ഇന്ത്യക്കെതിരായ വിവരങ്ങള്‍ ജസ്റ്റിന്‍ ട്രൂഡോയുടെ ഓഫീസുമായി പങ്കുവച്ചു; കഴിഞ്ഞ മൂന്നുവര്‍ഷമായി സിഖ് ഫോര്‍ ജസ്റ്റിസിന് കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസുമായി നിരന്തര ബന്ധം; ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിങ് പന്നുനിന്റെ വെളിപ്പെടുത്തല്‍
ഇന്ത്യക്കെതിരായ വിവരങ്ങള്‍ ജസ്റ്റിന്‍ ട്രൂഡോയുടെ ഓഫീസുമായി പങ്കുവച്ചു
ടൊറന്റോ: ഖലിസ്ഥാന്‍ ഭീകരവാദി ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഇന്ത്യക്ക് എതിരായ വിവരങ്ങള്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഓഫീസുമായി പങ്കുവച്ചെന്ന് ഗുര്‍പത്വന്ത് സിങ് പന്നുന്‍ സമ്മതിച്ചു. തന്റെ സിഖ് ഫോര്‍ ജസ്റ്റിസ് സംഘടന ട്രൂഡോയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു.
കനേഡിയന്‍ വാര്‍ത്താ ചാനല്‍ സിബിസി ന്യൂസുമായുള്ള അഭിമുഖത്തിലാണ് പന്നുുന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യന്‍ ഹൈക്കമ്മീഷന്റ ചാരശൃംഖലയുടെ വിശദവിവരങ്ങള്‍ താന്‍ കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി. ഇന്ത്യക്കെതിരെ കാനഡ ഉന്നയിച്ച ആരോപണങ്ങള്‍ ട്രൂഡോ സര്‍ക്കാരിന്റെ നീതിയോടും നിയമവാഴ്ചയോടും, ദേശീയ സുരക്ഷയോടും ഉള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് കാണിക്കുന്നത്. കഴിഞ്ഞ രണ്ടു, മൂന്നുവര്‍ഷമായി സിഖ് ഫോര്‍ ജസ്റ്റിസ് പ്രധാനമന്ത്രിയുടെ ഓഫസുമായി ആശയവിനിമയം നടത്തിവരികയാണ്, പന്നുന്‍ പറഞ്ഞു. ഇന്ത്യ-കാനഡ നയതന്ത്രബന്ധം ഏറ്റവും വഷളായി ഇരിക്കുന്ന സാഹചര്യത്തിലാണ് ഗുര്‍പത്വന്ത് സിങ് പന്നുന്റെ പ്രസ്താവന.
പഞ്ചാബില്‍ ഉയര്‍ന്നു വന്ന വിഘടനവാദത്തെ പിന്തുണയ്ക്കുന്നതായിരുന്നു ഗുര്‍പത്വന്ത് സിങ് പന്നുനിന്റെ രാഷ്ട്രീയം. സ്വതന്ത്ര സിഖ് രാഷ്ട്രത്തിനായി വാദിച്ചു കൊണ്ട് ഖലിസ്ഥാന്‍ ആശയത്തിനു പ്രോത്സാഹനം നല്‍കി. തുടര്‍ന്ന് ഖലിസ്ഥാന്‍ വിഘടനവാദത്തിന്റെ വക്താവായി മാറി. സിഖസ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ സ്ഥാപക അധ്യക്ഷനാണ് പന്നുന്‍. സ്വതന്ത്ര സിഖ് രാഷ്ട്രമെന്ന ആശയം മുന്‍ നിര്‍ത്തി അമേരിക്ക, കാനഡ, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ വിവിധ തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള പന്നുന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ മനുഷ്യാവകാശ ലംഘനം ആരോപിച്ച് തുടര്‍ച്ചയായി കേസുകളും നടത്തിവരുന്നു.
പലതരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും പങ്കു തെളിഞ്ഞതിനെ തുടര്‍ന്ന് 2020ല്‍ ഇന്ത്യ പന്നുനിനെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. പന്നുനിന്റെ കൃഷിഭൂമിയും സര്‍ക്കാര്‍ കണ്ടുകെട്ടി. പഞ്ചാബില്‍ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലടക്കം 22 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഗുര്‍പത്വന്ത് സിങ് പന്നുന്‍. 2022 ഒക്ടോബറില്‍ പന്നുനിനെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് അയക്കാന്‍ ഇന്ത്യ ഇന്റര്‍പോളിനോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഇന്റര്‍പോള്‍ ഈ ആവശ്യം നിരസിച്ചു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ യുഎസിലുണ്ടായ റോഡപകടത്തില്‍ ഗുര്‍പത്വന്ത് സിങ് പന്നുന്‍ കൊല്ലപ്പെട്ടെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും അതുതെറ്റെന്ന് പിന്നീട് തെളിഞ്ഞു.