മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസില്‍ വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്തു വിജിലന്‍സ്; നടപടി മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍; 15 കോടിയിലധികം തട്ടിപ്പ് നടത്തിയെന്ന് പരാതി; ഒരു ക്രമക്കേടും നടന്നിട്ടില്ലെന്ന് മൊഴി നല്‍കി വെള്ളാപ്പള്ളി; ഭരണമാറ്റത്തിന് മുമ്പുള്ള വിജിലന്‍സ് നീക്കം ക്ലീന്‍ചിറ്റ് നല്‍കാനോ?
മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസില്‍ വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്തു വിജിലന്‍സ്
കൊച്ചി: മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് സംഘം ചോദ്യംചെയ്തു. വിജിലന്‍സ് കൊച്ചി യൂനിറ്റ് എസ്.പി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ബുധനാഴ്ച കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയാണ് വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തത്.
2016ല്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാന്ദന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയിലാണ് വെള്ളാപ്പള്ളി നടശേനെയടക്കം പ്രതിചേര്‍ത്ത് കേസെടുത്തത്. മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് 15 കോടിയിലധികം തട്ടിപ്പ് നടത്തിയെന്നായിരുന്നു വി.എസിന്റെ പരാതി. 2003-2015 കാലയളവില്‍ സ്വാശ്രയ സംഘങ്ങള്‍ക്ക് കൊടുക്കാന്‍ പിന്നാക്ക വികസന കോര്‍പറേഷനില്‍നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് അഴിമതി നടത്തി. കുറഞ്ഞ പലിശക്ക് പണംവാങ്ങി ഉയര്‍ന്ന പലിശ ഈടാക്കി വിതരണം നടത്തിയും ഇല്ലാത്ത ആളുകളുടെ പേരില്‍ വായ്പ അനുവദിച്ചുവെന്നായിരുന്നു പരാതി.
വിവിധ എസ്.എന്‍.ഡി.പി ശാഖകള്‍ വഴി വിതരണം ചെയ്ത ഈ പണം ഗുണഭോക്താക്കളില്‍ എത്തിയില്ലെന്നും പണം തിരിച്ചടച്ചില്ലെന്നുമാണ് കേസ്. അന്ന് കേസ് അന്വേഷിച്ച വിജിലന്‍സ് എസ്.പിയായിരുന്ന എസ്. ശശിധരന്‍ ക്രൈംബ്രാഞ്ചിലേക്ക് മാറിയെങ്കിലും അദ്ദേഹം തന്നെ അന്വേഷിക്കണമെന്ന് ഹൈകോടതി നിര്‍ദേശിക്കുകയായിരുന്നു.
എന്നാല്‍, വെള്ളാപ്പള്ളിക്ക് തട്ടിപ്പില്‍ പങ്കുള്ളതായി ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് വിവരം. വെള്ളാപ്പള്ളിയടക്കം അഞ്ചു പ്രതികളെ ഉള്‍പ്പെടുത്തിയാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എം.ഡി. നജീബ്, നിലവിലെ എം.ഡി. ദിലീപ്കുമാര്‍, മൈക്രോ ഫിനാന്‍സ് ചീഫ് കോഓഡിനേറ്റര്‍ കെ.കെ. മഹേശന്‍, എസ്.എന്‍.ഡി.പി യൂനിയന്‍ നേതാവ് ഡോ. എം.എന്‍. സോമന്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് എഫ്.ഐ.ആര്‍.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യപ്രതിയായ കേസിന്റെ അന്വേഷണം വേഗത്തിലാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ജൂലൈയില്‍ നിര്‍ദേശം നല്‍കിയിരുന്നു. അന്ന് വിജിലന്‍സ് എസ്പി ആയിരുന്ന എസ്. ശശിധരന്‍തന്നെ കേസ് അന്വേഷണം തുടര്‍ന്നും നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
2003-2015 കാലയളവില്‍ സ്വാശ്രയ സംഘങ്ങള്‍ക്ക് കൊടുക്കാന്‍ പിന്നാക്ക വികസന കോര്‍പറേഷന്‍ മുഖേന കോടിക്കണക്കിന് രൂപ വായ്പയെടുത്ത് അഴിമതി നടത്തി എന്നായിരുന്നു ആരോപണം. പിന്നാക്ക വികസന കോര്‍പറേഷന്‍ മുഖേന കുറഞ്ഞ പലിശയ്ക്ക് വായ്പ എടുക്കുകയും അത് ഉയര്‍ന്ന പലിശ ഈടാക്കി വിതരണംചെയ്യുകയും, ഇല്ലാത്ത ആളുകളുടെ പേരില്‍പോലും വായ്പ അനുവദിക്കുകയും ചെയ്തുവെന്നാണ് പരാതി.
അച്ചാര്‍, ജാം, സോപ്പ് നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങിയ ചെറുകിട സംരംഭങ്ങളുടെ പേരില്‍ വ്യാജമായി പദ്ധതിയുണ്ടാക്കി, 2014 ജൂണ്‍ 19-നാണ് പിന്നാക്ക വികസന കോര്‍പറേഷന്‍ കൊല്ലം ശാഖയില്‍നിന്ന് എസ്.എന്‍.ഡി.പി അഞ്ചുകോടി വായ്പയെടുത്തത്. കോര്‍പറേഷന്‍ അധികൃതര്‍ അന്വേഷിച്ചത്തെി നടപടിയെടുത്തപ്പോഴാണ് പലരും തങ്ങളുടെ പേരില്‍ വായ്പയെടുത്ത വിവരം അറിയുന്നത്. ഏകദേശം അയ്യായിരത്തോളം കുടുംബങ്ങള്‍ ഇതിന്റെ പേരില്‍ റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്ന സാഹചര്യം ഉണ്ടായതിനെ തുടര്‍ന്നാണ് സംഭവം പുറത്തായത്.
പത്തനംതിട്ട എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റും കെപ്കോ ചെയര്‍മാനുമായ കെ. പത്മകുമാറിനെ പ്രതിയാക്കി 2015 നവംബറില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പന്ത്രണ്ടോളം കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. തുടര്‍ന്ന് എസ്.എന്‍.ഡി.പി. യോഗം യൂണിയനുകളില്‍ നടത്തിയ മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ വ്യാപകമായി അഴിമതി നടന്നെന്ന് കാണിച്ച് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ പരാതി നല്‍കി. സ്ത്രീകളുടെ പേരില്‍ വ്യാജ പദ്ധതിയുണ്ടാക്കി കേരള സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷനില്‍നിന്ന് കുറഞ്ഞ പലിശയ്ക്ക് എസ്.എന്‍.ഡി.പി യോഗം അഞ്ചു കോടി രൂപ വായ്പയെടുത്തതായും ഇതിന്റെ വിതരണത്തില്‍ വലിയ ക്രമക്കേട് നടന്നതായുമാണ് ആരോപണം.
വി.എസ്. അച്യുതാനന്ദന്‍ ഒക്ടോബര്‍ 13-ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കാണ് പരാതി നല്‍കിയത്. എന്നാല്‍, പരാതിയില്‍ നടപടിയെടുക്കാത്തതിനെത്തുടര്‍ന്ന് വി.എസ്. രണ്ടാമതും പരാതി നല്‍കി. നടപടിയെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി.
പിന്നീട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ഹര്‍ജിയില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് 2016 ജനുവരിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. മാത്രമല്ല, വെള്ളാപ്പള്ളിയും എം.എന്‍. സോമനും പിന്നാക്ക വികസന കോര്‍പ്പറേഷനില്‍നിന്ന് കൈപ്പറ്റിയ 12.6 കോടി രൂപയില്‍ 3.67 കോടി ഉടന്‍ മടക്കിനല്‍കിയില്ലെങ്കില്‍ ജപ്തിനടപടി സ്വീകരിക്കുമെന്ന് പിന്നാക്ക വികസന കോര്‍പ്പറേഷന്‍ നോട്ടീസും നല്‍കിയിരുന്നു
മൈക്രോ ഫിനാന്‍സ് കേസില്‍ ഏത് വെല്ലുവിളിയും നേരിടുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഒരു കുറ്റവും ചെയ്തിട്ടില്ല. അതുകൊണ്ട് കേസില്‍നിന്ന് ഒളിച്ചോടില്ല. എഫ്.ഐ.ആര്‍ ഇട്ടതുകൊണ്ട് താന്‍ കുറ്റവാളിയാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
