ബന്ധുവിന്റെ കുട്ടിയുടെ പിറന്നാളിനെത്തി; ക്ഷേത്രക്കുളത്തില്‍ മുങ്ങിയപ്പോള്‍ നഷ്ടമായത് ഒന്നര പവന്റെ മാല; ഒരു ദിവസത്തെ പ്രയത്നത്തിനൊടുവില്‍ മുങ്ങിയെടുത്തു നല്‍കി പത്തനംതിട്ട സ്‌കൂബ ടീം

ഒരു ദിവസത്തെ പ്രയത്നത്തിനൊടുവില്‍ മുങ്ങിയെടുത്തു നല്‍കി പത്തനംതിട്ട സ്‌കൂബ ടീം

Update: 2025-03-16 04:56 GMT

അടൂര്‍: ബന്ധുവിന്റെ പിറന്നാളില്‍ സംബന്ധിക്കാനെത്തിയ യുവാവിന്റെ ഒന്നര പവന്റെ മാല കുളത്തില്‍ നഷ്ടമായി. രണ്ടു ദിവസത്തിന് ശേഷം ഫയര്‍ഫോഴ്്സ് സംഘം മാല മുങ്ങിയെടുത്തു. കോട്ടയം കുറവിലങ്ങാട് മുണ്ടിയാനിയില്‍ മനു സെബാസ്റ്റിയന്റെ മാലയാണ് പെരിങ്ങനാട് ചേന്നമ്പള്ളില്‍കാവ് ക്ഷേത്രക്കുളത്തില്‍ നഷ്ടപ്പെട്ടത്.

പത്തനംതിട്ട സ്‌കൂബാ ടീമിന്റെ ശ്രമകരമായ തെരച്ചിലിലൂടെ മാല കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 13 നാണ് പെരിങ്ങനാട്ടെ ബന്ധുവിന്റെ കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ കുടുംബസമേതം മനു എത്തിയത്. പെരിങ്ങനാട് കൊറ്റംകോട്ട് ചേന്നംപള്ളിക്കാവ് ശാസ്താക്ഷേത്രത്തിലെ ആറാട്ട് കുളത്തില്‍ കുളിക്കുന്നതിനിടെ മാല നഷ്ടമായി.

അന്ന് തന്നെ എല്ലാവരും കുറെ തെരഞ്ഞെങ്കിലും മാല കിട്ടിയില്ല. നേരം ഇരുട്ടിയതിനാല്‍ തെരച്ചില്‍ അവസാനിപ്പിച്ചു. 14 ന് അടൂര്‍ ഫയര്‍ സ്റ്റേഷന്റെ സേവനം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഫയര്‍ സ്റ്റേഷനില്‍ നിന്ന് ആവശ്യപ്പെട്ടതനുസരിച്ച് ഇവര്‍ ഇന്നലെ രാവിലെ നിലയത്തില്‍ നേരിട്ടെത്തുകയും, പത്തനംതിട്ട സ്‌കൂബാ ടീമംഗങ്ങളെ സംഭവസ്ഥത്തേക്ക് കൂട്ടിക്കൊണ്ടു പോകയും ചെയ്തു.

രാവിലെ 10 മണിയോടെ ടീമംഗങ്ങളായ എസ്.എഫ്.ആര്‍.ഓ പ്രേംകുമാര്‍ , സുജിത് നായര്‍, എഫ്.ആര്‍.ഓ ബി. ജിത്തു, ഡ്രൈവര്‍ രമാകാന്ത് എന്നിവര്‍ ചേര്‍ന്ന് കുളത്തില്‍ തെരച്ചില്‍ ആരംഭിച്ചു. വൈകിട്ട് 4.45 ഓടെ മാല കണ്ടെത്തി. തുടര്‍ന്ന് മനുവും ബന്ധുക്കളും കോട്ടയത്തേക്ക് മടങ്ങുകയും ചെയ്തു.

Tags:    

Similar News