ 2015 -ല്‍ സര്‍ക്കാരിന്റെ മെരിറ്റ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ദൂരദര്‍ശനില്‍ നൂറിലധികം ഡോക്യുമെന്ററികളുടെ മൊഴിമാറ്റം നടത്തിയിട്ടുണ്ട്. വന്ദേഭാരത് തീവണ്ടിയുടെ ഉദ്ഘാടനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം വിവര്‍ത്തനം ചെയ്തിരുന്നു. 2015-ല്‍ വനം വകുപ്പിന്റെ പ്രകൃതി മിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ പുരസ്‌കാരം ആറുതവണ നേടിയിട്ടുണ്ട്. മികച്ച ബി.എല്‍.ഒ.യ്ക്കുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുരസ്‌കാരം, സീസണ്‍ വാച്ച് സ്റ്റേറ്റ് എക്‌സലന്‍സി പുരസ്‌കാരം തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.

Tags:    

Similar News