എ കെ ബാലന്‍ ചൂണ്ടിക്കാട്ടിയത് കേരളത്തിന്റെ പഴയകാല അനുഭവങ്ങള്‍; മാറാട് കലാപകാലത്ത് എ.കെ. ആന്റണി സ്വീകരിച്ച നിലപാടുകള്‍ എന്താണ്? ആര്‍എസ്എസ് എതിര്‍പ്പ് ഭയന്ന് കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശന വേളയില്‍ കൂടെക്കൂട്ടിയില്ല; വിവാദ പ്രസ്താവന ന്യായീകരിച്ചും ജമാഅത്തെ ഇസ്ലാമിയെ കടന്നാക്രമിച്ചും മുഖ്യമന്ത്രി; യുഡിഎഫ് വര്‍ഗ്ഗീയതക്ക് കീഴ്‌പ്പെടുന്നു എന്ന് ആവര്‍ത്തിക്കല്‍
എ കെ ബാലന്‍ ചൂണ്ടിക്കാട്ടിയത് കേരളത്തിന്റെ പഴയകാല അനുഭവങ്ങള്‍
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമിക്ക് നല്‍കേണ്ടി വരുമെന്നും മാറാട് കലാപം ആവര്‍ത്തിക്കുമെന്നുമുള്ള സിപിഎം നേതാവ് എ.കെ. ബാലന്റെ പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗ്ഗീയത പറയുന്നവര്‍ ആരായാലും അവരെ എതിര്‍ക്കുമെന്നും കേരളത്തിന്റെ പഴയകാല അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബാലന്‍ സംസാരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ മുന്‍കാല അനുഭവങ്ങള്‍ വച്ച് നോക്കുമ്പോള്‍ വര്‍ഗ്ഗീയ ധ്രുവീകരണം എങ്ങനെയാണ് സംഭവിക്കുന്നതെന്ന് വ്യക്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ കേരളമല്ല അന്നുണ്ടായിരുന്നത് എന്ന യാഥാര്‍ത്ഥ്യമാണ് ബാലന്‍ ഓര്‍മ്മിപ്പിച്ചത്. മാറാട് കലാപകാലത്ത് എ.കെ. ആന്റണി സ്വീകരിച്ച നിലപാടുകള്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആര്‍.എസ്.എസിന്റെ എതിര്‍പ്പ് ഭയന്നാണ് അന്ന് ആന്റണി കുഞ്ഞാലിക്കുട്ടിയെ കൂടെക്കൂട്ടാതിരുന്നത്. അന്ന് താന്‍ മാറാട് സന്ദര്‍ശിച്ചത് ആരോടും ചോദിച്ചിട്ടല്ലെന്നും യു.ഡി.എഫ് വര്‍ഗ്ഗീയതയ്ക്ക് കീഴ്‌പ്പെടുന്ന അവസ്ഥയായിരുന്നു അന്നെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരം ലക്ഷ്യമിട്ട് ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് അപകടകരമായ സാഹചര്യമുണ്ടാക്കുമെന്ന എകെ ബാലന്റെ നിരീക്ഷണത്തില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ് വന്നാല്‍ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമി നിയന്ത്രിക്കുമെന്ന ബാലന്റെ പരാമര്‍ശം വലിയ രാഷ്ട്രീയ വിവാദത്തിനാണ് വഴിവെച്ചത്. ഈ വിമര്‍ശനത്തില്‍ മുന്‍കാല നിലപാടുകള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മാറാട് കലാപം മുതല്‍ ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം വരെ നീളുന്ന രാഷ്ട്രീയ ചരിത്രം ഓര്‍മ്മിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ കടന്നാക്രമണം. മാറാട് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് അടുത്തിടെയും എ.കെ. ആന്റണി ആവശ്യപ്പെടുന്നത് കേട്ടു. എന്നാല്‍ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആര്‍എസ്എസ് എതിര്‍പ്പ് ഭയന്ന് കുഞ്ഞാലിക്കുട്ടിയെ പോലും കൂടെക്കൂട്ടാന്‍ ഭയപ്പെട്ടിരുന്ന സാഹചര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മലബാറില്‍ മുസ്ലിം ലീഗിന് കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നതിലുള്ള അപകടത്തെക്കുറിച്ച് സി.കെ. ഗോവിന്ദന്‍ നായര്‍ പറഞ്ഞ കാര്യങ്ങള്‍ രമേശ് ചെന്നിത്തല തന്നെ പ്രസംഗിച്ചിട്ടുള്ളത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിനുള്ളിലെ തന്നെ പഴയ നിലപാടുകള്‍ യുഡിഎഫിനെ തിരിഞ്ഞു കൊത്തുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. ലീഗ് അഞ്ചാം മന്ത്രിസ്ഥാനം ചോദിച്ചപ്പോള്‍ വി.ഡി. സതീശന്‍ അന്ന് എടുത്ത കര്‍ക്കശമായ നിലപാട് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഇന്ന് രാഷ്ട്രീയ ലാഭത്തിന് വേണ്ടി സതീശന്‍ നിലപാടുകള്‍ മാറ്റുകയാണ്. ജമാഅത്തെ ഇസ്ലാമി ഇപ്പോള്‍ മതരാഷ്ട്രവാദം പറയുന്നില്ലെന്ന് വി.ഡി. സതീശന്‍ തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് അവരുടെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി
അതേസമയം ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിലും പിണറായി വിശദീകരണം നല്‍കി. കമ്മിഷന്‍ സമര്‍പ്പിച്ച 284 ശുപാര്‍ശകളും 45 ഉപശുപാര്‍ശകളും സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ 17 വകുപ്പുകള്‍ ഈ ശുപാര്‍ശകള്‍ നടപ്പിലാക്കി. 220 ശുപാര്‍ശകളിലും ഉപശുപാര്‍ശകളിലും നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏഴ് ശുപാര്‍ശകള്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുന്നതിനായി അതത് വകുപ്പുകള്‍ നടപടി സ്വീകരിച്ചുവരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. നടപടി പൂര്‍ത്തിയാക്കാന്‍ ശേഷിക്കുന്ന ശുപാര്‍ശകള്‍ നിലവില്‍ പ്രാബല്യത്തിലുള്ള കേന്ദ്ര-സംസ്ഥാന നിയമങ്ങള്‍, ചട്ടങ്ങള്‍, കോടതി ഉത്തരവുകള്‍ എന്നിവയില്‍ മാറ്റം വരുത്തിയാലോ മറ്റു വകുപ്പുകളില്‍നിന്ന് സമ്മതപത്രം ലഭ്യമാക്കിയാലോ മാത്രമേ നടപ്പിലാക്കാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരി ആറിന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുന്നുണ്ട്. ഇക്കാര്യത്തിലെ അവ്യക്തതകള്‍ നീക്കാനും കാര്യങ്ങള്‍ അറിയാനും താത്പര്യവുമുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ സംഘടനകള്‍ക്ക് യോഗത്തില്‍ പങ്കെടുക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തേ ഇതുമായി ബന്ധപ്പെട്ട പലതവണ യോഗങ്ങള്‍ നടന്ന കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിക്കാനായി 2020- നവംബര്‍ അഞ്ചിനാണ് ജെ.ബി. കോശി കമ്മിഷനെ നിയമിച്ച് ഉത്തരവായത്. 2023 മേയ് 23-ന് കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
