'ക്യാപ്ടന്റെ' പിറന്നാള്‍ ഗംഭീരമാക്കാന്‍ ഒരു ലക്ഷം പേരെ എത്തിക്കാന്‍ സിപിഎം; മുഖ്യമന്ത്രിക്ക് 80 തികയുന്നതിലെ തലേ ദിനം സര്‍ക്കാര്‍ വാര്‍ഷികാഘോഷത്തിന്റെ സമാപനമൊരുക്കിയത് അതിവിശ്വസ്തരുടെ കരുതല്‍; ഭരണത്തില്‍ ഹാട്രിക്ക് മോഹമിടുന്ന പിണറായിയ്ക്ക് ഇത് രണ്ടാം ഭരണ കാലത്തെ അവസാന ബെര്‍ത്ത് ഡേ; ഭൂമിയില്‍ വിജയന് എട്ട് പതിറ്റാണ്ട്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കസേരയില്‍ ഒമ്പതു തുടര്‍വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ പിണറായി വിജയന്‍ നാളെ എണ്‍പതിന്റെ നിറവില്‍. പതിവുപോലെ ഇക്കുറിയും ആഘോഷങ്ങളൊന്നുമില്ലെന്ന് പറയുമെങ്കിലും ക്ലിഫ് ഹൗസില്‍ ചില വിരുന്നുകള്‍ നടക്കുന്നുണ്ട്. വളരെ വേണ്ടപ്പെട്ടവരെ മാത്രമാണ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തിന്റെ സമാപനം ഇന്നാണ്. ഒരു ലക്ഷം പേരുടെ മാര്‍ച്ചാണ് പാര്‍ട്ടി സംഘടിപ്പിച്ചിരിക്കുന്നത്. വാര്‍ഷികാഘോഷത്തിന്റെ സമാപന തീയതി അടക്കം സിപിഎം നിശ്ചയിച്ചത് പിറന്നാള്‍ ദിനം കൂടി കണക്കിലെടുത്താണെന്നാണ് സൂചന. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. നാലു വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ടും മുഖ്യമന്ത്രി പ്രകാശിപ്പിക്കും. ഈ പരിപാടി സര്‍ക്കാരിന്റേതാണെങ്കിലും സിപിഎം നേരിട്ട് ഗംഭീര വിജയമാക്കാന്‍ മുന്നിലുണ്ട്. രണ്ടാം സര്‍ക്കാരിന്റെ കാലത്തെ അവസാന പിറന്നാളാണ് പിണറായിയ്ക്ക് ഇത്. അടുത്ത വര്‍ഷം ഈ സമയമാകുമ്പോള്‍ കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായിട്ടുണ്ടാകും. പുതിയ മുഖ്യമന്ത്രിയും അധികാരത്തിലുണ്ടാകും. ഇത് പിണറായി തന്നെയാകുമെന്ന ആത്മവിശ്വാസമാണ് സിപിഎമ്മിനുള്ളത്.
ഔദ്യോഗിക രേഖകളില്‍ 1945 മാര്‍ച്ച് 21 ആണ് മുഖ്യമന്ത്രിയുടെ ജന്മദിനമായി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ശരിയായ ജനനത്തീയതി മേയ് 24നാണെന്ന് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന്റെ തലേന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് പിണറായി വിജയന്‍ വെളിപ്പെടുത്തിയത്. ചെറുപ്പകാലം മുതല്‍ നടന്നു വന്ന രാഷ്ട്രീയ വഴികളാകാം പിണറായി വിജയനെന്ന മനുഷ്യനെ കര്‍ക്കശക്കാരനാക്കി മാറ്റിയതിനു പിന്നില്‍ എന്ന വിലയിരുത്തല്‍ സജീവമാണ്. അടിയന്തരാവസ്ഥക്കാലത്തെ പോലീസ് മര്‍ദനമുള്‍പ്പെടെയുള്ള സംഭവങ്ങള്‍ പില്‍ക്കാല ജീവിതത്തില്‍ പിണറായി വിജയനെ സ്വാധീനിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ ആദ്യം ജയിലലടയ്ക്കപ്പെട്ട 10 പ്രതിപക്ഷ എംഎല്‍എമാരില്‍ ഒരാളായിരുന്നു പിണറായി വിജയന്‍. 1975 സെപ്റ്റംബര്‍ 28നു രാത്രി വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്ത് കൂത്തുപറന്പ് സ്റ്റേഷനിലേക്കു കൊണ്ടുപോയ പിണറായിക്ക് പോലീസ് സ്റ്റേഷനില്‍ അനുഭവിക്കേണ്ടിവന്നത് ക്രൂരമായ പീഡനമാണ്. കാലുകള്‍ അടിയേറ്റ് ഒടിഞ്ഞുതൂങ്ങി. പിന്നീട് നിലത്തിട്ട് ബോധം മറയുന്നതുവരെ ചവിട്ടി. 1977 മാര്‍ച്ച് 30ന് രക്തം പുരണ്ട വസ്ത്രങ്ങളുമായി നിയമസഭയില്‍ എത്തിയ പിണറായി മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ വെല്ലുവിളിച്ച് നടത്തിയ പ്രസംഗം ചരിത്രമാണ്.
സിപിഎമ്മിന്റെ പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടി അച്ചടക്കത്തിന്റെ പുതിയൊരു രീതിശാസ്ത്രംതന്നെ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നതില്‍ പിണറായി വിജയിച്ചു. പാര്‍ട്ടിക്കുള്ളിലും പുറത്തും വ്യക്തിജീവിതത്തിലാകെയും പിണറായി വിജയന് ഏറ്റവും കൂടുതല്‍ തലവേദന സൃഷ്ടിച്ചത് ലാവ്ലിന്‍ കേസായിരുന്നു. അതില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു. പിന്നെ മുഖ്യമന്ത്രിയായി. സിപിഎമ്മിന് ഭരണ തുടര്‍ച്ചയം നല്‍കി. 1945 മേയ് 24ന് കണ്ണൂര്‍ പിണറായിയില്‍ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും ഇളയ മകനായാണ് പിണറായി വിജയന്‍ ജനിച്ചത്. ശാരദാ വിലാസം എല്‍പി സ്‌കൂളിലും പെരളശേരി ഗവണ്‍മെന്റ് ഹൈസ്‌കൂളിലും തലശേരി ബ്രണ്ണന്‍ കോളജിലുമായി വിദ്യാഭ്യാസം. ബ്രണ്ണന്‍ കോളജില്‍ ബിഎ ഇക്കണോമിക്‌സിനു പഠിക്കുന്‌പോള്‍ കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1964ല്‍ കെഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗമായി. കെഎസ്എഫ് സംസ്ഥാന സെക്രട്ടറിയായി. പിന്നീട് കെഎസ്വൈഎഫ് സംസ്ഥാന പ്രസിഡന്റുമായി.
1967ല്‍ സിപിഎമ്മിന്റെ തലശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറിയും 1968ല്‍ ജില്ലാ കമ്മിറ്റി അംഗവുമായ പിണറായി വിജയന്‍ 1972ല്‍ ജില്ലാ സെക്രട്ടേറിയറ്റിലും 1978ല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയിലുമെത്തി. 1970ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് 26-ാം വയസില്‍ എംഎല്‍എയായി. 1977ലും 1991 ലും കൂത്തുപറന്പില്‍നിന്നു വീണ്ടും നിയമസഭയിലെത്തി. 1996ല്‍ പയ്യന്നൂരില്‍നിന്ന് നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ മരണത്തെ തുടര്‍ന്ന് മന്ത്രിപദം രാജിവച്ച് 1998 സെപ്റ്റംബര്‍ 25ന് പാര്‍ട്ടി സെക്രട്ടറിയായി. 2015ല്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനമൊഴിഞ്ഞ ശേഷം 2016ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മടത്തുനിന്നു വിജയിച്ച് പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റു. 2021ല്‍ ധര്‍മടത്തുനിന്ന് വീണ്ടും വിജയിച്ചു. അടുത്ത തവണയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം മത്സരിക്കുമെന്ന് തന്നെയാണ് വിലയിരുത്തല്‍.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുമ്പാകെ അവതരിപ്പിച്ച പ്രകടനപത്രികയിലെ ഒട്ടുമിക്ക വാഗ്ദാനങ്ങളും സര്‍ക്കാര്‍ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന വാര്‍ഷികാഘോഷ സമാപന റാലിയില്‍ ഈ വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത കുറച്ചു കാര്യങ്ങള്‍ മാത്രമാണ് ഇനി ചെയ്യാനുള്ളത്. അടുത്ത വര്‍ഷത്തിനുള്ളില്‍ മുഴുവനും യാഥാര്‍ഥ്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വാഗ്ദാനങ്ങള്‍ പാലിച്ച വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുന്നത് മറ്റ് എവിടെയും ഇല്ല. നമ്മുടെ നാടും ജനങ്ങളും പ്രകടിപ്പിച്ച ഐക്യവും ഒരുമയും അതാണ് അസാധ്യമെന്ന് കരുതിയ പലതും സാധ്യമാക്കുന്നതിലേക്ക് ഇടയാക്കിയത്. കേരളം തകരണം എന്ന് ആഗ്രഹിച്ചവര്‍ നിരാശപ്പെടുന്ന വളര്‍ച്ചയാണ് കേരളത്തിന് നേടാനായത്. എന്നാല്‍ കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്ത സാഹചര്യമുണ്ടായി.
ഏതൊരു സംസ്ഥാനത്തിന്റെ വരുമാനം സംസ്ഥാനത്തിന്റെ മാത്രം വരുമാനം അല്ല. അതിനോടൊപ്പം കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന വിഹിതം ഉണ്ട്. ദര്‍ഭാഗ്യവശാല്‍ നമുക്ക് വലിയ ദുരനുഭവമാണ് ഉണ്ടായത്. മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ കേന്ദ്രവിഹിതം ലഭിച്ചില്ല. അര്‍ഹതപ്പെട്ട കടം എടുക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുന്ന നില ഉണ്ടായി. എന്നാല്‍ ഇതിനെയെല്ലാം അതീജീവിക്കുന്നതില്‍ നല്ല വിജയം നേടാനായെന്നും പിണറായി പറയുന്നു.