ഒരു കോടി രൂപ മുടക്കി സിനിമ നിര്‍മ്മിക്കുമ്പോള്‍ തന്നെ 18 ലക്ഷം രൂപ ജിഎസ്ടിയായി നല്‍കണം; ടിക്കറ്റിന്മേല്‍ 18% ജിഎസ്ടിയും 8.5% അഡീഷണല്‍ നികുതിയും നല്‍കണം! സജി ചെറിയാനെ വിശ്വസിച്ചവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി; മലയാള സിനിമയില്‍ സമരം ഉറപ്പ്
കൊച്ചി: മലയാള സിനിമ വീണ്ടും സമരത്തിലേക്ക്. മലയാള സിനിമയെ രക്ഷിക്കുമെന്ന് ഉറപ്പു നല്‍കി സമരത്തില്‍ നിന്ന് പിന്തിരിപ്പിച്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ തങ്ങളെ വഞ്ചിച്ചുവെന്ന ആരോപണവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്തു വരുന്നത് സമര സാധ്യതയാണ് ചര്‍ച്ചയാക്കുന്നത്.
ജനുവരി 21-ന് നടത്താനിരുന്ന സിനിമ പണിമുടക്ക് പിന്‍വലിക്കാന്‍ കാരണമായ ഉറപ്പുകളൊന്നും ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ഇടംപിടിച്ചില്ല. ഇരട്ട നികുതി ഉള്‍പ്പെടെയുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാത്ത പക്ഷം വീണ്ടും ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് സിനിമാ സംഘടനകളുടെ തീരുമാനം.
സിനിമ ടിക്കറ്റുകള്‍ക്ക് മേല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഈടാക്കുന്ന വിനോദ നികുതി ഒഴിവാക്കണമെന്നതായിരുന്നു നിര്‍മ്മാതാക്കളുടെ പ്രധാന ആവശ്യം. നിലവില്‍ ജിഎസ്ടിക്ക് പുറമെ ഈ അധിക നികുതി കൂടി നല്‍കേണ്ടി വരുന്നത് സിനിമാ വ്യവസായത്തെ തകര്‍ക്കുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
ജനുവരി 21-ലെ സൂചന പണിമുടക്കിന് മുന്നോടിയായി മന്ത്രി സജി ചെറിയാന്‍ നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും ബജറ്റില്‍ പരിഹാരം കാണുമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ബജറ്റ് വന്നപ്പോള്‍ സിനിമയെ സംബന്ധിച്ച കാതലായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല.
ഇന്ത്യയില്‍ മറ്റൊരു ഉല്‍പ്പന്നത്തിനും ഇല്ലാത്ത രീതിയില്‍ 47 ശതമാനത്തോളം നികുതിയാണ് മലയാള സിനിമയ്ക്ക് നല്‍കേണ്ടി വരുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഒരു കോടി രൂപ മുടക്കി സിനിമ നിര്‍മ്മിക്കുമ്പോള്‍ തന്നെ 18 ലക്ഷം രൂപ ജിഎസ്ടിയായി നല്‍കണം. ഇതിന് പുറമെ ടിക്കറ്റിന്മേല്‍ 18% ജിഎസ്ടിയും 8.5% അഡീഷണല്‍ നികുതിയും നല്‍കണം. ക്ഷേമനിധി, കെഎസ്എഫ്ഡിസി വിഹിതം എന്നിവ കൂടി ചേരുമ്പോള്‍ നിര്‍മ്മാതാക്കള്‍ വന്‍ കടക്കെണിയിലാകുന്നു.
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ഇടതു സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും വരും ദിവസങ്ങളില്‍ ഫിലിം ചേംബറുമായി ആലോചിച്ച് സമര പരിപാടികള്‍ പ്രഖ്യാപിക്കുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.
