ബാര്‍ പരിശോധനയ്ക്കിടെ ലൈസന്‍സി നല്‍കിയ സല്‍ക്കാരത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ ചിത്രം തെളിവായി; 2022ല്‍ വൈന്‍ കുടിച്ചവര്‍ 2026ല്‍ കുടുങ്ങി! കോവളം ഡയമണ്ട് ഹോട്ടലില്‍ നാലു കൊല്ലം മുമ്പ് സംഭവിച്ചത് എന്ത്?
തിരുവനന്തപുരം: നിയമം നടപ്പിലാക്കേണ്ടവര്‍ തന്നെ യൂണിഫോമിലിരുന്ന് ബാറുടമയുടെ സല്‍ക്കാരം സ്വീകരിച്ചാല്‍ എന്ത് സംഭവിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കോവളത്തെ എക്‌സൈസ് നടപടി. എന്നാല്‍ 2022-ല്‍ നടന്ന സംഭവത്തിന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2026-ല്‍ നടപടിയെടുത്ത എക്‌സൈസ് കമ്മീഷണറുടെ 'നടപടി' ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിന് ഇരയാകുകയാണ്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ജി. സുനില്‍കുമാര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആശ ആര്‍.എസ്., അഞ്ജന ജി. നായര്‍ എന്നിവര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഇവര്‍ വൈന്‍ കഴിച്ചതായി എടുത്തു പറഞ്ഞിട്ടുണ്ട്. ബാര്‍ പരിശോധനയ്ക്കിടെ ലൈസന്‍സി നല്‍കിയ സല്‍ക്കാരത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ ചിത്രം സഹിതമാണ് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചത്.
കടുപ്പമേറിയ വിദേശമദ്യം എന്നതിന് പകരം 'വൈന്‍' എന്ന് ചേര്‍ത്ത് കുറ്റത്തിന്റെ കാഠിന്യം കുറയ്ക്കാനുള്ള പരോക്ഷ ശ്രമം ഉദ്യോഗസ്ഥ തലത്തില്‍ ഉണ്ടായോ എന്ന സംശയവും ഉയരുന്നുണ്ട്. ഏതായാലും ഈ കേസില്‍ എക്‌സൈസ് വിജിലന്‍സിന് അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ നാലു വര്‍ഷം വേണ്ടി വന്നു എന്നതാണ് ശ്രദ്ധേയം. ഏതായാലും വകുപ്പ് തല നടപടി സസ്‌പെന്‍ഷനില്‍ ഒതുങ്ങാനും സാധ്യതയുണ്ട്. സല്‍കാല ഫോട്ടോ പുറത്തു വന്നതാണ് നിര്‍ണ്ണായകമായത്.
2022-ല്‍ തിരുവനന്തപുരം റേഞ്ചില്‍ ജോലി ചെയ്യുമ്പോഴാണ് ഇവര്‍ കോവളം ഡയമണ്ട് പാലസില്‍ ബാറുടമയുടെ ആതിഥ്യം സ്വീകരിച്ചത്. അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ ഇവര്‍ കുറ്റക്കാരാണെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാറിനെ തൃശ്ശൂരിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. എന്നാല്‍ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തത തേടി വര്‍ഷങ്ങള്‍ കളഞ്ഞതിന് ശേഷമാണ് 2026 ജനുവരി 29-ന് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറങ്ങുന്നത്.
അധികാരപരിധിയിലുള്ള ബാറുകളില്‍ പരിശോധനയ്ക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ അവിടെനിന്നും മദ്യസല്‍ക്കാരം സ്വീകരിക്കുന്നത് നിയമവിരുദ്ധവും അച്ചടക്ക ലംഘനവുമാണ്. ബാറുടമ തന്നെ ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ സല്‍ക്കരിച്ച ബാര്‍ ഉടമയ്ക്കെതിരെയും ഇപ്പോള്‍ നടപടി വരാന്‍ പോകുകയാണ്. 1960-ലെ കേരള സിവില്‍ സര്‍വീസ് ചട്ടപ്രകാരമാണ് ഈ മൂവര്‍ സംഘത്തിനെതിരെ ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്.
