കേരള രാഷ്ട്രീയത്തിലെ ഒരിക്കലും അവഗണിക്കാന്‍ കഴിയാത്ത രമേശ് ചെന്നിത്തല.... അടുത്ത മുഖ്യമന്ത്രിയായി അദ്ദേഹം വരട്ടെയെന്ന് ഞാന്‍ ആശംസിക്കുകയാണ്; രവി പിള്ളയെ ആദരിക്കുന്ന വേദിയിലേക്ക് പിണറായിയെ വിളിച്ചു വരുത്തി മനപ്പൂര്‍വ്വം അപമാനിച്ചുവോ? ആ സ്വാഗതം പറച്ചിലില്‍ മുഖ്യമന്ത്രി കടുത്ത അതൃപ്തിയില്‍; ഇനി രാജ്‌മോഹനുമായി സഹകരണമില്ല

Update: 2025-02-06 03:35 GMT
കേരള രാഷ്ട്രീയത്തിലെ ഒരിക്കലും അവഗണിക്കാന്‍ കഴിയാത്ത രമേശ് ചെന്നിത്തല.... അടുത്ത മുഖ്യമന്ത്രിയായി അദ്ദേഹം വരട്ടെയെന്ന് ഞാന്‍ ആശംസിക്കുകയാണ്; രവി പിള്ളയെ ആദരിക്കുന്ന വേദിയിലേക്ക് പിണറായിയെ വിളിച്ചു വരുത്തി മനപ്പൂര്‍വ്വം അപമാനിച്ചുവോ? ആ സ്വാഗതം പറച്ചിലില്‍ മുഖ്യമന്ത്രി കടുത്ത അതൃപ്തിയില്‍; ഇനി രാജ്‌മോഹനുമായി സഹകരണമില്ല
  • whatsapp icon

തിരുവനന്തപുരം: തന്നെ വേദിയില്‍ ഇരുത്തി രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാകട്ടെ എന്ന് ആശംസിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത അതൃപ്തിയില്‍. വ്യവസായി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിലായിരുന്നു സ്വാഗത പ്രാസംഗികനായ ഡോ. ജി. രാജ്മോഹന്‍ വിവാദ പ്രസ്താവന നടത്തിയത്. ഇത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന നിലപാടിലാണ് പിണറായി. സാധാരണ ഇത്തരം പ്രശ്‌നങ്ങളില്‍ ഉരുളയ്ക്കുപ്പേരി പോലെ മറുപടി നല്‍കുന്ന പിണറായി ആ സമീപനം വേദിയില്‍ എടുത്തില്ല. പകരം ചടങ്ങിന് ശേഷം അതൃപ്തി ബന്ധപ്പെട്ടവരെ അറിയിച്ചു. അനൗദ്യോഗികമായി രവി പിള്ള അടക്കമുള്ളവരെ അമര്‍ഷം അറിയിച്ചിട്ടുണ്ട്.

രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാകട്ടെയെന്ന് ആശംസിച്ച സ്വാഗത പ്രാസംഗികന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തു വന്നിരുന്നു. ട്രോള്‍ കണക്കുള്ള മറുപടിയാണ് നല്‍കിയത്. ഒരു പാര്‍ട്ടിക്കകത്ത് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ബോംബാണ് പൊട്ടിച്ചതെന്നായിരുന്നു പിണറായിയുടെ മറുപടി. തിരുവനന്തപുരത്ത് നോര്‍ക്ക സംഘടിപ്പിച്ച, വ്യവസായി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിലായിരുന്നു സ്വാഗത പ്രാസംഗികനായ ഡോ. ജി. രാജ്മോഹന്‍ നടത്തിയ പരാമര്‍ശത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ചെന്നിത്തലയെ എല്ലാ അര്‍ത്ഥത്തിലും പൊക്കുകയായിരുന്നു രാജ്‌മോഹന്‍. ഇങ്ങനെ പറയുന്നത് പിണറായിയെ കേള്‍പ്പിക്കാന്‍ വേണ്ടി എന്തിന് അദ്ദേഹത്തെ ചടങ്ങിലേക്ക് വിളിച്ചുവെന്ന ചോദ്യവും പ്രസക്തമാണ്. അത്തരത്തില്‍ മുഖ്യമന്ത്രിയെ വേദിയില്‍ ഇരുത്തി പറയാന്‍ പാടില്ലാത്തതായിരുന്നു രാജ്‌മോഹന്‍ പറഞ്ഞു വച്ചത്.

'കേരള രാഷ്ട്രീയത്തിലെ ഒരിക്കലും അവഗണിക്കാന്‍ കഴിയാത്ത രമേശ് ചെന്നിത്തല. അടുത്ത മുഖ്യമന്ത്രിയായി അദ്ദേഹം വരട്ടെയെന്ന് ഞാന്‍ ആശംസിക്കുകയാണ്. വി.ഡി. സതീശന്‍ സാറ് പോയോ... രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊന്നുമുള്ള വേദിയല്ല. സ്നേഹത്തോടും ബഹുമാനത്തോടും പെരുമാറുന്ന വലിയ ചാലകശക്തിയാണ് രമേശ് ചെന്നിത്തല', എന്നായിരുന്നു സ്വാഗതപ്രാസംഗികന്റെ വാക്കുകള്‍. ഇപ്പോള്‍ തന്നെ വലിയ പ്രശ്നത്തിലാണെന്നായിരുന്നു ചെന്നിത്തലയ്ക്ക് അടുത്തിരുന്ന എം.കെ. പ്രേമചന്ദ്രന്റെ പ്രതികരണം. സ്വാഗതപ്രാസംഗികന്റെ ആശംസ സദസ്സിലാകെ ചിരിപടര്‍ത്തി. തുടര്‍ന്ന് തന്റെ പ്രസംഗത്തിനിടെയാണ് മുഖ്യമന്ത്രി ഇതിന് മറുപടി നല്‍കിയത്.

'സ്വാഗതപ്രാസംഗികനെക്കുറിച്ച് ഒരു വാചകം പറഞ്ഞില്ലെങ്കില്‍ അത് മോശമായി തീരുമെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹം രാഷ്ട്രീയമൊന്നും പറയുന്നില്ലെന്ന് പറഞ്ഞു. പക്ഷേ, ഒരുപാര്‍ട്ടിക്കകത്ത് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന വലിയ ബോംബാണ് അദ്ദേഹം പൊട്ടിച്ചത്. ഞാന്‍ ആ പാര്‍ട്ടിക്കാരന്‍ അല്ലായെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാമല്ലോ? അങ്ങനെയൊരു കൊടുംചതി ചെയ്യാന്‍ പാടില്ലായിരുന്നു എന്നായിരുന്നു എനിക്കദ്ദേഹത്തോട് സ്നേഹപൂര്‍വം ഉപദേശിക്കാനുള്ളത്', എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. രവി പിള്ളയെ ആദരിക്കുന്ന ചടങ്ങായതു കൊണ്ട് മാത്രമാണ് പരിധി വിട്ട മറുപടി മുഖ്യമന്ത്രി നല്‍കാത്തത് എന്നാണ് സൂചന. രാജ്‌മോഹന്റേത് അതിരുവിട്ട പരാമര്‍ശമാണെന്ന അഭിപ്രായം രവി പിള്ള ഗ്രൂപ്പിനുമുണ്ട്.

ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ മുന്‍ സിഎംഡിയാണ് രാജ്‌മോഹന്‍. സിപിഎം നേതാക്കളുമായി അടുത്തു പ്രവര്‍ത്തിച്ചിരുന്ന വ്യക്തി. എംഎ ബേബിയുടെ സഹകരണമുള്ള സ്വരലയയെ നയിക്കുന്ന വ്യക്തി. തിരുവനന്തപുരത്തെ പ്രധാന സ്‌കൂളായ വട്ടിയൂര്‍ക്കാവിലെ സ്വരസ്വതി വിദ്യാലയത്തിന്റെ ചെയര്‍മാന്‍. അങ്ങനെ തിരുവനന്തപുരത്ത് ഏറെ അംഗീകരിക്കപ്പെടുന്ന വ്യക്തിയാണ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയായി ഉയര്‍ത്തികാട്ടിയത്. ഈ സാഹചര്യത്തില്‍ രാജ്‌മോഹനുമായി ഇനി സിപിഎമ്മോ മുഖ്യമന്ത്രിയുടെ ഓഫീസോ സഹകരണത്തിനുണ്ടാകില്ല. ഭരണത്തില്‍ ഹാട്രിക്കാണ് സിപിഎമ്മും പിണറായിയും ലക്ഷ്യമിടുന്നത്. ഇത് അറിഞ്ഞു വച്ചു കൊണ്ടാണ് കേരളത്തിലെ പൗര പ്രമുഖര്‍ പങ്കെടുത്ത പരിപാടിയില്‍ രാജ്‌മോഹന്റെ ചെന്നിത്തല സ്തുതിയെന്ന വിലയിരുത്തലിലാണ് സിപിഎം.

Tags:    

Similar News