മറുനാടന്‍ മലയാളിയെ രക്ഷിച്ചത് അജിത് കുമാറെന്ന് പരാതി പറഞ്ഞു; അദ്ദേഹത്തെ അറസ്റ്റു ചെയ്യാത്തതില്‍ പോലീസ് വീഴ്ച എന്റെ പരിശോധനയില്‍ ബോധ്യപ്പെട്ടില്ല: അന്‍വറിന്റെ പച്ചക്കളളം പൊളിച്ച് മുഖ്യമന്ത്രി; മറുനാടന്‍ വിഷയത്തില്‍ പിണറായി പറഞ്ഞത്

മറുനാടനുമായി ബന്ധപ്പെട്ട ചോദ്യങ്ങളൊന്നും മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നില്ല. അന്‍വറുമായുള്ള പൊതു ചോദ്യത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഈ വിഷയം അവതരിപ്പിക്കുകയായിരുന്നു

Update: 2024-09-21 08:37 GMT

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരായ പിവി അന്‍വറിന്റെ പകയ്ക്ക് കാരണം മറുനാടന്‍ മലയാളി വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതു മുന്നണി യോഗത്തില്‍ വിശദീകരിച്ചിരുന്നു. ഇക്കാര്യം മാതൃഭൂമി അടക്കം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. സെക്രട്ടറിയേറ്റില്‍ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലും പിണറായി അത് പരാമര്‍ശിച്ചു. മറുനാടന്‍ മലായളിയില്‍ നിന്നും രണ്ടു കോടി കൈക്കൂലി എഡിജിപി അജിത് കുമാര്‍ വാങ്ങിയെന്ന പച്ചക്കളത്തെ അര്‍ത്ഥ ശങ്കയ്ക്ക് ഇടയില്ലാവണ്ണം പിണറായി വിജയന്‍ തള്ളി പറഞ്ഞു. പിവി അന്‍വറിന് വലിയ തിരിച്ചടിയാണ് പിണറായിയൂടെ ഈ വാദം. ഇതിനൊപ്പം അപഖ്യാതി പരത്തി തന്നെ ചിലരുമായി തെറ്റിക്കാനുള്ള ശ്രമത്തിലേക്കും പിണറായി വിരല്‍ ചൂണ്ടി. ഈ വാക്കുകളില്‍ പിണറായി ഒളിപ്പിച്ചത് ആര്‍ക്കും അറിയാത്ത മറ്റൊരു ഗൂഡാലോചനാവാദമാണെന്നും വിലയിരുത്തലുണ്ട്.

മറുനാടന്‍ മലയാളിയെ രക്ഷിച്ചത് അജിത് കുമാറാണെന്ന പരാതി എന്നോടും പറഞ്ഞിരുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാത്തത് അജിത് കുമാര്‍ ആണ് എന്നായിരുന്നു പരാതി. ഒരു ഘട്ടത്തില്‍ ഞാന്‍ പരിശോധിച്ചു. എന്റെ ബോധ്യത്തില്‍ അങ്ങനൊന്ന് ഇല്ല. പോലീസില്‍ അന്വേഷിച്ചു. അവര്‍ എല്ലാ നടപടി ക്രമവും പാലിച്ചു. അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞില്ല. മറുനാടന്‍ മലയാളിയുടെ ഏറ്റവും കടുത്ത വിമര്‍ശനത്തിന് വിധേയമാകുന്നത് ആരാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. അയാള്‍ ഇയാളെ സഹായിക്കുകയാണെന്ന് പറയാന്‍ പറ്റില്ലല്ലോ. അതു പറഞ്ഞിട്ടില്ലെന്ന് മാത്രം. അതുകൊണ്ട് മറ്റുള്ളവരെ കുറിച്ച് പറയുന്നു. അവര്‍ സിഎം ഓഫീസിന്റെ ഭാഗമായി നില്‍ക്കുന്നവരാണ്. അത്രമാത്രം-പിണറായി വിശദീകരിച്ചത് ഇങ്ങനെയാണ്. മറുനാടനുമായി ബന്ധപ്പെട്ട ചോദ്യങ്ങളൊന്നും മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നില്ല. അന്‍വറുമായുള്ള പൊതു ചോദ്യത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഈ വിഷയം അവതരിപ്പിക്കുകയായിരുന്നു..

പി.വി.അന്‍വര്‍ എംഎല്‍എയെ തള്ളിയും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെ പൂര്‍ണമായി പിന്തുണച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്നതും കൃത്യമായ സന്ദേശമാണ്. പി.വി.അന്‍വര്‍ നിരന്തരം ആരോപണം ഉന്നയിക്കുന്നതില്‍ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തി. പി.ശശി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കാത്തതിന്റെ പേരില്‍ ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ നടപടി എടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ അര്‍ത്ഥത്തിലും അന്‍വറിന് തിരിച്ചടിയാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. മറുനാടന്‍ മലയാളിയുമായി ബന്ധപ്പെട്ട് അന്‍വര്‍ പ്രചരിപ്പിച്ചത് തെറ്റാണെന്ന് പറഞ്ഞു വയ്ക്കുകയാണ് പിണറായി.

പി.വി.അന്‍വര്‍ ആരോപണങ്ങള്‍ ആദ്യം പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയില്‍ തന്റെ ശ്രദ്ധയിലും കാര്യങ്ങള്‍ എത്തിക്കാമായിരുന്നു. പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെടുത്തിയ ശേഷമായിരുന്നു മറ്റു കാര്യങ്ങളിലേക്കു പോകേണ്ടത്. ആ നിലപാടല്ല അന്‍വര്‍ സ്വീകരിച്ചത്. ഞങ്ങളുടെ കൂട്ടത്തില്‍ ഉള്ള ഒരാള്‍ സ്വീകരിക്കേണ്ട നിലപാടല്ല അതെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്‍വറിനെ പറ്റി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തയച്ചിട്ടുണ്ട്. അതും അന്വേഷണസംഘം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഎം സംസ്ഥാന സമിതി അംഗമായ പി.ശശി പാര്‍ട്ടി നിയോഗിച്ചത് പ്രകാരമാണ് തന്റെ ഓഫിസില്‍ പ്രവര്‍ത്തിക്കുന്നതെന്നും മാതൃകാപരമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു തരത്തിലുള്ള തെറ്റായ കാര്യവും അദ്ദേഹത്തിന്റെ പക്കല്‍ ഇല്ല. ആരു പറഞ്ഞാലും അതെല്ലാം അവജ്ഞയോടെ തള്ളിക്കളയും. ഒരു പരിശോധനയും അക്കാര്യത്തില്‍ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊടുക്കുന്ന പരാതിക്ക് അതേപടി നടപടി സ്വീകരിക്കാനല്ല അദ്ദേഹം അവിടെ ഇരിക്കുന്നത്. നിയമപ്രകാരം പരിശോധിച്ച് നടപടി എടുക്കും. അല്ലാത്ത നടപടി സ്വീകരിച്ചാല്‍ ശശി അല്ല ആരായാലും ആ ഓഫിസില്‍ ഇരിക്കാന്‍ പറ്റില്ല. നിയമപ്രകാരമല്ലാത്ത കാര്യം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചെയ്തിട്ടുണ്ടാകില്ല. അതിലുളള വിരോധം വച്ച് എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ അതിന്റെ മേല്‍ മാറ്റാന്‍ പറ്റുന്നതല്ല അത്തരം ആളുകളെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പി.വി.അന്‍വര്‍ ആരോപണം ഉന്നയിച്ചപ്പോള്‍ തന്നെ ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ഉചിതമായ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഒരു മുന്‍വിധിയോടെയും അല്ല സര്‍ക്കാര്‍ ഈ വിഷയത്തെ കാണുന്നത്. സാധാരണ നിലയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സംസാരിക്കാന്‍ പാടില്ലാത്ത നിലയില്‍ സംസാരിച്ച എസ്പിക്കെതിരെ നടപടി എടുത്തു. ആരോപണവിധേയര്‍ ആര് എന്നതല്ല, ഉന്നയിക്കപ്പെട്ട ആരോപണം എന്ത് എന്നും അതിനുള്ള തെളിവുകള്‍ എന്ത് എന്നതുമാണ് പ്രശ്നം. - മുഖ്യമന്ത്രി പറഞ്ഞു.

തൃശ്ശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 24-ാം തീയ്യതിക്ക് മുമ്പായി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയിരിക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. വിവരാവകാശപ്രകാരമുള്ള നോട്ടീസിന് മറുപടി നല്‍കിയത് വസ്തുതകള്‍ അനുസരിച്ചില്ലാത്തതിനാലാണ് ഉദ്യോഗസ്ഥനെതിരേ നടപടിയെടുത്തതെന്നും പിണറായി പറഞ്ഞു.

Tags:    

Similar News