സിപിഒയുടെ മുഖത്തടിക്കുകയും നെഞ്ചില്‍ ചവിട്ടുകയും ചെയ്ത് പരാക്രമം കാട്ടിയതെന്തിന്? ഇപ്പോഴും ഫോണ്‍ ആണ്‍ലോക്ക് ചെയ്യാത്തത് എന്തുകൊണ്ട്? മയക്കുമരുന്ന് കേസ് പ്രതി റിയാസുമായി ചാറ്റുകളുണ്ടോ? ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരന്‍ മയക്കുമരുന്ന് മാഫിയയുടെ കണ്ണിയോ?
കോഴിക്കോട്: ലഹരി പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച കേസില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ സഹോദരന്‍ പി കെ ബുജൈര്‍ (35) റിമാന്‍ഡില്‍ റിമാന്‍ഡിലായ സംഭവം ഏറെ വിവാദമായിരുന്നു.
ബുജൈറിന് ലഹരിയുമായി ബന്ധമില്ലെന്നും വാഹന പരിശോധനക്കിടെ പിടിയിലായതാണെന്നുമാണ് അതിനുശേഷം ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ബുജൈറിന് ലഹരിമാഫിയുമായി ബന്ധമുണ്ടോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. കാരണം ഇതുവരെയും അയാള്‍ തന്റെ ഫോണ്‍ അണ്‍ലോക്ക് ചെയ്ത് അന്വേഷണത്തോട് സഹകരിച്ചിട്ടില്ല. ഇപ്പോള്‍ സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ, ഫോണ്‍ തുറന്ന് പരിശോധിക്കാന്‍ കുന്ദമംഗലം പൊലീസ് കോടതിയില്‍ ഹരജി നല്‍കിയിരിക്കയാണ്.
ലഹരിമരുന്ന് കേസില്‍ കഴിഞ്ഞദിവസം ചൂലാംവയലില്‍ പിടിയിലായ ആമ്പ്രമ്മല്‍ റിയാസിന്റെ വാട്സാപ് ചാറ്റുകളില്‍ ബുജൈറുമായിചേര്‍ന്നുള്ള ലഹരി ഇടപാടുകളുടെ വിവരങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതോടെയാണ് ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലായത്. പതിമംഗലം സ്വദേശിയായ ബുജൈര്‍, ശനി വൈകിട്ട് കോഴിക്കോട് ചൂലാംവയല്‍ ബസ് സ്റ്റോപ്പിനുമുന്നില്‍വെച്ചാണ് പൊലീസ് പിടിയിലായത്.
ഇവിടെ മയക്കുമരുന്ന് കച്ചവടം നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തുകയായിരുന്നു. വാഹനമുള്‍പ്പെടെ പരിശോധിക്കണമെന്ന് പറഞ്ഞപ്പോള്‍ ബുജൈര്‍ പൊലീസുകാരെ തള്ളുകയും മുഖത്തും നെഞ്ചിലും ഇടിക്കുകയും ചെയ്തു ഇതില്‍. കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സിപിഒ അജീഷിന് പരിക്കേറ്റു. ഇതോടെ ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ബുജൈറിന്റെ ബൈക്കില്‍നിന്ന് ലഹരി പദാര്‍ഥങ്ങള്‍ പൊതിയാനുള്ളതെന്ന് സംശയിക്കുന്ന പേപ്പറും മറ്റ് ഉപകരണങ്ങളും കണ്ടെടുത്തിരുന്നു.
ഫിറോസിനെതിരെ ട്രോള്‍ മഴ
ഇതോടെ സൈബര്‍ സഖാക്കളുടെ വലിയ രീതിയിലുള്ള പരിഹാസമാണ് മുസ്ലീം ലീഗ് നേതാവ് പി കെ ഫിറോസിനു നേരെ ഉണ്ടായത്. 'മുസ്ലീം ലീഗ് ലഹരിക്കെതിരെ വലിയ കാമ്പയിന്‍ നടത്തുന്ന സമയത്ത് സഹോദരന്റെ പേര് പൊലീസില്‍ പറഞ്ഞകൂടായിരുന്നില്ലേ' എന്നാണ് ഇവര്‍ ചോദിക്കുന്നത്.
തന്നെ ഇല്ലാത്ത മയക്കുമരുന്നു കേസില്‍ കുടുക്കാനായി പി കെ ഫിറോസ് നടത്തിയ വാര്‍ത്താ സമ്മേളനവും, പിതാവ് കോടിയേരിയുടെ പേര് പരാമര്‍ശിച്ച വിഷയവുമൊക്കെ ചേര്‍ത്ത് ബിനീഷ് കോടിയേരിയും പോസ്റ്റ് ഇട്ടിട്ടുണ്ട്. 'എവിടെ നിന്നാണ് കേരളത്തിലേക്ക് ഇത്രയും മയക്കുമരുന്നുകള്‍ വരുന്നത്?', 'മയക്കുമരുന്നിന്റെ വന്‍ ഒഴുക്ക് തടയാന്‍ കഴിയാത്തത്? എന്തുകൊണ്ട്?' 'മയക്കുമരുന്ന് ലോബിയെ സഹായിക്കുന്നവര്‍ കപ്പലില്‍ തന്നെയല്ലേ' തുടങ്ങിയ ഫിറോസ് നേരത്തെ ഫേസ്ബുക്കിലിട്ട പോസ്റ്റുകള്‍ ഇപ്പോള്‍ തിരിഞ്ഞ് കൊത്തുകയാണ്. താനും സഹോദരനും രണ്ടുവ്യക്തികളാണ് എന്നാണ് ഇതേക്കുറിച്ച് പി കെ ഫിറോസ് പറയുന്നത്.
എന്നാല്‍ അല്‍പ്പം എക്സെന്‍ട്രിക്കായ, ഒരാളാണ് പി കെ ബുജൈര്‍ എന്നാണ് നാട്ടുകാര്‍ പറയുന്നത്. ബുജൈറിന്റെ ചില ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നു. ഇടക്ക് പി കെ ഫിറോസിനെതിരെയും, സിപിഎമ്മിനെ അനുകൂലിച്ചുമൊക്കെ ഇയാള്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. പ്രതിക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്.