ഏഴാമത്തെ പ്രസവത്തിന് പിന്നാലെ മരിച്ച യുവതിയുടെ രഹസ്യഭാഗങ്ങള്‍ പോലും പുഴുവരിച്ചു; ശരീരം മുഴുവന്‍ വ്രണം; എന്നിട്ടും അക്യൂപങ്ച്വര്‍ ചികിത്സകനായ ഭര്‍ത്താവ് ആശുപത്രിയിലേക്ക് മാറ്റിയില്ല; മുഹ്‌സിനയുടെ പ്രസവം നടന്നതും വീട്ടില്‍; സമാന്തര വൈദ്യവും വീട്ടിലെ പ്രസവവും വീണ്ടും വില്ലനാവുമ്പോള്‍
സമാന്തര വൈദ്യവും വീട്ടിലെ പ്രസവവും വീണ്ടും വില്ലനാവുമ്പോള്‍
ചാവക്കാട്: സമാന്തര വൈദ്യവും വീട്ടിലെ പ്രസവവും കേരളത്തില്‍ ഒരു ജീവന്‍കൂടിയെടുത്തു. തൃശൂര്‍ എടക്കഴിയൂര്‍ സ്വദേശി മുഹ്സിന (37) ഏഴാമത്ത പ്രസവത്തിന് പിന്നാലെ മരിച്ചതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. പ്രസവത്തിനുശേഷം യുവതിക്ക് അണുബാധ ഉണ്ടായിരുന്നെങ്കിലും ഭര്‍ത്താവ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഭര്‍ത്താവ് ചാവക്കാട് ഇടക്കഴിയൂര്‍ സ്വദേശി ഇബ്രാഹിം അക്യൂപങ്ചറിസ്റ്റാണ്. ബന്ധുക്കളുടെ പരാതിലെ തുടര്‍ന്ന് ഉയാളെ പൊലീസ് തെരയുകയാണ്.
ശരീരം പുഴുവരിക്കുന്നു
15 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. യുവതിയുടെ കുടുംബവുമായി ഇവര്‍ അടുപ്പും പുലര്‍ത്തിയിരുന്നില്ല. ആദ്യം ആറ് പ്രസവം ആശുപത്രിയിലാണ് നടന്നതെന്നാണ് വിവരം. കഴിഞ്ഞ ജനുവരിയിലാണ് ഏഴാമത്തെ പ്രസവം നടന്നത്. പിന്നാലെ യുവതിയുടെ നില വഷളാകുകയായിരുന്നു. കഴിഞ്ഞ ദിവസം മുഹ്സിനയുടെ മാതാപിതാക്കള്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടിലെത്തിയിരുന്നു. ഈ സമയത്ത് യുവതി തീര്‍ത്തും ആവശനിലയില്‍ ആയിരുന്നു. എന്നിട്ടും യുവതിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഭര്‍ത്താവ് സമ്മതിച്ചിരുന്നില്ല. ഒടുവില്‍ ബലംപ്രയോഗിച്ചാണ് യുവതിയെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
ആശുപത്രിയില്‍ വച്ചാണ് യുവതി മരണപ്പെട്ടത്. യുവതിയുടെ ശരീരം വ്രണം കൊണ്ട് പുഴുവരിച്ച നിലയില്‍ ആയിരുന്നു. യുവതിയുടെ സ്വകാര്യ ഭാഗങ്ങളും ഗുരുതരമായ വ്രണം വന്ന നിലയിലായിരുന്നു. എന്നിട്ടു ഭര്‍ത്താവ് സ്വയം ചികിത്സ നടത്തുകയാണെന്നാണ് പരാതി.
ദമ്പതികള്‍ക്ക് ഏഴു മക്കളായിരുന്നു എന്ന് ബന്ധുവായ യുവാവ് പറഞ്ഞു. 'ഇതില്‍ രണ്ടു കുഞ്ഞുങ്ങള്‍ മരിച്ചു. മൂന്നു വയസ്സുള്ള കുട്ടി ചികിത്സ ലഭിക്കാതെയാണ് മരിച്ചത്. ഏഴാമത്തെ പ്രസവത്തില്‍ ജനിച്ച കുട്ടി ആറു ദിവസത്തിനു ശേഷം മരണപ്പെടുകയായിരുന്നു. അക്യുപങ്ച്വറിസ്റ്റായ ഭര്‍ത്താവ് വീട്ടില്‍ ആയിരുന്നു പ്രസവം എടുത്തത്. പ്രസവശേഷം ഉള്ള ശുശ്രൂഷകള്‍ മുഹ്സീനയ്ക്ക് നല്‍കിയിരുന്നില്ല. അതില്‍ സംഭവിച്ച വീഴ്ചകളാണ് യുവതിയുടെ ജീവനെടുത്തതെന്ന് ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.
അവര്‍ക്ക് പ്രസവമെടുക്കാന്‍ അനുമതിയില്ല
കേരളത്തില്‍ അക്യുപങ്ച്വര്‍ ചികിത്സകര്‍ക്ക് പ്രസവം എടുക്കാനോ അടിയന്തര വൈദ്യസഹായം നല്‍കാനോ നിയമപരമായ അനുമതിയി എന്നതാണ് വസ്തുത. അക്യുപങ്ച്വര്‍ ഒരു 'അനുബന്ധ ചികിത്സാ രീതിയായി' മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളത്. പ്രസവം പോലെയുള്ള സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകളോ വൈദ്യശാസ്ത്രപരമായ ഇടപെടലുകളോ നടത്താന്‍ ഇവര്‍ക്ക് അധികാരമില്ലെന്ന് കേരള സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
2024-ല്‍ തിരുവനന്തപുരം കരമനയില്‍, ഷമീറ എന്ന യുവതിയും കുഞ്ഞും അക്യുപങ്ച്വര്‍ രീതിയിലുള്ള വീട്ടിലെ പ്രസവത്തെത്തുടര്‍ന്ന് മരിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രി ചികിത്സ നിഷേധിച്ചതിനും, അശാസ്ത്രീയമായി പ്രസവം എടുക്കാന്‍ ശ്രമിച്ചതിനും യുവതിയുടെ ഭര്‍ത്താവിനെയും അക്യുപങ്ച്വര്‍ ചികിത്സകന്‍ ഷിഹാബുദ്ദീനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം ചട്ടീപ്പറമ്പില്‍ കഴിഞ്ഞവര്‍ഷം അക്യുപങ്ച്വര്‍ സര്‍ട്ടിഫിക്കറ്റുള്ള അസ്മ എന്ന യുവതി വീട്ടില്‍ വെച്ച് സ്വന്തം പ്രസവം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ രക്തസ്രാവം മൂലം മരിച്ചതും വന്‍ വിവാദമായിരുന്നു.
അതിനിടെ കുറ്റ്യാടി സ്വദേശിനിയായ ഹാജറ എന്ന വീട്ടമ്മയുടെ മരണവും ദിവാദമായി. ഇവര്‍ക്ക് ക്യാന്‍സര്‍ ബാധിച്ചപ്പോള്‍ അക്യൂപങ്്ച്വര്‍ ചികിത്സക വിദഗ്ധ ചികിത്സ തടയുകയും അക്യുപങ്ച്വറിലൂടെ രോഗം മാറുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തതായി ബന്ധുക്കള്‍ പരാതിപ്പെട്ടു. ചികിത്സയുടെ ഭാഗമായി വെള്ളവും ഈത്തപ്പഴവും മാത്രം കഴിക്കാന്‍ നിര്‍ദ്ദേശിച്ചത് രോഗം വഷളാകാന്‍ കാരണമായെന്ന് ആരോപിക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം തന്നെ, മലപ്പുറം കോട്ടയ്ക്കലിന് സമീപം പാങ്ങില്‍ ഒരു വയസ്സുകാരന്‍ മരിച്ചതിനെത്തുടര്‍ന്ന് അശാസ്ത്രീയ ചികിത്സകള്‍ക്കെതിരെ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു.
അക്യുപങ്ചര്‍ ശാസ്ത്രീയമായ രീതിയില്‍ വേദന സംഹാരിയായോ മറ്റ് തെറാപ്പികളായോ ഉപയോഗിക്കാമെങ്കിലും, പ്രസവം പോലെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഇത് ഉപയോഗിക്കുന്നത് അപകടകരമാണെന്ന് അക്യുപങ്ചര്‍ സയന്‍സ് അസോസിയേഷന്‍ (എഎസ്എ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
വീട്ടിലെ പ്രസവം അപകടകരം
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ പന്ത്രണ്ടോളം പേര്‍ വീട്ടിലെ പ്രസവത്തിനിടെ മരിച്ചിട്ടുണ്ട്. ആരോഗ്യമേഖലയില്‍ കേരളം നേടിയ ഏറ്റവും വലിയ നേട്ടമായിരുന്നു, പ്രസവത്തിനിടെയുള്ള ശിശു- മാതൃ മരണ നിരക്കുകള്‍ കുത്തനെ കുറക്കാന്‍ കഴിഞ്ഞുവെന്നത്. ഇതിന് ഏറ്റവും സഹായിച്ചത് ആശുപത്രിയിലെ പ്രസവങ്ങളായിരുന്നു. ഇപ്പോള്‍ സമാന്തര ചികില്‍സയുടെ മറവില്‍ ചില ഹോമിയോപതി- അക്യുപങ്ചര്‍, പ്രകൃതി ചികിത്സാ ഡോക്ടര്‍മാര്‍, വീട്ടിലെ പ്രസവത്തിനുവേണ്ടി കൂട്ടായ്മയുണ്ടാക്കിയും മറ്റും പ്രചാരണം നടത്തതുകയാണ്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം മലപ്പുറം കോഡൂരില്‍ വീട്ടിലെ പ്രസവത്തിനുശേഷം ഒരു യുവതി മരിച്ചപ്പോള്‍, ആരോഗ്യവകുപ്പ് ശക്തമായ കാമ്പയിന്‍ നടത്തിയിരുന്നു. ആശുപത്രികളിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി 'കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിത കരങ്ങളില്‍, പ്രസവം സുരക്ഷിതമാക്കാന്‍ ആശുപത്രിതന്നെ തിരഞ്ഞെടുക്കാം' എന്ന കാമ്പെയിനാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടന്നത്.പിന്നാക്ക സാമൂഹികസാഹചര്യങ്ങള്‍, കുടിയേറ്റം, ഗതാഗത സൗകര്യക്കുറവ്, ആശുപത്രിയിലെ പ്രസവത്തിന്റെ ഭാരിച്ച ചെലവ്, ആശുപത്രിയിലെ മോശം അനുഭവങ്ങള്‍, ആധുനിക വൈദ്യത്തോടുള്ള എതിര്‍പ്പ്, നാച്ചുറോപ്പതി, അക്യുപങ്ചര്‍ ചികിത്സകളിലുള്ള വിശ്വാസം എന്നിങ്ങനെ പലവിധ കാരണങ്ങളാണ് വീട്ടിലെ പ്രസവത്തിന് പിന്നിലുള്ളത്.
ഈ കാമ്പയിന്‍ നന്നായി ഫലം കാണുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ വീട്ടില്‍ പ്രസവം നടക്കുന്ന ജില്ല മലപ്പുറമാണ്. ഇതിനുപുറമേ കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലായി 13-ലധികം ഗാര്‍ഹിക പ്രസവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മലപ്പുറം ജില്ലയില്‍ ഉടനീളം ആശുപത്രിയില്‍ പ്രസവിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചും കുഞ്ഞിന്റെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കളക്ടറുടെ നേതൃത്വത്തില്‍ മതനേതാക്കളുടെ യോഗം വിളിക്കുകയുംചെയ്തിരുന്നു.
വീട്ടിലെ പ്രസവം കൂടുതലുള്ള വിവിധ പ്രാദേശികസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ നാടകങ്ങള്‍, വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നയിക്കുന്ന സെമിനാറുകള്‍, സാമൂഹിക സാംസ്‌കാരിക നേതാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചകള്‍, മറ്റു വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, ജനകീയ റാലികള്‍, കൂട്ടനടത്തം എന്നിവ നടത്തിയിരുന്നു. ഇതു പ്രകാരം, മലപ്പുറത്തെ വീട്ടിലെ പ്രസവത്തിന്റെ നിരക്ക് കുത്തനെ കുറഞ്ഞിരുന്നു. പക്ഷേ അപ്പോഴിതാ തൃശൂര്‍ ജില്ലയിലടക്കം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്.
