ക്യു നില്‍ക്കാതെ ദര്‍ശനം വാഗ്ദാനം ചെയ്ത് തീര്‍ഥാടകരില്‍ നിന്ന് വാങ്ങിയത് 10,000 രൂപ; വാവര് നടയില്‍ കൊണ്ട് വിട്ട ശേഷം മുങ്ങി; ഭക്തരുടെ പരാതിയില്‍ രണ്ട് ഡോളി തൊഴിലാളികളെ അറസ്റ്റ് ചെയ്ത് പമ്പ പോലീസ്; വരുന്ന തീര്‍ഥാടനകാലത്ത് തൊഴിലാളികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി പോലീസ്
ഭക്തരുടെ പരാതിയില്‍ രണ്ട് ഡോളി തൊഴിലാളികളെ അറസ്റ്റ് ചെയ്ത് പമ്പ പോലീസ്
പമ്പ: ശബരിമല ദര്‍ശനത്തിന് വന്ന ഭക്തരെ ക്യൂ നില്‍ക്കാതെ ദര്‍ശനം സാധ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത രണ്ട് ഡോളി തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. പീരുമേട് ലക്ഷ്മികോവില്‍ റാണി കോവില്‍ എസ്റ്റേറ്റ് നിവാസികളായ ജി. കണ്ണന്‍ (31), ആര്‍. രഘു എന്നിവരെയാണ് അയ്യപ്പഭക്തരുടെ പരാതിയെ തുടര്‍ന്ന് പോലീസ് പിടികൂടിയത്.
തുലാമാസ പൂജയ്ക്കിടെ ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ കാസര്‍ഗോഡ് സ്വദേശികളുടെ സംഘത്തെയാണ് ഇവര്‍ കബളിപ്പിച്ച് പണം തട്ടിയെടുത്തത്. കഴിഞ്ഞ 18 ന് തിരക്കുമൂലം തീര്‍ത്ഥാടകരെ നിയന്ത്രിച്ചിരുന്ന സമയത്ത് ഉച്ചക്ക് 12 മണിയോടു കൂടി മരക്കൂട്ടത്തു നിന്നും നടന്ന് വന്ന സംഘത്തെ ഡോളി തൊഴിലാളികളായ പ്രതികള്‍ ചേര്‍ന്ന് പ്രലോഭിപ്പിക്കുകയായിരുന്നു. കൂടുതല്‍ സമയം ക്യൂവില്‍ നില്‍ക്കാതെ കൂട്ടി കൊണ്ടുപോയി ശബരിമലയില്‍ ദര്‍ശനം നടത്തി തരാം എന്ന് വിശ്വസിപ്പിച്ച് 10000 രൂപ വാങ്ങി. തുടര്‍ന്ന് വാവര് നടക്ക് സമീപത്ത് എത്തിച്ചശേഷം പ്രതികള്‍ കടന്നു കളഞ്ഞു.
അയ്യപ്പഭക്തരെ കബളിപ്പിച്ച് പണം തട്ടിയതായി വിവരം ലഭിച്ച തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പമ്പ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി വരികയായിരുന്നു. പ്രതികളെ റാന്നി കോടതിയില്‍ ഹാജരാക്കും. പ്രതികളുടെ ഡോളി പെര്‍മിറ്റ് റദ്ദാക്കുന്നതിന് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കും. തിരക്ക് വര്‍ധിക്കുമ്പോള്‍ പമ്പയിലും സന്നിധാനത്തും അയ്യപ്പഭക്തന്മാരെ ക്യൂ കോംപ്ലക്സുകളില്‍ നിയന്ത്രിച്ചു നിര്‍ത്തുമ്പോഴാണ് തട്ടിപ്പിന് ശ്രമം നടക്കുന്നത്.
ഡോളിയില്‍ കൊണ്ടുപോകുന്നുവെന്ന വ്യാജേനെ പണം വാങ്ങി ആളുകളെ ക്യൂവില്‍ നില്‍ക്കാതെ കൊണ്ടുപോകുന്നതായി മുന്‍പും പരാതി ഉയര്‍ന്നിരുന്നു. ഡോളി തൊഴിലാളികളായി രജിസ്റ്റര്‍ ചെയ്ത ശേഷം ഡോളി ചുമക്കാതെ ദര്‍ശനത്തിന് എത്തുന്ന അയ്യപ്പഭക്തരെ കബളിപ്പിക്കുന്ന ആള്‍ക്കാരുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ആള്‍ക്കാര്‍ക്കെതിരെ സര്‍ശന നടപടി തുടരുമെന്ന് പോലീസ് അറിയിച്ചു.
ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ശബരിമലയില്‍ പമ്പ, സന്നിധാനം, നിലയ്ക്കല്‍, വലിയാനവട്ടം, ചെറിയാനവട്ടം തുടങ്ങിയ സ്ഥലങ്ങളില്‍ ജോലിചെയ്യുന്ന താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാത്തരം തൊഴിലാളികളുടെയും വിവരങ്ങള്‍ പമ്പ പോലീസ് ശബരിമല വര്‍ക്കേഴ്സ് രജിസ്റ്റര്‍ എന്ന മൊബൈല്‍ ആപ്പ് വഴി ഓണ്‍ലൈനായി ശേഖരിച്ച് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. ഈ തീര്‍ഥാടനകാലം മുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തി തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാത്ത ഡോളി ഉള്‍പ്പെടെയുള്ള തൊഴിലാളികളെ അനുവദിക്കുന്നതല്ല. ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദിന്റെ നിര്‍ദ്ദേശപ്രകാരം റാന്നി ഡിവൈ. എസ്.പി ആര്‍. ജയരാജിന്റെ മേല്‍നോട്ടത്തില്‍ പമ്പ ഇന്‍സ്പെക്ടര്‍ സി.കെ മനോജ്, എസ്.ഐ. സജി, എസ്.സി.പി.ഓമാരായ സാംസണ്‍ പീറ്റര്‍, ബിനുലാല്‍ , ജസ്റ്റിന്‍ രാജ്, സി.പി.ഓ സുധീഷ് എന്നിവടങ്ങിയ സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.
