മോദിയുടെ വിമാനം തങ്ങള്‍ക്ക് മുകളിലൂടെ പറക്കുമെന്ന് കരുതി കാത്തിരുന്നവര്‍ നിരാശരായി; സൗദിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അതിവേഗ മടക്കം പാക് വ്യോമ പാത ഒഴിവാക്കി ചുറ്റിക്കറങ്ങി; പഹല്‍ഗാമിലെ ആക്രമണത്തിന് അതിവേഗ തിരിച്ചടി ഉറപ്പാക്കാന്‍ മോദി നാട്ടിലെത്തിയത് അറബിക്കടലിനു മുകളിലൂടെ പറന്ന് ഗുജറാത്തിന് തീര വഴിയേ; ആ റൂട്ട് നിശ്ചയിച്ചത് ഡോവല്‍; ലഷ്‌കറിനെ തീര്‍ക്കാന്‍ ഉറച്ച് ഇന്ദ്രപ്രസ്ഥ കരുനീക്കം

പ്രധാനമന്ത്രി ഇന്ത്യയിലേക്ക് പറന്നത് പാക്ക് വ്യോമപാത ഒഴിവാക്കി

Update: 2025-04-23 06:42 GMT

ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തിരിച്ചെത്തിയത് പാക്ക് വ്യോമപാത ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ട്. ഭീകരാക്രമണത്തിന്റെ സാഹചര്യത്തില്‍ പാക്കിസ്ഥാനിലൂടെ കടക്കുന്നതിലുള്ള സുരക്ഷാ ആശങ്കകള്‍ മറികടക്കാനായിരുന്നു നിര്‍ണായക നീക്കം. ഡല്‍ഹിയില്‍നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് നരേന്ദ്ര മോദി സഞ്ചരിച്ചത് പാക് വ്യോമപാത ഉപയോഗിച്ചായിരുന്നു. എന്നാല്‍, തിരികെ ഇന്ത്യയിലേക്കുള്ള യാത്രയില്‍ ഈ പാത ഒഴിവാക്കി അറബിക്കടലിനു മുകളിലൂടെ പറന്ന് ഗുജറാത്ത് ഭാഗം വഴിയാണ് മോദി ഇന്നു പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയത്.

പാക്കിസ്ഥാന്‍ വഴിയുള്ളതിനേക്കാള്‍ ദൂരമുള്ളതാണ് ഗുജറാത്ത് വഴിയുള്ള യാത്ര. എങ്കിലും വിദേശ രാജ്യത്തിന്റെ വ്യോമപാതകള്‍ ഉപയോഗിക്കുമ്പോഴുള്ള ഔപചാരികതകളും ക്ലിയറന്‍സുകള്‍ നേടുന്നതിനുള്ള താമസവും ഇതുവഴി ഒഴിവാക്കാനാകുമെന്നാണ് ലഭിക്കുന്ന വിവരം. മുന്‍നിശ്ചയപ്രകാരം ബുധനാഴ്ച രാത്രിയാണ് സൗദി അറേബ്യയില്‍നിന്നു പ്രധാനമന്ത്രി മോദി തിരിച്ചെത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ യാത്ര വെട്ടിച്ചുരുക്കുകയായിരുന്നു.

ഇന്ത്യയില്‍ പറന്നിറങ്ങിയതിന് പിന്നാലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. സൗദി അറേബ്യയില്‍ നിന്നും ബുധനാഴ്ച രാവിലെ വിമാനത്താവളത്തിലെത്തിയ ശേഷമാണ് പ്രധാനമന്ത്രി ഇരുവരുമായും കൂടിക്കാഴ്ച നടത്തിയത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും യോഗത്തില്‍ പങ്കെടുത്തതായി വൃത്തങ്ങള്‍ അറിയിച്ചു. സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണ് മോദി ഇന്ത്യയിലേക്ക് മടങ്ങിയത്.

തെക്കന്‍ കശ്മീരിലെ പ്രധാന വിനോദസഞ്ചാര മേഖലയായ പഹല്‍ഗാമിലെ ബെയ്സരണിലാണ് ചൊവ്വാഴ്ച ഉച്ചയോടെ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. 26 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് പുറത്തുവരുന്ന ഔദ്യോഗിക വിവരം. തോക്കുമായെത്തിയ തീവ്രവാദികള്‍ ട്രക്കിങ് നടത്തുകയായിരുന്ന വിനോദസഞ്ചാരികള്‍ക്കുനേരെ നിറയൊഴിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മരിച്ച 28 പേരില്‍ യുഎഇയിലും നേപ്പാളിലും നിന്നുമുള്ള രണ്ട് വിദേശികളും രണ്ട് തദ്ദേശവാസികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കൊല്ലപ്പെട്ടവരില്‍ എറണാകുളം സ്വദേശിയായ മലയാളിയും ഉള്‍പ്പെട്ടിട്ടുണ്ട്.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ലോക നേതാക്കളും രാജ്യങ്ങളും രംഗത്ത് വന്നുകഴിഞ്ഞു. ഇന്ത്യയ്ക്കൊപ്പം ഉണ്ടാകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പ്രതികരിച്ചു. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്. ഇവര്‍ക്കു പുറമേ യുഎഇ, ഇറാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളും ഇന്ത്യയ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ എന്നിവരും ഇന്ത്യയ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചിരുന്നു. മോദിയും ട്രംപും ഫോണില്‍ സംസാരിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പം ശക്തമായി നിലകൊള്ളുമെന്നും ഈ വിഷയത്തില്‍ ഇന്ത്യയ്ക്കൊപ്പം ഉണ്ടാകുമെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന് പുട്ടിനും അഭിപ്രായപ്പെട്ടു.

Tags:    

Similar News