അതിരപ്പള്ളിയില്‍ ആണവ നിലയം വരില്ല; ഡിസ്‌നി മോഡലിലെ വലിയൊരു ടൂറിസം കേന്ദ്രമൊരുക്കാന്‍ മന്ത്രി സുരേഷ് ഗോപി; ചീമേനിയില്‍ ആണവ നിലയത്തിന് അനുയോജ്യത കാണുന്ന കേന്ദ്രം; കേരളത്തിന്റെ മോഹം തോറിയം പുറത്തേക്ക് കൊണ്ടു പോയി മറ്റൊരു സംസ്ഥാനത്തെ നിലയ നിര്‍മ്മാണം; ആണവത്തില്‍ കെ എസ് ഇ ബി പ്രതീക്ഷയില്‍

Update: 2024-12-23 01:33 GMT

തിരുവനന്തപുരം: പൊതുസമവായമുണ്ടെങ്കിലേ കേരളത്തില്‍ ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിനെപ്പറ്റി ചിന്തിക്കാനാവൂ എന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറയുമ്പോഴും കെ എസ് ഇ ബി പ്രതീക്ഷയില്‍ തന്നെ. കേരളത്തില്‍ സുലഭമായ തോറിയം ഉപയോഗിച്ച് കേരളത്തിനുപുറത്ത് നിലയം സ്ഥാപിക്കുന്നതിനെക്കുറിച്ചാണ് കേന്ദ്രത്തിന് നല്‍കിയ നിവേദനത്തില്‍ കെ എസ് ഇ ബി മുമ്പോട്ട് വയ്ക്കുന്ന സുപ്രധാന നിര്‍ദ്ദേശം. ഇതിലൂടെ ആണവ നിലയത്തിനെതിരായ പ്രതിഷേധം ഒഴിവാക്കാം. ഇടതു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ആണവ നിലയവുമായി ബന്ധപ്പെട്ട പ്രതിഷേധം കേരളത്തിലുണ്ടാകുന്നത് സിപിഎമ്മും ആഗ്രഹിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിന് പുറത്തുള്ള ആണവ നിലയ സാധ്യത കെ എസ് ഇ ബി തേടുന്നത്.

സ്ഥലം ലഭ്യമാക്കിയാല്‍ കേരളത്തിന് ആണവ വൈദ്യുതനിലയം അനുവദിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ഊര്‍ജമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 150 ഏക്കര്‍ സ്ഥലംവേണം. കാസര്‍കോട്ടെ ചീമേനിയാണ് അനുയോജ്യസ്ഥലമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ വൈദ്യുതി- നഗരവികസന പ്രവര്‍ത്തനങ്ങള്‍ അവലോകനംചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം. എന്തുകൊണ്ട് ആണവനിലയമായിക്കൂടെന്ന് ചോദ്യം ഉന്നയിച്ചത് കേന്ദ്രമന്ത്രിയാണെന്ന് ഊര്‍ജവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. സ്ഥലം ലഭ്യമാക്കിയാല്‍ കേന്ദ്രം സാധ്യമായ സഹായമെല്ലാംചെയ്യാം. നിലയം സ്ഥാപിച്ചാല്‍ കേരളത്തിലെ വൈദ്യുതിപ്രതിസന്ധി വലിയതോതില്‍ പരിഹരിക്കാനാവുമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. ഇതിനിടെയാണ് കേരളത്തിന് പുറത്തുള്ള പദ്ധതിയെന്ന ആശയം കെ എസ് ഇ ബി മുമ്പോട്ട് വയ്ക്കുന്നത്.

കേരളത്തിന്റെ കടല്‍തീരത്ത് തോറിയം അടങ്ങുന്ന മോണോസൈറ്റിന്റെ വലിയ തോതിലുള്ള നിക്ഷേപമുള്ള സാഹചര്യം പരിഗണിച്ച് സ്ഥലം കണ്ടെത്തി നല്‍കിയാല്‍ തോറിയം അധിഷ്ഠിത ആണവനിലയത്തിന് അനുമതി നല്‍കുന്ന കാര്യം പരിശോധിക്കാമെന്നാണ് കേന്ദ്ര ഊര്‍ജ നഗരകാര്യമന്ത്രി മനോഹര്‍ ലാല്‍ നിലപാട് എടുക്കുന്നത്. വൈദ്യുതിയുടെ സാങ്കേതിക വാണിജ്യനഷ്ടം കേരളത്തില്‍ 10 ശതമാനത്തിന് താഴെയാണെന്നും ഇത് രാജ്യത്തിന് തന്നെ മാതൃകയാണെന്നും മനോഹര്‍ലാല്‍ അഭിപ്രായപ്പെട്ടു. എന്‍.ടി.പി.സിയുടെ ബാര്‍ഹ് നിലയത്തില്‍നിന്ന് അനുവദിച്ച 177 മെഗാവാട്ട് വൈദ്യുതിയുടെ കാലാവധി മാര്‍ച്ച് 2025ന് അവസാനിക്കുന്നത് ജൂണ്‍ 2025 വരെ നീട്ടിത്തരണമെന്ന കേരളത്തിന്റെ ആവശ്യം പരിശോധിക്കും. പമ്പ്ഡ് സ്റ്റോറേജ്, ബാറ്ററി എനര്‍ജി സ്റ്റോറേജ്, ജലവൈദ്യുതി പദ്ധതികള്‍ക്കായി വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിക്കണമെന്ന ആവശ്യവും അനുഭാവത്തോടെ പരിശോധിക്കും.

ജലവൈദ്യുതി പദ്ധതികള്‍ക്ക് കേന്ദ്ര അനുമതി ലഭ്യമാകുന്നതിന് ഏകജാലക സംവിധാനം ഒരുക്കുന്നത് പരിഗണിക്കാമെന്നും റെയില്‍വേ ട്രാക്കിന് കുറുകെയുള്ള പ്രസരണ ലൈനുകള്‍ക്ക് നല്‍കേണ്ട വേ ലീവ് ചാര്‍ജ് വര്‍ധന പുനഃപരിശോധിക്കണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം പരിശോധിക്കാമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരത്തെ അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ആതിഥ്യം വഹിച്ച വിരുന്ന് സത്കാരത്തില്‍ അദ്ദേഹം പങ്കെടുത്തു. തിരുവനന്തപുരം, കോഴിക്കോട് മെട്രോ, കൊച്ചി മെട്രോ മൂന്നാംഘട്ടം എന്നിവയുടെ അനുമതി സംബന്ധിച്ച നിവേദനം മുഖ്യമന്ത്രി കേന്ദ്ര മന്ത്രിക്ക് കൈമാറി. ഇതിനൊപ്പമാണ് ആണവ ചര്‍ച്ച. കേരളത്തിലെ തോറിയം ഉപയോഗിച്ച് എവിടെ വേണമെങ്കിലും യുണിറ്റിന് ഒരു രൂപയ്ക്ക് വൈദ്യുതി ഉണ്ടാക്കമെന്നതാണ് കെ എസ് ഇ ബിയുടെ വിലയിരുത്തല്‍.

ആണവ വൈദ്യുതനിലയത്തിനായി സംസ്ഥാന സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍, മുന്‍പ് ഊര്‍ജവകുപ്പും വൈദ്യുതിബോര്‍ഡും പദ്ധതിനിര്‍ദേശവുമായി കേന്ദ്രത്തെ സമീപിച്ചിരുന്നു. തൃശ്ശൂരിലെ അതിരപ്പള്ളിയും കാസര്‍കോട്ടെ ചീമേനിയുമാണ് ബോര്‍ഡ് നിര്‍ദേശിച്ചത്. ഇതേക്കുറിച്ച് ചര്‍ച്ചവന്നപ്പോള്‍ കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി അതിരപ്പള്ളി ഇതിനായി നിര്‍ദേശിക്കുന്നതിനെ എതിര്‍ത്തു. അവിടെ ഡിസ്നി ലാന്‍ഡ് മാതൃകയില്‍ വലിയൊരു ടൂറിസംകേന്ദ്രം ആസൂത്രണം ചെയ്യുകയാണെന്ന് അദ്ദേഹം അറിയിച്ചു. അവലോകനയോഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചു.

കേന്ദ്രമന്ത്രിക്ക് കേരളം നല്‍കിയ നിവേദനത്തിലും കേരളത്തിലെ ആണവനിലയത്തെക്കുറിച്ച് പരാമര്‍ശമില്ല. മറിച്ച് കേരളത്തിന് പുറത്ത് ആണവ നിലയത്തിന്റെ സാധ്യതയാണ് തേടുന്നത്. ആണവനിലയം സ്ഥാപിക്കുന്നതിനെപ്പറ്റി ആണവോര്‍ജ കോര്‍പ്പറേഷനുമായി കെ.എസ്.ഇ.ബി. ചെയര്‍മാന്‍ ബിജു പ്രഭാകര്‍ നേരത്തേ ചര്‍ച്ചനടത്തിയിരുന്നു. 220 മെഗാവാട്ടിന്റെ രണ്ടുനിലയങ്ങളില്‍നിന്നായി 440 മെഗാവാട്ട് ഉത്പാദിപ്പിക്കുകയാണ് കെ.എസ്.ഇ.ബി.യുടെ ലക്ഷ്യം. 7000 കോടി ചെലവുവരും. ഇതിന്റെ 60 ശതമാനം കേന്ദ്രം നല്‍കണമെന്നും കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടിരുന്നു. അംഗീകാരമായാല്‍ 10 വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാമെന്നാണ് കണക്കുകൂട്ടല്‍.

സംസ്ഥാനത്തിനു കുറഞ്ഞ വിലയ്ക്ക് 450 മെഗാവാട്ട് വൈദ്യുതി കൂടംകുളത്തുനിന്നോ രാജസ്ഥാനിലെ ആണവ വൈദ്യുതപദ്ധതിയില്‍ നിന്നോ ലഭിക്കുന്നതിന്റെ സാധ്യത ന്യൂക്ലിയര്‍ കോര്‍പറേഷനുമായി ചര്‍ച്ച ചെയ്തിരുന്നു. ടെന്‍ഡറിലൂടെ മാത്രമേ ഇവിടെനിന്നു വൈദ്യുതി ലഭിക്കൂ. എന്നാല്‍, ആണവ വൈദ്യുതപദ്ധതി തുടങ്ങുന്ന സംസ്ഥാനത്തിന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതി ലഭിക്കും. ഇക്കാര്യം പരിഗണിച്ചാണു കേരളവും ആണവ വൈദ്യുതനിലയം എന്ന ആശയത്തിലേക്ക് എത്തിയത് .

കേരളം നേരിടാന്‍ പോകുന്ന വലിയ ഊര്‍ജ പ്രതിസന്ധിക്ക് അല്‍പമെങ്കിലും പരിഹാരം കാണാനാണു ശ്രമം. നിലവില്‍ 13,000 കോടി രൂപയുടെ വൈദ്യുതിയാണു വര്‍ഷം തോറും കേരളം വാങ്ങുന്നത്. 2030ല്‍ ഇത് 25,000 കോടി കവിയും. ജലവൈദ്യുതി പദ്ധതി തുടങ്ങാന്‍ പരിസ്ഥിതി പ്രശ്‌നങ്ങളും കാലതാമസവുമുണ്ട്. സോളര്‍ പദ്ധതിയില്‍ പകല്‍ മാത്രമേ വൈദ്യുതി ലഭിക്കൂ. കാറ്റില്‍ നിന്നുള്ള പദ്ധതിയും ഫലപ്രദമല്ല. ആണവ പദ്ധതിയാണ് ഏക വഴി. കേന്ദ്ര സബ്‌സിഡിയും ലഭിക്കും.

സംസ്ഥാനത്തെ വൈദ്യുതിനിലയങ്ങളുടെ സ്ഥാപിത ഉല്‍പാദന ശേഷി 3200 മെഗാവാട്ടാണെങ്കിലും പരമാവധി 1800 മെഗാവാട്ട് ആണ് ഉല്‍പാദനം. 2030ല്‍ കേരളത്തിന്റെ ഊര്‍ജ ആവശ്യങ്ങള്‍ക്കായി 10,000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കേണ്ടി വരുമെന്ന കെഎസ്ഇബി റിപ്പോര്‍ട്ട് പരിഗണിച്ചാണു നടപടികള്‍.

Tags:    

Similar News