പെരിയ ഇരട്ടക്കൊലപാതക കേസിലെ നാല് പ്രതികള്‍ നാളെ ജയില്‍ മോചിതരാകും; വന്‍ സ്വീകരണമൊരുക്കാന്‍ സി.പിഎം നേതൃത്വം; ഉന്നത നേതാക്കള്‍ ഉള്‍പ്പെടെ കെ.വി കുഞ്ഞിരാമന്‍ അടക്കം നാലുപേരെ വരവേല്‍ക്കാനെത്തും

പെരിയ ഇരട്ടക്കൊലപാതക കേസിലെ നാല് പ്രതികള്‍ നാളെ ജയില്‍ മോചിതരാകും

Update: 2025-01-08 13:30 GMT

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലപാതക കേസില്‍ കൊച്ചി സിബിഐ കോടതി ശിക്ഷിച്ച സി.പി.എം നേതാക്കളുടെ ജയില്‍ മോചനം നാളെയുണ്ടാകും. ഹൈക്കോടതി ശിക്ഷാവിധി സ്റ്റേ ചെയ്ത ഉത്തരവ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാളെ എത്തിക്കും. രാവിലെ തന്നെ ജയില്‍ മോചിതരാകുമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പെരിയ ഇരട്ടക്കൊല കേസില്‍ സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 4 പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. അഞ്ച് വര്‍ഷം തടവിനാണ് കഴിഞ്ഞ ദിവസം സിബിഐ കോടതി ഇവരെ ശിക്ഷിച്ചത്. ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ ഉദുമ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, പ്രാദേശിക സിപിഎം നേതാക്കളായ കെ മണികണ്ഠന്‍, വെലുത്തോളി രാഘവന്‍, കെവി ഭാസ്‌കരന്‍ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഇവരുടെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് സിബിഐക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. അപ്പീലില്‍ വിശദമായ വാദം പിന്നീട് നടക്കും. അപ്പീലില്‍ അന്തിമ ഉത്തരവ് വരും വരെയാണ് സ്റ്റേ.

അഞ്ച് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു കഴിഞ്ഞ ദിവസം സിബിഐ കോടതി ഇവര്‍ക്ക് ശിക്ഷ വിധിച്ചത്.

കുറ്റകൃത്യം നടത്തിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചതായിരുന്നു ഇവര്‍ക്കെതിരെയുള്ള കുറ്റം. സ്റ്റേ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് നാളെ തന്നെ ജയില്‍മോചിതരാകാന്‍ കഴിയും.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തമായിരുന്നു ശിക്ഷ. ഇവരും വൈകാതെ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചേക്കും. കേസിലെ 1 മുതല്‍ 8 വരെ പ്രതികളായ എ പീതാംബരന്‍ (പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം), സജി സി ജോര്‍ജ്, കെഎം സുരേഷ്, കെ അനില്‍കുമാര്‍, ഗിജിന്‍, ആര്‍ ശ്രീരാഗ്, എ അശ്വിന്‍, സുബീഷ്, പത്താം പ്രതി ടി രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രന്‍ എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തവും മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

ഒന്നാം പ്രതി എ പീതാംബരന്‍ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. പ്രതികളിലൊരാളായ സജി സി ജോര്‍ജിനെ പൊലിസ് വാഹനത്തില്‍ നിന്നും മോചിപ്പിച്ചതിനാണ് കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ ശിക്ഷിച്ചത്. അതേസമയം പെരിയ ഇരട്ടക്കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതികളെ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി, മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ തുടങ്ങിയ നേതാക്കള്‍ ബുധനാഴ്ച്ച ഉച്ചയോടെ സന്ദര്‍ശിച്ചു.

Tags:    

Similar News