സീറ്റുകള്‍ ബലമായി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് മുതിര്‍ന്നാല്‍ മുന്നണി മാറ്റം ഉള്‍പ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് ജോസഫ് കടക്കും; ഇടുക്കിയും ഏറ്റുമാനൂരും ചങ്ങനാശേരിയും കുട്ടനാടും കോണ്‍ഗ്രസിന് വേണം; അടിയന്തര യോഗം വിളിച്ച് ജോസഫ് ഗ്രൂപ്പ്; യുഡിഎഫിലെ കേരളാ കോണ്‍ഗ്രസ് എങ്ങോട്ട്?
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസഫിന്റെ അടിയന്തര നേതൃയോഗം നാളെ നടക്കും. അതിനിടെ കേരള കോണ്‍ഗ്രസില്‍നിന്ന് നാല് നിയമസഭാ സീറ്റുകള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നുവെന്ന വാര്‍ത്തയും വരുന്നു. ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച ഇടുക്കി, ഏറ്റുമാനൂര്‍, ചങ്ങനാശേരി, കുട്ടനാട് എന്നീ നാല് സീറ്റുകളാണ് കോണ്‍ഗ്രസ് തിരികെ ആവശ്യപ്പെടുന്നത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ യുഡിഎഫില്‍ എത്തിക്കാന്‍ നീക്കം സജീവമാണ്. ഇതിനിടെയാണ് ജോസഫ് ഗ്രൂപ്പിനെ പ്രകോപിപ്പിക്കുന്നത്.
കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളില്‍ രണ്ട് സീറ്റൊഴികെ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ നീക്കം. ഈ നാല് മണ്ഡലങ്ങളിലും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വിജയസാധ്യത ഇല്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ തിരുവല്ല സീറ്റില്‍ കോണ്‍ഗ്രസ് അവകാശ വാദം ഉന്നയിക്കുന്നുമില്ല. നാലു സീറ്റുകള്‍ ഏറ്റെടുത്താല്‍ കേരളാ കോണ്‍ഗ്രസിന് അത് കടുത്ത നഷ്ടമാകും. ഈ സാഹചര്യത്തിലാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ യോഗം നിര്‍ണ്ണായകമാകുന്നത്. നാലു സീറ്റുകള്‍ ഏറ്റെടുത്താല്‍ കടുത്ത നിലപാടിലേക്ക് കേരളാ കോണ്‍ഗ്രസ് പോകും. മുന്നണി മാറാന്‍ പോലും സാധ്യതയുണ്ട്.
പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പഠനത്തിന്റെയും അവലോകനത്തിന്റെയും അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് നാലു സീറ്റുകള്‍ ഏറ്റെടുക്കണമെന്ന നിലപാടിലേക്ക് എത്തിയത്. കോണ്‍ഗ്രസ് നേരിട്ട് മത്സരിച്ചാല്‍ ഈ സീറ്റുകള്‍ ഉറപ്പായും വിജയിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. തിരുവല്ലയിലും കോണ്‍ഗ്രസ് മത്സരിക്കണമെന്ന അഭിപ്രായം സജീവമാണ്. എന്നാല്‍ ഈ സീറ്റില്‍ കോണ്‍ഗ്രസ് കടുംപിടിത്തം പിടിക്കുന്നുമില്ല.
ഈ നീക്കത്തില്‍ കടുത്ത പ്രതിഷേധവുമായി ജോസഫ് വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. സാഹചര്യം ചര്‍ച്ച ചെയ്യാനാണ് പാര്‍ട്ടി നാളെ അടിയന്തര നേതൃയോഗം വിളിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തു സീറ്റുകളില്‍ മത്സരിച്ച ജോസഫ് വിഭാഗത്തിന് വെറും രണ്ട് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. തൊടുപുഴയിലും കടുത്തുരുത്തിയിലും മാത്രം. പരാജയപ്പെട്ട നാല് മണ്ഡലങ്ങളിലും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഇത്തവണയും വിജയസാധ്യത കുറവാണെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു.
നാല് സീറ്റുകള്‍ നഷ്ടപ്പെടുന്നത് പാര്‍ട്ടിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് ജോസഫ് വിഭാഗം. സീറ്റുകള്‍ വിട്ടുനല്‍കില്ലെന്ന് പി.ജെ. ജോസഫ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെച്ചെന്നാണ് അവരുടെ അവകാശവാദം. സീറ്റുകള്‍ ബലമായി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് മുതിര്‍ന്നാല്‍, മുന്നണി മാറ്റം ഉള്‍പ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് പാര്‍ട്ടി നീങ്ങിയേക്കും.
