സ്വര്‍ണ്ണപ്പാളി ചെന്നൈയിലെ വീട്ടിലെത്തി; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ 'ഐശ്വര്യ' പൂജയില്‍ താരം വീണു; ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം കടത്തിയതിന് നിര്‍ണ്ണായക തെളിവായി മാറും ജയറാമിന്റെ മൊഴി; സ്വര്‍ണ്ണക്കൊള്ളയില്‍ പോറ്റി കുടുക്കി താരത്തിന്റെ വെളിപ്പെടുത്തല്‍; ജയറാം പ്രതിയാകില്ല

Update: 2026-01-30 03:35 GMT

ചെന്നൈ: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നടന്‍ ജയറാം നിര്‍ണ്ണായക സാക്ഷിയാകും. ചെന്നൈയിലെ വീട്ടിലെത്തി പ്രത്യേക അന്വേഷണ സംഘം എടുത്ത മൊഴിയില്‍, സ്വര്‍ണ്ണപ്പാളികള്‍ തന്റെ വീട്ടിലെത്തിച്ചിരുന്നുവെന്ന് ജയറാം സ്ഥിരീകരിച്ചു. ഇതോടെ സന്നിധാനത്ത് ഇരിക്കേണ്ട സ്വര്‍ണ്ണപ്പാളികള്‍ ചെന്നൈയിലേക്ക് കടത്തി എന്ന പോലീസിന്റെ കണ്ടെത്തല്‍ ശരിയാണെന്ന് തെളിയുകയാണ്.

ജയറാമിനെതിരെ നിലവില്‍ അന്വേഷണ സംഘം നടപടികളൊന്നും ആലോചിക്കുന്നില്ല. പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായോ മറ്റുള്ളവരുമായോ ജയറാമിന് യാതൊരുവിധ സാമ്പത്തിക ഇടപാടുകളും ഇല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കേവലം വിശ്വാസപരമായ ഇടപെടലുകള്‍ മാത്രമാണ് താരം നടത്തിയത്. കോടതിയില്‍ മൊഴി നല്‍കാമെന്ന് ജയറാം സമ്മതിച്ചതോടെ കേസിലെ പ്രധാന സാക്ഷിയായി അദ്ദേഹം മാറും.

കഴിഞ്ഞ 40 വര്‍ഷമായി ശബരിമല ദര്‍ശനം നടത്തുന്ന ജയറാമിന് അവിടെ വച്ചുള്ള പരിചയമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉണ്ടായിരുന്നത്. ശബരിമല ശ്രീകോവിലിലേക്ക് പുതുതായി നിര്‍മ്മിച്ച സ്വര്‍ണ്ണപ്പാളികള്‍ ചെന്നൈയിലെ വീട്ടില്‍ പൂജയ്ക്ക് വച്ചാല്‍ വലിയ ഐശ്വര്യമുണ്ടാകുമെന്ന് പോറ്റി ജയറാമിനെ വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ചാണ് ജയറാം പൂജയ്ക്ക് തയ്യാറായത്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ സ്വര്‍ണ്ണപ്പാളികള്‍ പൂജിച്ചപ്പോഴും കോട്ടയം ഇളംപ്പള്ളി ക്ഷേത്രത്തിലെ ഘോഷയാത്രയിലും താന്‍ പങ്കെടുത്തതായി ജയറാം മൊഴി നല്‍കി. സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, കേസിലെ പ്രതിയായ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ സ്വാഭാവിക ജാമ്യത്തിനായി ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. റിമാന്‍ഡ് കാലാവധി 90 ദിവസം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഈ നീക്കം. താന്‍ ബോര്‍ഡിന്റെ തീരുമാനം നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നാണ് സുധീഷ് കുമാറിന്റെ വാദം. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ഉടന്‍ ജാമ്യാപേക്ഷ നല്‍കും. ജയറാമിന്റെ മൊഴി പുറത്തുവന്നതോടെ പോറ്റിയുടെ ജാമ്യനീക്കങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് സൂചന.

കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പരിചയമുണ്ടെന്നും ശബരിമലയില്‍ വെച്ചുള്ള ബന്ധമാണെന്നുമാണ് ജയറാം അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്. തട്ടിപ്പില്‍ പങ്കില്ലെന്നും ജയറാം പറഞ്ഞു. പാളികള്‍ പൂജിച്ച മൂന്ന് ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കിയ ജയറാം പോറ്റി പലതവണ തന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്നും മൊഴി നല്‍കിയിട്ടുണ്ട്. ശബരിമലയില്‍ നിന്ന് അറ്റകുറ്റപ്പണിക്കായി പുറത്ത് കൊണ്ടുപോയി എന്ന് കരുതുന്ന സ്വര്‍ണപ്പാളിയും ദ്വാരപാലക ശില്‍പവും ഉണ്ണികൃഷ്ണന്‍ പോറ്റി ജയറാമിന്റെ വീടുകളിലടക്കം പ്രദര്‍ശിപ്പിക്കുകയും പൂജക്ക് വെക്കുകയും ചെയ്തിരുന്നു. നടന്‍ ജയറാം,ഗായകന്‍ വീരമണി തുടങ്ങിയവര്‍ പൂജയില്‍ പങ്കെടുത്തിരുന്നു. 2019 ല്‍ ചെന്നൈയില്‍ നടന്ന പൂജയുടെ ദൃശ്യങ്ങളും കേസിനിടെ പുറത്ത് വന്നിരുന്നു.

സംഭവം വിവാദമായതോടെ ശബരിമലയിലെ സ്വര്‍ണപ്പാളി തന്റെ വീട്ടിലെത്തിക്കാന്‍ പാടില്ലായിരുന്നുവെന്ന് ജയറാം പ്രതികരിച്ചിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ നിന്നുള്ള പരിചയമാണെന്നും തന്റെ കൈയില്‍ നിന്ന് ഒരുരൂപപോലും വാങ്ങിയിട്ടില്ലെന്നും അന്ന് ജയറാം പറഞ്ഞിരുന്നു. അയ്യന്റെ മുതല്‍ കട്ടിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും ജയറാം അന്ന് പറഞ്ഞിരുന്നു. സ്വര്‍ണപ്പാളിയില്‍ പൂജ നടത്താനായത് എന്റെ ജീവിതത്തിലെ മഹാഭാഗ്യമായാണ് കരുതിയതെന്നും ഇതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും സഹകരിക്കുമെന്നും അന്ന് ജയറാം വ്യക്തമാക്കുകയും ചെയ്തിരുന്നു.

Tags:    

Similar News