ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണം 62 ആയി ഉയര്‍ന്നു; ഇന്ത്യ മെച്ചപ്പെടുത്തിയത് എട്ട് റാങ്കുകള്‍; ഏറ്റവും വിലയില്ലാത്ത പാസ്‌പോര്ട്ട് ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍ സൊമാലിയക്കും യെമനും ഒപ്പം പാക്കിസ്ഥാനും

ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണം 62 ആയി ഉയര്‍ന്നു

Update: 2025-07-25 02:01 GMT

മുംബൈ: ലോകത്തിലെ ഏറ്റവും ദുര്‍ബലമായ പാസ്സ്‌പോര്‍ട്ടുകളില്‍ നാലാമതായി പാകിസ്ഥാന്‍ പാസ്സ്‌പോര്‍ട്ട്. 2025 ലെ ഹെന്‍ലി പാസ്സ്‌പോര്‍ട്ട് സൂചികയില്‍ സൊമാലിയയ്ക്കും യമനുമൊപ്പം തൊണ്ണൂറ്റി ആറാം സ്ഥാനത്താണ് പാകിസ്ഥാന്‍ ഇടംപിടിച്ചിരിക്കുന്നത്. വെറും 32 രാജ്യങ്ങളിലേക്ക് മാത്രമാണ് പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാന്‍ കഴിയുന്നത്. ഇത് രാജ്യത്തിന്റെ ആഗോള സാന്നിദ്ധ്യത്തെ വല്ലാതെ കുറച്ചിരിക്കുകയാണ്. മുന്‍കൂട്ടി വിസ എടുക്കാതെ സഞ്ചരിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് യു കെ ആസ്ഥാനമായ ഹെന്‍ലി ആന്‍ഡ് പാര്‍ട്ട്‌നേഴ്സ് 199 രാജ്യങ്ങളുടെ പാസ്സ്‌പോര്‍ട്ടുകളെ പട്ടികപ്പെടുത്തിയിരിക്കുന്നത്.

ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസ്സൊസിയേഷന്റെ (ഐ എ ടി എ) സ്ഥിതി വിവരക്കണക്കുകള്‍ അടിസ്ഥാനമാക്കിയാന് റാങ്കിംഗ് നല്‍കിയിരിക്കുന്നത്. പാസ്സ്പ്പൃട്ടുകളുടെ ശക്തിയുമായി ബന്ധപ്പെട്ട് ആധികാരിക രേഖ ആയാണ് ഈ സൂചികയെ കണക്കാക്കുന്നത്. സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഈ പട്ടികയില്‍ പാകിസ്ഥാന് താഴെയുള്ളത്. വെറും 25 രാജ്യങ്ങളില്‍ മാത്രം വിസ ഇല്ലാതെ പ്രവേശിക്കാന്‍ കഴിയുന്ന അഫ്ഗാന്‍ പാസ്സ്‌പോര്‍ട്ട് ആണ് ഈ പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ളത്.

ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ വ്യാപാര വ്യവസായ സമൂഹത്തിനുള്ള ആശങ്ക പരിഹരിക്കുമെന്ന് അടുത്തിടെ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്വി ഉള്‍പ്പടെയുള്ള അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നതാണ്. കൂടുതല്‍ അന്താരാഷ്ട്ര കരാറുകളിലൂടെ കൂടുതല്‍ രാജ്യങ്ങളിലേക്ക് പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ പ്രവേശിക്കാനുള്ള വഴിയൊരുക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.പാസ്സ്‌പോര്‍ട്ട് ശക്തിയുടെ കാര്യത്തില്‍ യു എ ഇ തുടര്‍ച്ചയായി അവരുടെ നില മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള യു എ ഇ മറ്റേതൊരു അറേബ്യന്‍ രാജ്യത്തേക്കാളും ഉയര്‍ന്ന നിലയിലാണ്.

യു എ ഇ പൗരന്മാര്‍ക്ക് മുന്‍കൂട്ടി വിസ എടുക്കാതെ 183 രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ കഴിയും. പട്ടികയില്‍ സ്ഥാനക്കയറ്റം ലഭിച്ച മറ്റൊരു രാജ്യം ഇന്ത്യയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 8 സ്ഥാനങ്ങള്‍ മുകളിലേക്ക് കയറി എഴുപത്തി ഏഴാം സ്ഥാനത്താണ് ഇന്ത്യ ഈ വര്‍ഷം. 62 രാജ്യങ്ങളിലേക്കാണ് ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് മുന്‍കൂട്ടി വിസ എടുക്കാതെ പോകാനാവുക. അടുത്തകാലത്ത് നയതന്ത്ര കാര്യങ്ങളില്‍ ഇന്ത്യ പുലര്‍ത്തുന്ന മികവിന്റെയും ഭൗമരാഷ്ട്രീയത്തില്‍ ഇന്ത്യയുടെ വര്‍ദ്ധിച്ചു വരുന്ന സ്വാധീനത്തെയുമാണ് ഇത് സൂചിപ്പിക്കുന്നത്. അതേസമയം, 67 രാജ്യങ്ങളിലേക്ക് മുന്‍കൂട്ടി വിസ എടുക്കാതെയോ വിസ ഇല്ലാതെയോ പോകാന്‍ സഹായിക്കുന്ന ഫിലിപ്പൈന്‍സ് പാസ്സ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷത്തേതുപോലെ എഴുപത്തിനാലാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

ഈ വര്‍ഷവും പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് 198 രാജ്യങ്ങളിലേക്ക് മുന്‍കൂട്ടി വിസ എടുക്കാതെ പോകാന്‍ സഹായിക്കുന്ന സിംഗപ്പൂര്‍ പാസ്സ്‌പോര്‍ട്ട് ആണ്. തൊട്ടു താഴെ രണ്ടാം സ്ഥാനത്ത് ജപ്പാനും ദക്ഷിണ കൊറിയയുമുണ്ട്. ജര്‍മ്മനിയും, ഫ്രാന്‍സും, ഇറ്റലിയും ഉള്‍പ്പടെയുള്ള ചില യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളാണ് മൂന്നാം സ്ഥാനത്ത് ഉള്ളത്. ഭൗമ രാഷ്ട്രീയത്തില്‍ മാറി വരുന്ന സ്വാധീനത്തിന്റെയും ശക്തിയുടെയും പ്രതിഫലനമാണ് ഈ റാങ്കിംഗ് എന്ന് ഹെന്‍ലി ആന്‍ഡ് പാര്‍ട്ട്‌ണേഴ്സ് ചെയര്‍മാന്‍ ഡോക്ടര്‍ ക്രിസ്ത്യന്‍ കയേലിന്‍ പറയുന്നു.

വളര്‍ന്ന് വരുന്ന പുതിയ സാമ്പത്തിക ശക്തികള്‍ അവരുടെ നയതന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ ശക്തവും വിപുലവുമാക്കുകയാണ്. അതേസമയം, ചില പരമ്പരാഗത ശക്തികള്‍ കൂടുതല്‍ ഉള്‍വലിയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Tags:    

Similar News