ആകാശത്ത് പറന്ന ഡൊണാൾഡ് ട്രംപിൻറെ എയർഫോഴ്സ് വണ്ണിന് സമീപത്തുകൂടി യാത്രാ വിമാനം; ശ്രദ്ധയിൽപ്പെട്ടയുടൻ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമില്ല; 'ശ്രദ്ധിക്കുക, ഐപാഡിൽ നിന്ന് കണ്ണെടുക്കൂ, 20 ഡിഗ്രി തിരിയുക'യെന്ന് എയർ ട്രാഫിക് കൺട്രോളർ; ഒടുവിൽ ആശ്വാസം

Update: 2025-09-17 17:08 GMT

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സഞ്ചരിച്ച എയർഫോഴ്സ് വണ്ണിന് സമീപത്തുകൂടി സ്പിരിറ്റ് എയർലൈൻസിന്റെ യാത്രാ വിമാനം ആകാശത്തുവെച്ച് അപകടകരമായ രീതിയിൽ അടുത്തുവന്നതായി റിപ്പോർട്ട്. സംഭവം യുഎസ് വ്യോമയാന ട്രാഫിക് കൺട്രോളർമാരിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. ന്യൂയോർക്കിലെ ലോംഗ് ഐലൻഡിന് മുകളിൽ വെച്ചാണ് സംഭവം. വിമാനങ്ങളുടെ സഞ്ചാരപാതകൾ അപകടകരമായ രീതിയിൽ ഒത്തുചേരുന്നതായി എയർ ട്രാഫിക് കൺട്രോളർ (എ.ടി.സി.) ശ്രദ്ധയിൽപ്പെടുകയായിരുന്നു.

ഫോർട്ട് ലോഡർഡേലിൽ നിന്ന് ബോസ്റ്റണിലേക്ക് പുറപ്പെട്ട സ്പിരിറ്റ് എയർലൈൻസിന്റെ ഫ്ലൈറ്റ് 1300 ആണ് പ്രസിഡന്റിന്റെ വിമാനത്തിന് സമീപമെത്തിയത്. രണ്ട് വിമാനങ്ങളുടെയും ഉയരം ഏതാണ്ട് സമാനമായിരുന്നെന്നും സഞ്ചാരപാതകൾ ഒത്തുചേരുകയായിരുന്നെന്നും എ.ടി.സി. വിഭാഗം കണ്ടെത്തി. ന്യൂയോർക്കിലെ ട്രാഫിക് കൺട്രോളർ നിരവധി തവണ വിമാനത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആദ്യഘട്ടത്തിൽ പ്രതികരണമുണ്ടായില്ല. പിന്നീട് കൂടുതൽ കർശന നിർദ്ദേശങ്ങൾ നൽകുകയായിരുന്നു. 'സ്പിരിറ്റ് 1300, ഉടൻ 20 ഡിഗ്രി തിരിയുക' എന്നായിരുന്നു കൺട്രോളറുടെ നിർദ്ദേശം.

സംഭവത്തിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. ഇതിൽ, എ.ടി.സി. ഉദ്യോഗസ്ഥൻ സ്പിരിറ്റ് വിമാനത്തിന്റെ പൈലറ്റുമാരോട് അവരുടെ സഞ്ചാരപാത മാറ്റാൻ പലതവണ നിർദ്ദേശം നൽകുന്നതായി വ്യക്തമാണ്. ആദ്യം പതിഞ്ഞ ശബ്ദത്തിൽ നിർദ്ദേശങ്ങൾ നൽകിയെങ്കിലും പ്രതികരണമുണ്ടാകാഞ്ഞതിനെത്തുടർന്ന് ഉദ്യോഗസ്ഥൻ ശബ്ദം കടുപ്പിക്കുകയായിരുന്നു.

'നിങ്ങളുടെ ഇടത് ചിറകിൽ നിന്ന് എട്ട് മൈൽ അകലെ ട്രാഫിക് ഉണ്ട്. അത് ആരാണെന്ന് നിങ്ങൾക്ക് കാണാൻ കഴിയുമെന്ന് ഞാൻ കരുതുന്നു,' ഉദ്യോഗസ്ഥൻ പറഞ്ഞു. 'ശ്രദ്ധിക്കുക, ഐപാഡിൽ നിന്ന് കണ്ണെടുക്കൂ.' സ്പിരിറ്റ് എയർലൈൻസ് അധികൃതർ പറയുന്നതനുസരിച്ച്, ഫ്ലൈറ്റ് 1300 എ.ടി.സി. നിർദ്ദേശങ്ങൾ പാലിക്കുകയും സുരക്ഷിതമായി ബോസ്റ്റണിൽ ഇറങ്ങുകയും ചെയ്തു. പ്രസിഡന്റ് ട്രംപിന്റെ ലണ്ടൻ സന്ദർശനം നിശ്ചയിച്ച പ്രകാരം നടന്നു. കിംഗ് ചാൾസ് മൂന്നാമൻ, രാജ്ഞി കാമില, പ്രിൻസ് വില്യം, കേറ്റ് മിഡിൽട്ടൺ എന്നിവർ സ്വീകരിക്കുന്ന ചടങ്ങുകളോടെ അദ്ദേഹത്തിന്റെ ബ്രിട്ടനിലെ ഔദ്യോഗിക സന്ദർശനം ആരംഭിച്ചു

Tags:    

Similar News