പെണ്‍കുട്ടികളെ കമന്റടിച്ചുവെന്ന്; പത്തനംതിട്ട കാതോലിക്കറ്റ് കോളജിലെ എസ് എഫ് ഐക്കാര്‍ തെരുവില്‍ തമ്മിലടിച്ചു; എസ്ഐക്ക് പരുക്ക്
പത്തനംതിട്ട: കാതോലിക്കറ്റ് കോളജിലെ എസ്എഫ്ഐക്കാര്‍ ചേരി തിരിഞ്ഞ് തമ്മിലടിച്ചു. കോളജില്‍ നിന്ന് തുടങ്ങിയ സംഘര്‍ഷം തെരുവിലേക്കും നീണ്ടു. തടയാനെത്തിയ എസ്ഐക്ക് പരുക്ക്. കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ സെല്ലിലും ഇവരുടെ വിളയാട്ടം. പെണ്‍കുട്ടികളെ കമന്റടിച്ചതുമായി ബന്ധപ്പെട്ട വിഷയമാണ് അടിക്ക് കാരണമായതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
കാതോലിക്കേറ്റ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകരായ പ്രമാടം കീഴേത്ത് വീട്ടില്‍ ആരോമല്‍ (23), താഴേടത്ത് വീട്ടില്‍ പ്രദീഷ് (22), മല്ലശേരി മറൂര്‍ കൃഷ്ണ വിലാസം ഹരികൃഷ്ണപിള്ള (23) എന്നിവര്‍ രാത്രി ഏഴേകാലോടെ ടൗണില്‍ മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ എസ്എഫ്ഐ കെട്ടിയിരുന്ന പന്തല്‍ അഴിക്കുമ്പോഴാണ് സംഘര്‍ഷം ഉണ്ടായത്.
കോളജിലെ തന്നെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഈ സമയം അവിടെ എത്തുകയും പെണ്‍കുട്ടികളെ കമന്റടിക്കുമോടാ എന്ന് ചോദിച്ച് തമ്മില്‍ തല്ലുകയുമായിരുന്നു. കൂട്ടയടി നടക്കുന്ന വിവരം അറിഞ്ഞ് എത്തിയ പോലീസ് മൂവരെയും ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചു. പോലീസുമായി പിടിവലിയും ഉന്തും തള്ളും നടന്നു. എസ്ഐ ജിനുവിന്റെ കൈമുട്ടിന് പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രമാടം പഞ്ചായത്ത് 19-ാം വാര്‍ഡ് മെമ്പര്‍ ലിജ ശിവപ്രകാശിന്റെ മകനാണ് ആരോമല്‍. മുമ്പ് പെട്രോള്‍ പമ്പിലും തട്ടുകടയിലും അതിക്രമം നടത്തിയതിന് ഇയാളുടെ പേരില്‍ കേസ് നിലവിലുണ്ട്. കസ്റ്റഡിയില്‍ എടുത്ത മൂന്നു പേരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്റ്റേഷനില്‍ എത്തിച്ച ശേഷം ഇവര്‍ സെല്ലില്‍ ബഹളം തുടര്‍ന്നു. പോലീസ് ഉദ്യോഗസ്ഥരെ ചീത്ത വിളിക്കുകയും ചെയ്തു.
കാതോലിക്കറ്റ് കോളജ്, എസ് എഫ് ഐ