ഇഡി സമന്‍സ് വാങ്ങാതെ വിട്ട ക്ലിഫ് ഹൗസ്; കിട്ടാത്ത സമന്‍സ് പാര്‍ട്ടിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ടോ എന്ന ചര്‍ച്ചയും സിപിഎമ്മില്‍ സജീവം; ലാവ്‌ലിന്‍ കേസിലെ ഇഡി തുടര്‍ നടപടികള്‍ ഇനി സുപ്രീംകോടതിയുടെ തീരുമാനം അറിഞ്ഞ ശേഷം മാത്രം; 'മകന്‍ മാഹാത്മ്യം' പിണറായി ചര്‍ച്ചയാക്കുമ്പോള്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് 2023 ല്‍ സമന്‍സ് അയച്ചിരുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സ്ഥിരീകരിക്കുമ്പോഴും ഇനി നടപടികള്‍ക്ക് സാധ്യത കുറവ്. പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയായിരിക്കെ ഉള്‍പ്പെട്ട എസ്എന്‍സി ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ടാണ് മകനെ വിളിപ്പിച്ചതെന്നാണ് സൂചന. ലാവ്‌ലിന്‍ കേസില്‍ എട്ടാം പ്രതിയായിരുന്ന പിണറായി വിജയന്‍ അടക്കം 3 പേരെ 2013ല്‍ തിരുവനന്തപുരം സിബിഐ കോടതി വിചാരണയ്ക്കു മുന്‍പു തന്നെ കുറ്റവിമുക്തരാക്കിയിരുന്നു. 2017 ഓഗസ്റ്റില്‍ കേരള ഹൈക്കോടതിയും ഇതു ശരിവച്ചു. ഇതിനെതിരായ സിബിഐ അപ്പീല്‍ ദീര്‍ഘകാലമായി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ കോടതി വിധിക്ക് ശേഷമേ ഇനി ഇഡി ഈ ഫയല്‍ തുറക്കൂ. അഴിമതി പണം കിട്ടിയതിന് തെളിവില്ലെന്ന് പറഞ്ഞാണ് പിണറായി വിജയനെ ലാവ്‌ലിന്‍ കേസില്‍ നിന്നും കുറ്റവിമുക്തനാക്കിയത്. ഈ സാഹചര്യത്തില്‍ ഇഡിക്ക് മുന്നിലുള്ള പരാതിയില്‍ അന്വേഷണം നടന്നാല്‍ അത് ലാവ്‌ലിന്‍ കേസിനെ തന്നെ മാറ്റി മറിക്കും.
മകള്‍ക്കെതിരെ പലതും ഉയര്‍ത്തിക്കൊണ്ടുവരാന്‍ നോക്കിയിട്ട് ഏശാതെ വന്നപ്പോള്‍, മര്യാദയ്ക്കു ജോലിയുമെടുത്തു കഴിയുന്ന മകനെ വിവാദത്തില്‍ ഉള്‍പ്പെടുത്താന്‍ നോക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുകയും ചെയ്യുന്നു. 'അധികാരത്തിന്റെ ഇടനാഴികളില്‍ എത്ര മുഖ്യമന്ത്രിമാരുടെ മക്കളെ മാധ്യമങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്റെ മകനെ അവിടെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ-ഇതാണ് മുഖ്യമന്ത്രിയുടെ ചോദ്യം. മുഖ്യമന്ത്രിയുടെ മകന്‍ ഇഡി നോട്ടിസ് വന്ന വിവരം സിപിഎം അറിഞ്ഞിരുന്നില്ല. അതിനിടെ നോട്ടീസ് നല്‍കിയെങ്കിലും ആരോപണത്തില്‍ കഴമ്പില്ലാത്തതു കൊണ്ട് ഇഡി മിണ്ടാതിരുന്നുവെന്നും വാര്‍ത്തകളെത്തി. ഈ സാഹചര്യത്തിലാണ് തന്റെ മകന് നോട്ടീസ് കിട്ടിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത്. കിട്ടാത്ത നോട്ടീസ് പാര്‍ട്ടിയെ അറിയിക്കേണ്ട ബാധ്യത പിണറായിയ്ക്കും ഇല്ല. എന്നാല്‍ ഈ നോട്ടീസ് വാങ്ങാതെ മടക്കിയെന്നതാണ് വസ്തുത. രണ്ടാമതും നോട്ടീസ് ഇഡി അയച്ചില്ലെന്നും സൂചനകളുണ്ട്.
ഇ.ഡിയുടെ വെബ്‌സൈറ്റില്‍ ഇപ്പോഴും വിവേകിന്റെ പേരിലുള്ള സമന്‍സിനുമേല്‍ രണ്ടരവര്‍ഷത്തിനിടെ എന്തു നടപടിയുണ്ടായെന്നതിനു വിശദീകരണമില്ല. ലാവ്‌ലിന്‍ കേസുമായി വിവേക് കിരണിനുള്ള ബന്ധമെന്താണെന്നും വ്യക്തമാക്കിയിട്ടില്ല. അങ്ങനെ സര്‍വ്വത്ര ദുരൂഹമായി മാറുകായണ് ഈ സമന്‍സ്. ഈ സമന്‍സ് ക്ലിഫ് ഹൗസില്‍ എത്തിയിരുന്നു. എന്നാല്‍ വിവേക് അവിടെ ഇല്ലെന്ന് പറഞ്ഞു സമന്‍സ് വാങ്ങിയില്ല. അങ്ങനെ വാങ്ങാതെ വിട്ട സമന്‍സിനെയാണ് മകന്‍ സമന്‍സ് കിട്ടിയില്ലെന്ന പിണറായിയുടെ വാദം ചര്‍ച്ചയാക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇസിഐആര്‍) നമ്പര്‍ കെസിസെഡ്ഒ022020 പ്രകാരം റജിസ്റ്റര്‍ ചെയ്ത ലാവ്ലിന്‍ കേസിലാണ് വിവേക് 2023 ഫെബ്രുവരി 14നു ഹാജരാകണമെന്ന് ഇ.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ പി.കെ.ആനന്ദ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കു സമന്‍സ് അയച്ചത്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കേസുകളിലെ ചോദ്യംചെയ്യലിനിടയില്‍ പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യ മൊഴിയുടെയും ക്രൈം മാസിക എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ നല്‍കിയ പരാതിയുടെയും അടിസ്ഥാനത്തിലായിരുന്നു സമന്‍സ് എന്നാണ് ഇ.ഡി വൃത്തങ്ങള്‍ പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനു സ്വര്‍ണക്കടത്ത്, ഡോളര്‍കടത്ത്, ലൈഫ് മിഷന്‍, ലാവ്‌ലിന്‍ കേസുകളില്‍ പങ്കുണ്ടെന്നും എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും വിവിധ കേസുകളുമായി ബന്ധപ്പെട്ടുള്ള രഹസ്യമൊഴികളില്‍ സ്വപ്ന ആരോപിച്ചിരുന്നു.1996ല്‍ സംസ്ഥാന സര്‍ക്കാരിനു 374 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ എസ്എന്‍സി ലാവ്ലിന്‍ കരാര്‍ സംബന്ധിച്ച നിര്‍ണായക രേഖകള്‍ ശിവശങ്കര്‍ 2013 ല്‍ കെഎസ്ഇബി ചെയര്‍മാനായ ഘട്ടത്തില്‍ നശിപ്പിച്ചതായി അറിയാമെന്നും സ്വപ്ന മൊഴി നല്‍കിയിരുന്നു. ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് 2006 ല്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിനു (ഡിആര്‍ഐ) ക്രൈം മാസിക എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ നല്‍കിയ പരാതിയില്‍ സമാന ആരോപണങ്ങളുണ്ടായിരുന്നെങ്കിലും കേസ് റജിസ്റ്റര്‍ ചെയ്തിരുന്നില്ല. അന്വേഷണം ആവശ്യപ്പെട്ട് നന്ദകുമാര്‍ കേന്ദ്ര ആഭ്യന്തര, ധന മന്ത്രാലയങ്ങള്‍ക്കു വീണ്ടും കത്തയച്ചു. നന്ദകുമാറിന്റെ ആരോപണങ്ങള്‍ സ്വപ്ന സുരേഷും ആവര്‍ത്തിച്ചതോടെ ലാവ്ലിന്‍ കേസില്‍ ഇ.ഡി എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് റജിസ്റ്റര്‍ ചെയ്ത് നന്ദകുമാറിന്റെ മൊഴിയെടുത്തിരുന്നു. ഈ കേസിലാണ് സമന്‍സ്.
ഈ മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണു ലൈഫ് മിഷന്‍ കേസില്‍ ശിവശങ്കറിനെ ഇ.ഡി കൊച്ചി ഓഫിസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്ത്. വിവേക് കിരണിനോടും ഇതേ ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. അന്നു രാത്രി ശിവശങ്കര്‍ അറസ്റ്റിലാകുകയും ചെയ്തു. പ്രതിയാക്കണോ സാക്ഷിയാക്കണോയെന്ന് ചോദ്യംചെയ്യലിനൊടുവില്‍ തീരുമാനിക്കുന്നതാണ് ഇ.ഡിയുടെ രീതി. ഈ വിവാദത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത് സൈബറിടത്ത് വലിയ ചര്‍ച്ചയാണ്. ക്ലിഫ് ഹൗസിനെത്ര മുറിയുണ്ട് എന്നു പോലും അന്വേഷിച്ചറിയാത്തയാളാണു മകന്‍. ജോലി, വീട് എന്നതാണു രീതി. പൊതുപ്രവര്‍ത്തന രംഗത്തില്ല. തെറ്റായ ഒരു കാര്യത്തിനും ഇതുവരെ പോയിട്ടില്ല. ഏതച്ഛനും ഏതു മകനെക്കുറിച്ചും അഭിമാനബോധമുണ്ടാകും. എന്റേതു പ്രത്യേകതരത്തിലുള്ള അഭിമാനബോധമാണ്. എന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും ശീലത്തിനും നിരക്കാത്ത ഒരു പ്രവൃത്തിയും മക്കളാരും ചെയ്തിട്ടില്ല' മുഖ്യമന്ത്രി പറഞ്ഞു.
പിണറായി വിജയന്‍, മകന്‍, വിവേക് കിരണ്‍