ആഗോള അയ്യപ്പ സംഗമം സര്‍ക്കാറിന്റെ പരിപാടിയില്ല, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പരിപാടി; 'ന്യൂനപക്ഷ പ്രീണനം പോയി ഭൂരിപക്ഷ പ്രീണനമായോ? വിരട്ടലൊന്നും വേണ്ട'; വിമര്‍ശനങ്ങളോട് പ്രതികരിച്ചു മുഖ്യമന്ത്രി; 'ആഗോള അയ്യപ്പ സംഗമം' ഭരണഘടനാ വിരുദ്ധമെന്ന് ആരോപിച്ചു നിയമനടപടിയുമായി ഹൈന്ദവ സംഘടനകളും

ആഗോള അയ്യപ്പ സംഗമം സര്‍ക്കാറിന്റെ പരിപാടിയില്ല

Update: 2025-08-27 08:56 GMT

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനെതിരായ വിമര്‍ശനങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയമായി കാണേണ്ടെന്നും ആരാധനയുടെ ഭാഗമായി അയ്യപ്പ സംഗമം നടക്കട്ടെ. സര്‍ക്കാരിന്റെ പരിപാടിയല്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പരിപാടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പരിപാടികള്‍ക്ക് സഹായം നല്‍കാറുണ്ടെന്നല്ലാതെ മറ്റൊരു കാര്യവും സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നല്ല നിലയ്ക്ക് ആ പരിപാടി നടക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ വിരട്ടല്‍ കൊണ്ടൊന്നും പുറപ്പെടേണ്ടെന്നും അതുകൊണ്ട് പരിപാടി നടക്കാതിരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന് കേരളത്തിന്റെ ശരിയായ നില അറിയാത്തതുകൊണ്ടാണ്. അതുകൊണ്ടാണ് വിരട്ടുന്ന രീതിയില്‍ സംസാരിച്ചതെന്ന് തോന്നുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അയ്യപ്പ സംഗമം നടക്കട്ടെ. അയ്യപ്പന്റെ ആളുകള്‍ എത്തട്ടെ. അതിന് ആവശ്യമായ സഹായവും പിന്തുണയും നല്‍കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദേവസ്വം ബോര്‍ഡിന്റെ പ്‌ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 20-ന് പമ്പാതീരത്താണ് ആഗോള അയ്യപ്പ സംഗമം. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷനേതാവ് തുടങ്ങിയവരും പങ്കെടുക്കും.

അതിനിടെ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ സര്‍ക്കാര്‍ ആഗോള അയ്യപ്പ സംഗമം നടത്തുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യമെന്ന് വിവിധ ഹൈന്ദവ സംഘടനാ പ്രതിനിധികള്‍ ആരോപിച്ചു. പമ്പാ തീരത്ത് സപ്തംബറില്‍ നടക്കുന്ന പരിപാടിയില്‍ അയ്യപ്പ വിശ്വാസം തൊട്ടുതീണ്ടാത്തവരെ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതിനെതിരെ നിയമപടികളുമായി മുന്നോട്ടു പോകുമെന്നും ശബരിമല അയ്യപ്പസേവാസമാജം ദേശീയ ചെയര്‍മാന്‍ എസ്.ജെ.ആര്‍. കുമാര്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം. മോഹനന്‍, അയ്യപ്പ സേവാസമാജം സംസ്ഥാന പ്രസിഡന്റ് പി.എന്‍. നാരായണ വര്‍മ്മ എന്നിവര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഒരു മതേതര സര്‍ക്കാരിന് ഒരിക്കലും ഏതെങ്കിലും ഒരു മതത്തിലെ ഭക്തജനസംഗമം വിളിച്ചുചേര്‍ക്കാന്‍ അവകാശമില്ല. അത്തരം ശ്രമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണ്. മറ്റ് മതങ്ങളുടെ ഇത്തരം സമ്മേളനങ്ങള്‍ വിളിക്കാന്‍ സര്‍ക്കാരിന് ആര്‍ജ്ജവമുണ്ടോ. അയ്യപ്പഭക്തര്‍ക്കേറ്റ മുറിവ് ഉണക്കാനായി നടത്തുന്ന പരിപാടിയുടെ പേരില്‍ നിരീശ്വരവാദികളെയും യുവതികളെയുമൊക്കെ ശബരിമലയില്‍ എത്തിച്ച് വീണ്ടും അശാന്തി സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്, നേതാക്കള്‍ തുടര്‍ന്നു.

വിശ്വാസികളല്ലാത്ത മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വി.എന്‍. വാസവനും ഇത്തരത്തില്‍ ഭക്തസംഗമം വിളിച്ചുചേര്‍ക്കാന്‍ എങ്ങനെ കഴിയും. അങ്ങനെയെങ്കില്‍ ഇരുവരും തങ്ങള്‍ അയ്യപ്പഭക്തരാണെന്ന് പൊതുസമൂഹത്തോട് പറയണം. ക്ഷേത്ര വിശ്വാസത്തെയും അതുവഴി ഹിന്ദുക്കളെയും നിരവധി തവണ അപമാനിച്ച ഡിഎംകെ നേതാക്കന്മാരായ എം.കെ. സ്റ്റാലിനെയും അദ്ദേഹത്തിന്റെ മകനെയുമാണ് സംഗമത്തില്‍ മുഖ്യാതിഥികളായി ക്ഷണിച്ചിരിക്കുന്നത്. ഹിന്ദു സംഘടനകളുടെയും അയ്യപ്പഭക്തരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് സ്റ്റാലിന്‍ പങ്കെടുക്കില്ലെന്നാണ് അറിവ്.

2018-19ലെ ശബരിമല പ്രക്ഷോഭ സമയത്ത് ആചാരലംഘനം നടത്താന്‍ നേതൃത്വം നല്‍കിയ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തികള്‍ ഒരു കാലത്തും ഭക്തജനങ്ങള്‍ മറക്കില്ല. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് ഏതാനും മാസങ്ങള്‍ ബാക്കിനില്‍ക്കെ പൊതുജനങ്ങളെ കബളിപ്പിച്ച് വോട്ട് നേടാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ തന്ത്രമാണ് ഈ സംഗമം.

ആചാര സംരക്ഷണത്തിനുവേണ്ടി പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ട നിരവധി അയ്യപ്പഭക്തര്‍ക്ക് എതിരെ കള്ളക്കേസുകള്‍ എടുത്ത ഇടതുസര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധത ചരിത്രസത്യമാണ്. വിശ്വാസികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ ഇതുവരെ ഒരു കേസ് പോലും പിന്‍വലിച്ചിട്ടില്ല. യുവതി പ്രവേശനത്തിന് അനുകൂലമായി കേരള സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം അയ്യപ്പ സംഗമത്തിന് മുമ്പ് പിന്‍വലിക്കണം. അയ്യപ്പസംഗമം ആസൂത്രണം ചെയ്യുന്നത് വിശ്വാസികളെ വെല്ലുവിളിക്കുന്ന നടപടിയാണെന്നും ഇതുമായി മുന്നോട്ടുപോയാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണ്ണ ഉത്തരവാദികള്‍ സര്‍ക്കാര്‍ മാത്രമായിരിക്കും. ശബരിമലയില്‍ സമാധാനം നിലക്കൊള്ളാനും ഭക്തര്‍ക്ക് കൃത്യമായി വന്ന് ദര്‍ശനം നടത്താനുമുള്ള സൗകര്യമാണ് ഒരുക്കേണ്ടതെന്നും നേതാക്കള്‍ പറഞ്ഞു.

Tags:    

Similar News