ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിലൂടെയുള്ള പാതയില്‍ നിലവിലുള്ള രാത്രി 9 മുതല്‍ രാവിലെ 6 വരെയുള്ള യാത്രാ നിരോധനം മറികടക്കാന്‍ തുരങ്ക പാത; സാധ്യതാ പഠനം ഉടന്‍ തുടങ്ങും; സമയബന്ധിതമായി പൂര്‍ത്തിയാക്കും; വയനാടിന് ആശ്വാസമാകാന്‍ രണ്ടാം തുരങ്ക പാതയും പരിഗണനയില്‍; സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പ് ഉടന്‍ പണി തുടങ്ങും
കല്‍പ്പറ്റ: ദേശീയപാത 766ല്‍ തുടരുന്ന രാത്രിയാത്രാവിലക്കിനു പരിഹാരമായി ബന്ദിപ്പുര്‍ വനഭാഗത്ത് തുരങ്കപാത നിര്‍മിക്കുന്നതിനായുള്ള സാധ്യതാ പഠനം ഉടന്‍ തുടങ്ങും. ഇതേ കുറിച്ച് പഠിക്കാന്‍ കേന്ദ്ര ഗതാഗത, റെയില്‍വേ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി വയനാട് എംപിയായിരുന്നപ്പോഴാണ് ബന്ദിപ്പുര്‍ വനഭാഗത്തെ രാത്രിയാത്രാ നിരോധനം മറികടക്കാന്‍ തുരങ്ക പാത നിര്‍മിക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവച്ചത്.
ബന്ദിപ്പൂര്‍ വനമേഖലയിലെ രാത്രിയാത്ര നിരോധനത്തിന് പരിഹാരമായി കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച തുരങ്കപാത അങ്ങനെ നിര്‍ണ്ണായകമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. ബന്ദിപ്പൂര്‍ ദേശീയപാതയിലെ രാത്രിയാത്ര നിരോധനം മൂലമുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ തുരങ്കപാത നിര്‍മ്മിക്കാനാകുമോ എന്ന് പഠിക്കാാണ് നീക്കം. രാത്രിയാത്ര നിരോധനം മറികടക്കുക: ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിലൂടെയുള്ള പാതയില്‍ നിലവിലുള്ള രാത്രി 9 മുതല്‍ രാവിലെ 6 വരെയുള്ള യാത്രാ നിരോധനം ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. ഉപരിതലത്തിലൂടെയുള്ള യാത്ര ഒഴിവാക്കി വനത്തിനടിയിലൂടെ തുരങ്കം നിര്‍മ്മിക്കുന്നതിലൂടെ വന്യജീവികള്‍ക്ക് ശല്യമില്ലാതെ 24 മണിക്കൂറും സൈ്വരവിഹാരം സാധ്യമാകും.
നേരത്തെ ആറുവരി തുരങ്കപാത എന്ന നിര്‍ദ്ദേശമാണ് കേന്ദ്രം മുന്നോട്ടുവെച്ചിരുന്നത്. കര്‍ണാടക സര്‍ക്കാരിന്റെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നതിനാല്‍, വന്യജീവി സംരക്ഷണ നിയമങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഒരു ഡിസൈനാണ് വിദഗ്ധ സമിതി ആലോചിക്കുന്നത്. ബന്ദിപ്പൂര്‍ തുരങ്കപാതയില്‍ നിന്ന് വ്യത്യസ്തമായി, കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി 2134.5 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. വയനാട് മണ്ഡലത്തിലെ റോഡ് വികസനത്തിനായി 105 കോടി രൂപയുടെ പദ്ധതികള്‍ക്കും കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.
വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രചര്‍ ഫണ്ടില്‍നിന്ന്(സിആര്‍ഐഎഫ്)105 കോടി രൂപയുടെ നാല് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായും പ്രിയങ്കാ ഗാന്ധി എംപിയെ കേന്ദ്രമന്ത്രി അറിയിച്ചു. ദേശീയപാതയിലെ രാത്രിയാത്ര നിരോധനം, റോഡ് വിഷയങ്ങള്‍ ഉള്‍പ്പെടുത്തി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ഒക്ടോബര്‍ 11ന് കേന്ദ്ര മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഡിസംബര്‍ 19ന് എംപി നേരില്‍ക്കണ്ടപ്പോള്‍ കത്തിലെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയിരന്നു.
കോഴിക്കോട് ജില്ലയിലെ നാലാംവളവ്-അടിവാരം-നൂറാംതോട്(10 കിലോമീറ്റര്‍, 26 കോടി രൂപ), ഫാത്തിമ എസ്റ്റേറ്റ്-തോട്ടുമുക്കം-പള്ളിത്താഴെ-തേക്കിന്‍ചുവട്-പത്തനാപുരം(14 കിലോമീറ്റര്‍, 30 കോടി) മണാശേരി മുത്താലം-മുത്തേരി- കല്ലുരുട്ടി-ഓമശേരി-തിരുവമ്പാടി(11.350 കിലോമീറ്റര്‍, 23 കോടി), വയനാട്ടിലെ ബത്തേരി-കാരക്കണ്ടി- വടക്കനാട്-വള്ളുവാടി-ഓടപ്പള്ളം(12.5 കിലോമീറ്റര്‍, 26 കോടി)റോഡുകള്‍ക്കാണ് സിആര്‍ഐഎഫ് സ്‌കീമില്‍ അംഗീകാരം.
താമരശേരി ചുരത്തില്‍ നിരന്തരം മണ്ണിടിച്ചില്‍ ഉണ്ടാകുന്നത് തടയുന്നതിന് നടപ്പാക്കേണ്ട ഹ്രസ്വ, ദീര്‍ഘകാല പ്രവൃത്തികള്‍ സംബന്ധിച്ച് സംസ്ഥാന പൊതു മാരാമത് വകുപ്പിന് കേന്ദ്ര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുരത്തിലെ ആറ്, ഏഴ്. ഹെയര്‍പിന്‍ വളവുകള്‍ വികസിപ്പിക്കുന്നതിനു കരാര്‍ നല്‍കി. 2027 ഫെബ്രുവരിയില്‍ പണി പൂര്‍ത്തിയാകുംെ. ചുരം ബൈപാസിനു വിശദ പദ്ധതി രേഖ തയാറാക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ദേശീയപാത അഥോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
