കെ വി കുഞ്ഞിരാമന് പ്രായമായ അമ്മയുണ്ട്, പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗം; കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്ന് വാദം; പെരിയ ഇരട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷാ വിധി 12.15ന്; കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസിലെ വിധികാത്ത് കേരളം

കെ വി കുഞ്ഞിരാമന് പ്രായമായ അമ്മയുണ്ട്

Update: 2025-01-03 06:02 GMT

കൊച്ചി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാല്‍ (24) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി അല്‍പ്പ സമയത്തിനകം. ശിക്ഷാ വിധി 12.15 കോടതി വിധിക്കും. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ ശിക്ഷയാണ് സിബിഐ കോടതി വിധിക്കുക. പരാമവധി ശിക്ഷയില്‍ ഇളവു നല്‍കണമെന്ന് പ്രതികള്‍ കോടതിയില്‍ അഭ്യര്‍ഥിച്ചു.

കുറ്റക്കാരെന്ന് കണ്ടെത്തിയ മുന്‍ ഉദുമ എംഎല്‍എയും സി.പി.എം നേതാവുമായ കെ.വി കുഞ്ഞിരാമന്‍ അടക്കം 14 പേര്‍ക്കാണ് കൊച്ചി സിബിഐ കോടതി ശിക്ഷ വിധിക്കുക. രാഷ്ട്രീയവൈരാഗ്യം മൂലമാണ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയ എറണാകുളം പ്രത്യേക സി.ബി.ഐ കോടതി, കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. കുഞ്ഞിരാമന് പ്രായമായ അമ്മയുണ്ട്, അതുകൊണ്ട് പരാമവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടിയില്‍ വാദിച്ചു. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്നും, പ്രതകളാക്കപ്പെട്ട പലര്‍ക്കും ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും പ്രതിഭാഗം വാദിച്ചു.

കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ഇരട്ടക്കൊലപാതകത്തില്‍ മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന് പുറമെ ഡി.വൈ.എഫ്.ഐ നേതാവ് കെ. മണികണ്ഠന്‍, പാക്കം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാഘവന്‍ വെളുത്തോളി എന്നിവരും പ്രതികളാണ്. ഒന്നുമുതല്‍ എട്ടുവരെ പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായതായി കോടതി കണ്ടെത്തി.

വിചാരണ നേരിട്ട 24 പ്രതികളില്‍ 10 പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതേ വിട്ടിരുന്നു. ഒന്നാം പ്രതിയും പാക്കം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ എ. പീതാംബരന്‍, രണ്ടാം പ്രതി പീതാംബരന്റെ സഹായി സി.ജെ. സജി, മൂന്നാം പ്രതി കെ.എം. സുരേഷ്, നാലാം പ്രതി കെ. അനില്‍കുമാര്‍, അഞ്ചാം പ്രതി ജിജിന്‍, ആറാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി എ. അശ്വിന്‍, എട്ടാം പ്രതി സുബിന്‍, 10ാം പ്രതി ടി. രഞ്ജിത്, 15ാം പ്രതി വിഷ്ണു സുര, 22ാം പ്രതി കെ.വി. ഭാസ്‌കരന്‍ എന്നിവരെയാണ് പ്രത്യേക കോടതി ജഡ്ജി എന്‍. ശേഷാദ്രിനാഥന്‍ കുറ്റക്കാരായി കണ്ടെത്തിയത്. കെ. മണികണ്ഠന്‍ 14ാം പ്രതിയും രാഘവന്‍ വെളുത്തോളി 21ാം പ്രതിയുമാണ്. കേസിലെ രണ്ടാംപ്രതിയെ സ്റ്റേഷനില്‍നിന്ന് ബലമായി വിളിച്ചിറക്കി കൊണ്ടുപോയ കുറ്റമാണ് 20ാം പ്രതിയായ മുന്‍ എം.എല്‍.എ കുഞ്ഞിരാമനെതിരെ തെളിഞ്ഞത്.

ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ അടക്കം കുറ്റങ്ങള്‍ക്ക് വിചാരണ നേരിട്ട മുരളി, കുട്ടന്‍ എന്ന പ്രദീപ്, ആലക്കോട് മണി എന്ന ബി. മണികണ്ഠന്‍, എന്‍. ബാലകൃഷ്ണന്‍, ശാസ്ത മധു എന്ന എ. മധു, റജി വര്‍ഗീസ്, എ. ഹരിപ്രസാദ്, രാജു എന്ന പി. രാജേഷ്, ഗോപകുമാര്‍, പി.വി. സന്ദീപ് എന്ന സന്ദീപ് വെളുത്തോളി എന്നിവരെയാണ് കോടതി വെറുതെവിട്ടത്.

2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് പെരിയ കല്യോട്ട് വെച്ച് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ജീപ്പിലെത്തിയ അക്രമിസംഘം ഇവരെ ഇടിച്ചുതെറിപ്പിച്ച ശേഷം വെട്ടുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷമാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നെങ്കിലും കോടതി അന്വേഷണം ശരിവെക്കുകയായിരുന്നു.

Tags:    

Similar News