'നവീന്‍ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നത്; ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായി നടപടിയുണ്ടാകും'; ഒടുവില്‍ പ്രതികരണവുമായി മുഖ്യമന്ത്രി; നിര്‍ഭയമായി നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കും; സ്ഥലമാറ്റം പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുമെന്നും പിണറായി

'നവീന്‍ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നത്

Update: 2024-10-23 07:30 GMT

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒടുവില്‍ പ്രതികരിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പ്രതികരിക്കുന്നത് ആദ്യമായാണ്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായി നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവീന്‍ ബാബുവിന്റെ മരണം അതീവ ദുഃഖകരമാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നിര്‍ഭയമായി നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കുമെന്നും അത്തരക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥലമാറ്റം പൂര്‍ണ മായും ഓണ്‍ലൈന്‍ ആക്കും. അര്‍ഹത അനുസരിച്ച് സ്ഥലമാറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരെ നടപടി ഉണ്ടാകുമെന്ന് സൂചിപ്പിച്ച് കൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരെ പോലീസ് നടപടി വൈകുന്നു എന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം എഡിഎം നവീന്‍ ബാബു മരിച്ച സംഭവത്തില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം നല്‍കുമെന്ന് കോണ്‍ഗ്രസ് രംഗത്തുവന്നു. യൂത്ത് കോണ്‍ഗ്രസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് പങ്കുവെച്ചുകൊണ്ടാണ് കോണ്‍ഗ്രസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് കേരളയെന്ന എക്സ് പേജിലാണ് ലുക്ക് ഔട്ട് നോട്ടീസ് പങ്കുവെച്ചിട്ടുള്ളത്.

ദിവ്യയെ കണ്ടുപിടിച്ച് കൊടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം നല്‍കുമെന്നാണ് പോസ്റ്റില്‍ പറയുന്നത്. കണ്ടുകിട്ടുന്നവര്‍ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ കോണ്‍ഗ്രസ് ഓഫീസിലോ അറിയിക്കണമെന്ന്‌പോസ്റ്റില്‍ പറയുന്നു. എഡിഎം നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍ഒസി അനുവദിക്കുന്നതില്‍ വഴിവിട്ട് ഇടപെടല്‍ നടത്തിയെന്നും അതിനുള്ള തെളിവുണ്ടെന്നുമാണ് പി പി ദിവ്യ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെത്തി ആരോപിച്ചത്. തന്റെ കൈവശമുള്ള തെളിവുകള്‍ ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞിരുന്നു.

എഡിഎം നവീന്‍ ബാബു ചെങ്ങളായിലെ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ കണ്ടെത്തല്‍. ഫയല്‍ ബോധപൂര്‍വ്വം വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. നവീന്‍ ബാബു മരണപ്പെട്ട് ഒരാഴ്ച തികയുന്ന വേളയില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം.

പെട്രോള്‍ പമ്പിന് നിരാക്ഷേപ പത്രം നല്‍കുന്നത് സംബന്ധിച്ച ഫയലുകളില്‍ നവീന്‍ ബാബു നിയമപരിധിക്കുള്ളില്‍ നിന്നുകൊണ്ടുള്ള നടപടികളാണ് സ്വീകരിച്ചതെന്നും ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ടിലുണ്ട്. ജീവനക്കാരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കണ്ണൂരിലെ അന്വേഷണം പൂര്‍ത്തിയാക്കി ജോയിന്റ് കമ്മിഷണര്‍ മടങ്ങി. പെട്രോള്‍ പമ്പിനായി കണ്ടെത്തിയ സ്ഥലത്തെ റോഡിലെ വളവ് സംബന്ധിച്ച് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് എന്‍ഒസി നല്‍കാന്‍ എതിരായിരുന്നതിനാല്‍ എഡിഎം ഇതേക്കുറിച്ച് ടൗണ്‍ പ്‌ളാനിംഗ് വിഭാഗത്തോട് റിപ്പോര്‍ട്ട് തേടിയിരുന്നതായാണ് രേഖകളില്‍ നിന്ന് ജോയിന്റ് കമ്മിഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്.

പൊലീസ്, പൊതുമരാമത്ത്, അഗ്‌നിശമനസേന, ടൗണ്‍ പ്‌ളാനിംഗ് വിഭാഗം എന്നിവരില്‍ നിന്ന് എന്‍ഒസി ലഭിച്ചാല്‍ മാത്രമേ അന്തിമ എന്‍ഒസി നല്‍കാന്‍ സാധിക്കൂ എന്നതിനാല്‍ ഫയല്‍ പിടിച്ചുവച്ചെന്ന ആരോപണങ്ങളും തെളിയിക്കാനായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം, റവന്യൂ വകുപ്പ് സംഘത്തിന് മുന്നില്‍ മൊഴി നല്‍കാന്‍ മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഇതുവരെ തയ്യാറായിട്ടില്ല. നോട്ടീസ് നല്‍കിയെങ്കിലും ദിവ്യ സഹകരിച്ചില്ല. നോട്ടീസ് നല്‍കി നിയമപരമായി ദിവ്യയെ വിളിച്ചുവരുത്താന്‍ ജോയിന്റ് കമ്മിഷണര്‍ക്ക് അധികാരമില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടും.

Tags:    

Similar News