'ദളിത് വിഭാഗത്തില്‍ പെട്ട ഞങ്ങളെ എവിടെ കണ്ടാലും തല്ലാം എന്ന ബോധമാവും അയാള്‍ക്കുള്ളത്; ജീപ്പില്‍ വന്നിറങ്ങി ഓടെടാ എന്ന് പറഞ്ഞ് അടിക്കുകയായിരുന്നു; ഒരാളുടെ തുട അടിച്ചുപൊട്ടിച്ചു; പുള്ളിയുടെ ജോലി തന്നെ പോണം': എസ്‌ഐക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് യാത്രക്കാര്‍; എസ് ഐ ജിനുവിനും രണ്ടു പൊലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍
എസ് ഐ ജിനുവിനും രണ്ടു പൊലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍
പത്തനംതിട്ട: പത്തനംതിട്ടയില്‍ സ്ത്രീകളടക്കമുള്ള യാത്രക്കാരെ ആളുമാറി മര്‍ദിച്ച സംഭവത്തില്‍ പത്തംനതിട്ട എസ്.ഐ ജിനുവിനും രണ്ടുപൊലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍, ഡിഐജി അജിത ബീഗമാണ് നടപടി സ്വീകരിച്ചത്. പത്തനംതിട്ട സ്റ്റേഷനിലെ എസ്.ഐ ജെ.യു. ജിനു, സി.പി.ഓമാരായ ജോബിന്‍ ജോസഫ്, അഷ്ഫാക് എന്നിവര്‍ക്കെതിരേയാണ് നടപടി. മൂന്നു പേര്‍ക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്. നേരത്തെ,എസ്.ഐ. ജിനുവിനെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാറ്റിയിരുന്നു. പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് സ്ഥലം മാറ്റം.
എന്നാല്‍, നടപടി കുറഞ്ഞുപോയെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും മര്‍ദനമേറ്റവര്‍ പറഞ്ഞു. സ്ഥലംമാറ്റം പ്രാരംഭനടപടി മാത്രമാണെന്നായിരുന്നു പോലീസ് വിശദീകരണം. ഇതിനുപിന്നാലെയാണ് എസ്‌ഐ അടക്കം മൂന്നുപേര്‍ക്ക് സസ്‌പെന്‍ഷന്‍ കിട്ടിയത്. ദളിത് വിഭാഗത്തില്‍ പെട്ട തങ്ങളെ എവിടെ കണ്ടാലും തല്ലാം എന്ന ബോധമാവും എസ്‌ഐക്കുള്ളതെന്ന് മര്‍ദ്ദനമേറ്റ യാത്രക്കാര്‍ പ്രതികരിച്ചു.
'ഒരുമനുഷ്യനോടും ചെയ്യാന്‍ പാടില്ലാത്തതാണ് പോലീസ് ചെയ്തത്. സ്ത്രീകളടക്കമുള്ള സംഘമായിരുന്നു. അകാരണമായാണ് മര്‍ദിച്ചത്. ജീപ്പില്‍ വന്നിറങ്ങി ഓടെടാ എന്ന് പറഞ്ഞ് അടിക്കുകയായിരുന്നു. എന്താണ് കാരണമെന്ന് ചോദിച്ചിട്ട് മറുപടിയുണ്ടായിരുന്നില്ല. ഓടിയ ഞാനും ഭാര്യം നിലത്തുവീണു. എന്നിട്ടും മര്‍ദനം തുടര്‍ന്നു. കൂടെയുണ്ടായിരുന്ന ആളുടെ തുട അടിച്ചുപൊട്ടിച്ചു. ഭാര്യയുടെ തോളിനും കൈക്കും പരിക്കുണ്ട്', പരിക്കേറ്റ ശ്രീജിത്ത് പറഞ്ഞു.
തലയടിച്ചുപൊട്ടിച്ചു. തലയ്ക്ക് പരിക്കേല്‍ക്കുക എന്ന് പറഞ്ഞാല്‍ കൊലപാതകശ്രമം തന്നെയാണ്. ആ നിലയ്ക്കുള്ള കേസ് എസ്.ഐക്കെതിരെ എടുക്കണം. ഞങ്ങള്‍ ദളിത് വിഭാഗത്തില്‍നിന്നുള്ളവരാണ്. ഞങ്ങളെ എവിടെ കണ്ടാലും തല്ലാം എന്ന ബോധമാവും അയാള്‍ക്കുള്ളത്. അത് ഒരിക്കലും അംഗീകരിച്ചുകൊടുക്കില്ല. ഏതറ്റവരേയും ഇതിനെതിരെ പോവും. പുള്ളിയുടെ ജോലിതന്നെ പോണം, ഞങ്ങളെ ആരൊക്കെ ആക്രമിച്ചോ അവരൊന്നും ജോലിയില്‍ ഉണ്ടാവാന്‍ പാടില്ല', ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.
സ്ഥലംമാറ്റ നടപടിയില്‍ തൃപ്തയല്ലെന്ന് പരിക്കേറ്റ സിത്താരയും പറഞ്ഞു. 'അത്രയും ഞങ്ങള്‍ അനുഭവിച്ചു. ഒന്നരമാസത്തെ വിശ്രമമാണ് എനിക്ക് നിര്‍ദേശിച്ചിരിക്കുന്നത്. ഇത്രയും ബുദ്ധിമുട്ടിച്ച കാര്യത്തില്‍ ഇത്രയും നിസ്സാരമായ നടപടിയില്‍ സംതൃപ്തരല്ല. എസ്.സി/ എസ്.ടി പീഡനനിരോധന നിയമപ്രകാരമുള്ള കേസും എടുക്കണം', അവര്‍ ആവശ്യപ്പെട്ടു.
എസ്‌ഐയ്ക്ക് ഗുരുതര വീഴ്ചയെന്നാണ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ രണ്ടു കേസുകള്‍ പൊലീസ് റജിസ്റ്റര്‍ ചെയ്തു. മര്‍ദനമേറ്റ സിതാരയുടെ പരാതിയില്‍ പൊലീസിനെതിരെയും ബാര്‍ ജീവനക്കാരുടെ പരാതിയില്‍ ബാറില്‍ പ്രശ്‌നമുണ്ടാക്കിയ 10 പേര്‍ക്കെതിരെയുമാണ് കേസ്. വിഷയത്തില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
മുണ്ടക്കയം പുഞ്ചവയല്‍ കുളത്താശേരിയില്‍ ശ്രീജിത്ത് (34), ഭാര്യ എരുമേലി നോര്‍ത്ത് തുലാപ്പളളി ചെളിക്കുഴിയില്‍ സി.ടി. സിതാര മോള്‍ (31), ആലപ്പുഴ നെഹ്റു ട്രോഫി വാര്‍ഡില്‍ ഷിജിന്‍ (35) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി പതിനൊന്നു മണിയോടെ അബാന്‍ ജങ്ഷനില്‍ വച്ച് പോലീസ് സംഘം പൊതിരെ തല്ലിയത്. പോലീസ് ഡ്രൈവര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ നടപടിയില്‍ നിന്നൊഴിവാക്കി.
അടൂരില്‍ സിതാരയുടെ സഹോദരന്റെ മകളുടെ വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്ത് ട്രാവലറില്‍ മടങ്ങിയ സംഘത്തിന് നേരെയായിരുന്നു പോലീസ് അതിക്രമം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മലയാലപ്പുഴ പുതുക്കുളം സ്വദേശിയെ കൂട്ടിക്കൊണ്ടു പോകാന്‍ ഭര്‍ത്താവ് എത്തി അബാന്‍ ജങ്ഷനില്‍ കാത്തു നിന്നിരുന്നു. ഇവരെ ഇറക്കി വിടാന്‍ വേണ്ടി വണ്ടി നിര്‍ത്തിയപ്പോള്‍ യുവതി അടക്കം അഞ്ചു പേര്‍ പുറത്തിറങ്ങി നിന്നു. സെല്‍ഫി എടുപ്പും മറ്റുമായി റോഡരികില്‍ നിന്ന ഇവരെ പാഞ്ഞെത്തിയ പോലീസ് വാഹനത്തില്‍ നിന്ന് മഫ്തി വേഷത്തില്‍ ചാടിയിറങ്ങിയ എസ്.ഐയും സംഘവും പൊതിരെ തല്ലുകയായിരുന്നു.
ഓടെടാ എന്ന് പറഞ്ഞ് പിന്നാലെ ചെന്ന് എല്ലാവരെയും തല്ലി. ഇതിനിടെ സിതാരയക്ക് മര്‍ദനം ഏല്‍ക്കാതിരിക്കാന്‍ സഹോദരനായ ഷിജിന്‍ ശ്രമിച്ചു. പോലീസിനെ ഭയന്നോടിയ സിതാര ഇതിനിടെ വീണു. സിതാരയെ നിലത്തിട്ട് ബൂട്ടിട്ട് ചവിട്ടിയെന്നും പറയുന്നു. ഷിജിനെയും പൊതിരെ തല്ലി. എന്തിനാണ് വെറുതെ നിന്നവരെ തല്ലുന്നത് എന്ന് ചോദിച്ച ശ്രീജിത്തിനും അടി കിട്ടി. ഏതാനും മിനുട്ടുകള്‍ നീണ്ട മിന്നലാക്രമണത്തിന് ശേഷം പോലീസ് വന്ന വഴിക്ക് പോയി. പരുക്കേറ്റവരെ അവര്‍ വന്ന വാഹനത്തില്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. സിതാരയുടെ തോളെല്ലിന് പൊട്ടലേറ്റു. ശ്രീജിത്തിന്റെ തലയ്ക്കാണ് പൊട്ടല്‍. ഷിജിന് മേലാസകലം അടിയേറ്റു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വരുന്നതു വരെ ലാത്തിച്ചാര്‍ജിനെ പോലീസ് നിസാരവല്‍ക്കരിക്കുകയാണ് ഉണ്ടായത്. എന്നാല്‍, ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പോലീസ് ബാക്ഫുട്ടിലായി.