10 ഒട്ടകപാലിന്റെ സോപ്പിന് 5000 രൂപ; 4000 രൂപക്ക് ഹെര്‍ബല്‍ വൈന്‍; കോട്ടന്‍ ബെഡ് ഷീറ്റ് സെറ്റിന് 6000; 2000 രൂപക്ക് കോസ്മെറ്റിക് ബോട്ടില്‍; ഒരു ആവശ്യവുമില്ലാത്ത സാധനങ്ങള്‍ വാങ്ങിപ്പിച്ചുകൊണ്ട് മണി ചെയിന്‍ മോഡലില്‍ വില്‍പ്പന; ബോ ചെയക്കൊപ്പം ഫിജി കാര്‍ട്ട് തട്ടിപ്പും ചര്‍ച്ചയാമ്പോള്‍!
10 ഒട്ടകപാലിന്റെ സോപ്പിന് 5000 രൂപ; 4000 രൂപക്ക് ഹെര്‍ബല്‍ വൈന്‍
കോഴിക്കോട്: നടി ഹണി റോസ് നല്‍കിയ പരാതിയില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ ബോബി ചെമ്മണ്ണൂര്‍ ജാമ്യം നേടി പുറത്തു വരുമ്പോള്‍ നല്‍കിയ സ്വീകരണത്തിലുടെ വീണ്ടും ചര്‍ച്ചയാവുകയാണ്, ഫിജി കാര്‍ട്ട് എന്ന ഡയറക്ട് സെല്ലിംഗ് സ്ഥാപനം. ബോ ചെയുടെ നേതൃത്വത്തില്‍ തുടങ്ങിയ ഈ സ്ഥാപനത്തില്‍, വനിതകളാണ് കൂടുതല്‍. ഫലത്തില്‍ ഇവര്‍ ജ്വല്ലറി മുതലാളിയൂടെ പി ആര്‍ ടീമിനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഹൈക്കോടതി വിധിയെ പരിസഹിക്കുന്ന രീതിയിലാണ്, ഈ സ്വീകരണക്കാരില്‍ പലരും, മാധ്യമങ്ങളോട് സംസാരിച്ചത്.
തീര്‍ത്തും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഫിജി കാര്‍ട്ട് എന്ന് നേരത്തെ തന്നെ പരാതിയുണ്ട്. മണി ചെയിന്‍ മോഡല്‍ ബിസിനസ് വഴി ഈ സ്ഥാപനം വഴി കവര്‍ന്നെടുക്കുന്നതും കോടിക്കണക്കിന് രൂപയാണ്. ഈ പദ്ധതിയില്‍ അംഗത്വം എടുത്തവര്‍ക്ക് പലരും സാധനങ്ങള്‍ കിട്ടിയില്ലെന്ന് പോലും പരാതികളുണ്ട്. നേരത്തെ കേന്ദ്രസര്‍ക്കാറിന്റെ ഡയറക്ടര്‍ സെല്ലിംഗ് നിയമത്തില്‍ പഴുതുകള്‍ ഉണ്ടെന്ന് മനസ്സിലാക്കി നിലവിലെ നിയമം റദ്ദാക്കിയിരുന്നു. പിന്നാലെ ഡയറക്ട് സെല്ലിംഗിന് മാനദണ്ഡം ഉണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ സമിതിയെ നിയമിക്കാനാണ് കേന്ദ്രം നിര്‍ദേശിച്ചത്. കേരളാ ഗവണ്‍മെന്റ് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിനാണ് ഇതിന് ചുമതല കൊടുത്തത്. മാനദണ്ഡങ്ങള്‍ ഉണ്ടാക്കി അനുമതി കൊടുക്കേണ്ട ചുമതല അടക്കം സമിതിയില്‍ നിക്ഷിപ്തമായിരുന്ന്. എന്നാല്‍, ഇത് പ്രകാരം അപേക്ഷ കൊടുത്തിട്ടും, ഈ കമ്മറ്റി ഫിജി കാര്‍ട്ടിന് ഇതുവരെ അപ്രൂവല്‍ കൊടുത്തിട്ടില്ല. എന്നിട്ടും സ്ഥാപനം പ്രവര്‍ത്തിക്കയാണ്.
മണി ചെയിന്‍ മോഡല്‍ തന്നെ
ഡയറക്ട് മാര്‍ക്കറ്റിങും ഇകൊമേഴ്‌സ് വ്യാപാരവും സംയോജിപ്പിക്കുന്ന ലോകത്തെ ആദ്യ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം എന്ന അവകാശവാദത്തോടെയാണ് ബോബി ഫിജികാര്‍ട്ടിനെ അതരിപ്പിച്ചത്. 2016 ഒക്ടോബറില്‍ ദുബായിലാണ് ഫിസിക്കല്‍ ആന്‍ഡ് ഡിജിറ്റല്‍ മാതൃക (ഫിജിറ്റല്‍) ആദ്യമായി പരീക്ഷിച്ചത്. അവിടെ നേടിയ സ്വീകാര്യതയുടെ ചുവടുപിടിച്ചാണ് കേരളത്തിലും പരീക്ഷിച്ചതെന്നായിരുന്നു ബോബിയുടെ അവകാശവാദം. നിയമപരമായാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം എന്നാണ് ബോബി പറയുന്നത്.
പക്ഷേ ഫലത്തില്‍ ഇത് നിരോധിക്കപ്പെട്ട മണിചെയിന്‍ മോഡലിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു കാര്യവുമില്ലാത്ത സാധനങ്ങള്‍ വലിയ വിലക്ക് ഉപഭോക്താക്കളുടെ തലയിലേക്ക് അടിച്ചേല്‍പ്പിക്കയാണ്. അതുവഴി ലക്ഷക്കണക്കിന് രൂപയാണ് പലര്‍ക്കും നഷ്ടമായത്. മണി ചെയിന്‍പോലെ ബന്ധങ്ങള്‍ ചൂഷണം ചെയ്താണ് ഇതും പ്രവര്‍ത്തിക്കുന്നത്.
ഇതില്‍ ചേരുന്ന ഒരാള്‍ ആദ്യം ചെയ്യേണ്ടത്, 100 പോയിന്റ്സ് പര്‍ച്ചേസ് ചെയ്ത് ഇതില്‍ അംഗമാവുക എന്നാണ് എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ഈ 100 പോയിന്റ് കിട്ടാന്‍ കൊടുക്കേണ്ടത് 20,000-24,000 രൂപയാണ്. പിന്നെയാണ് മണി ചെയിന്‍ മോഡല്‍ തുടങ്ങുന്നത്. അതിനായി നിങ്ങള്‍ ഇടത്തും വല്ലതും ഒരാളെ ചേര്‍ക്കണം. അവരും ഇതും പോലെ 20000-24000 രൂപക്ക് പര്‍ച്ചേസ് ചെയ്യുമ്പോ നിങ്ങള്‍ക്ക് 2000 രൂപ കിട്ടും. പിന്നെ നിങ്ങള്‍ ഒരു ദിവസം 500 പോയിന്റ്സ്് ( ഏകദേശം ഒരു ലക്ഷം രൂപയ്ക്ക് ) നേടിയാല്‍ 10000 രൂപ കിട്ടും. പിന്നെ നിങ്ങളെ ലെഫ്റ്റും റൈറ്റും 1500 പോയിന്റ് വീതം കിട്ടിയാല്‍ ( ഏകദേശം 6 ലക്ഷം രൂപയ്ക്ക് വാങ്ങിയാല്‍ ) 30000 രൂപ കിട്ടും. ഒരു മാസത്തിലെ എല്ലാ ദിവസവും ഇത് പോലെ വാങ്ങിയാല്‍ നിങ്ങള്‍ക്ക് 9 ലക്ഷം കിട്ടും. ഇനി മന്ത്ലി പെര്‍ഫോമന്‍സ് ബോണസും ഉണ്ട്. അതായത് നമ്മുടെ ചെയിനില്‍ പുതിയ 3 പേര്‍ കടന്നു വരിക ആണെങ്കില്‍ നിങ്ങള്‍ക്ക് റാങ്ക് നിശ്ചയിച്ചു തരും. അങ്ങനെയും ഒരു 15,000 ഉണ്ടാക്കാം. മൊത്തത്തില്‍ 10 ലക്ഷം വരെ ഒരു മാസം സമ്പാദിക്കാമെന്നാണ് ഫിജി കാര്‍ട്ടിന്റെ ക്ലാസുകളില്‍ ഇവര്‍ തട്ടിവിടുന്നത്. അങ്ങനെ സമ്പാദിക്കുന്ന ഒന്ന് രണ്ടുപേരുടെ അനുഭവസാക്ഷ്യവും ഈ ക്ലാസുകളില്‍ ഉണ്ടാവും.
പക്ഷേ ലെഫ്റ്റും റൈറ്റും ചങ്ങല ചേര്‍ത്ത് കൊണ്ടുപോകുന്നത്, കൃത്യമായ മണിചെയിന്‍ പ്രവര്‍ത്തനം തന്നെയാണ്. ഇത് ഒരുഘട്ടത്തില്‍ പൊളിയുമെന്ന് ഉറപ്പാണ്. അതുകൊണ്ടാണ് ലോകവ്യാപകമായി തന്നെ പോണ്‍സി സ്‌കീമായി പരിഗണിച്ച് മണിചെയിന്‍ നിരോധിച്ചിട്ടുള്ളത്. എന്നാല്‍ ഇതിനെ പേരുമാറ്റി ഡയറക്ട് സെല്ലിങ്് എന്ന് പറഞ്ഞ്, ബോബി രക്ഷപ്പെടുകയാണ്. പക്ഷേ നൂറുകണക്കിന് ആളുകള്‍ക്ക് ഫിജികാര്‍ട്ടില്‍ ചേര്‍ന്ന് പണം നഷ്ടമായിട്ടുണ്ട്. ബന്ധങ്ങള്‍ ചൂഷണം ചെയ്താണ് ഇത് പ്രവര്‍ത്തിക്കുന്നത്. അതുവഴി സൗഹൃദവം ബന്ധവും നഷ്ടമായവരും ഒട്ടേറെ. നാട്ടില്‍പുറങ്ങളിലൊക്കെ ഇത് ഒരു സാമൂഹിക പ്രശ്നവും കൂടിയാവുകയാണ്.
ഒട്ടകപാലിന്റെ സോപ്പും കോസ്മെറ്റിക്ക് ബോട്ടിലും
ഇനി ഈ പ്രോഡക്റ്റ് എന്ന് പറഞ്ഞ് ഫിജി കാര്‍ട്ട് കൊടുക്കുന്നതും തീര്‍ത്തും അനാവശ്യമായ സാധനങ്ങളാണ്. ഒട്ടകപാലിന്റെ സോപ്പ്, ഹെര്‍ബല്‍ വൈന്‍, കോസ്മറ്റിക്ക് ബോട്ടില്‍ എന്നൊക്കെപ്പറഞ്ഞ്, ഒരുകാര്യവുമില്ലാത്ത സാധനങ്ങള്‍ നമ്മുടെ മേല്‍ അടിച്ചേല്‍പ്പിക്കയാണ്. 10 ഒട്ടക പാലിന്റെ സോപ്പ് 5000 രൂപക്ക് വാങ്ങിയാല്‍ നിങ്ങള്‍ക്ക് കിട്ടുക 25 പോയിന്‍സാണ്. കോട്ടന്‍ ബെഡ് ഷീറ്റ് സെറ്റ് 6000 രൂപക്ക് വാങ്ങിയാല്‍ 25 പോയിന്‍സ്. ഹെര്‍ബല്‍ വൈനിന് 4000 രൂപയാണ്. 2000 രൂപയാണ് ഒരു കോസ്മെറ്റിക് ബോട്ടിലിന് ഇതിന്റെ ഗുണ നിലവാരമെന്നും ആര്‍ക്കുമറിയില്ല. ഒട്ടകപാലിന്റെ സോപ്പില്‍ അതുണ്ടോ എന്നുപോലും അറിയില്ല.
ഇനി മനുഷ്യന്മാര്‍ക്ക് ഉപകാരമുള്ള, ഫിജികാര്‍ട്ട് സാധനങ്ങള്‍ കുറവാണ്. ജീരകം, മുതിര, ഏലക്കപോലുള്ള ഏതാനും സാധനങ്ങള്‍ വാങ്ങിയാല്‍ പോയിന്‍സ് തീരെ കുറവാണ് കിട്ടുക. ആര്യസൂക്ത , സ്ലീവ് ലൈന്‍ എന്ന ഇവരുടെ ഉഡായിപ്പ് ഉത്പന്നങ്ങളാണ് ഏറെയും. ചുരക്കിപ്പറഞ്ഞാല്‍ ലക്ഷങ്ങള്‍ കൈപ്പറ്റികൊണ്ട് ഒരു ആവശ്യവുമില്ലാത്ത സാധനങ്ങള്‍ വാങ്ങിപ്പിക്കയാണ് നടക്കുന്നത്. പക്ഷേ ഇതിലൂടെ സ്ത്രീകളുടെ അടക്കം വലിയൊരു നെറ്റ്വര്‍ക്കാണ് ബോബി കെട്ടിപ്പടുത്തിരിക്കുന്നത്. പരേക്ഷമായി ബോ ചെ ഫാന്‍സായി പ്രവര്‍ത്തിക്കുന്നതും ഇവര്‍ തന്നെ.
ഫിജികാര്‍ട്ടില്‍ അംഗങ്ങളായവരാണ് ബോബിക്ക് സിന്ദാബാദ് വിളിച്ച കാക്കനാട് ജില്ലാ ജയിലില്‍ എത്തിയവരില്‍ ഏറെയും. എന്നും ബോച്ചേയ്ക്കൊപ്പം എന്നെഴുതിയ പ്ലക്കാര്‍ഡുകളും പോസ്റ്ററുകളുമായിട്ടാണ് ഫിജികാര്‍ട്ടിലെ വനിതാ ജീവനക്കാര്‍ എത്തിയത്. രണ്ട് ദിവസമായി തന്നെ ഇവര്‍ക്ക് ജയിലിന് മുന്നിലെത്താന്‍ വാട്സാപ്പ് ഗ്രൂപ്പിലുടെ നിര്‍ദേശം നല്‍കിയിരുന്നതായും അറിയുന്നുണ്ട്.