സ്‌നേഹവും, സാഹോദര്യവും ഐക്യവുമാണ് ക്രിസ്തുവിന്റെ സന്ദേശം; അക്രമങ്ങളും അനൈക്യവും മതസൗഹാര്‍ദ്ദത്തിന് പോറലേല്‍പ്പിക്കുന്നത് നിരാശാജനകം; ഭാരതപുത്രന്‍ കര്‍ദ്ദിനാളായത് രാജ്യത്തിന് അഭിമാനം; പോപ്പ് ഫ്രാന്‍സിസിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു; സിബിസിഐ ആസ്ഥാനത്ത് ഇതാദ്യമായി ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്ത് പ്രധാനമന്ത്രി

സിബിസിഐ ആസ്ഥാനത്ത് ഇതാദ്യമായി ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്ത് പ്രധാനമന്ത്രി

Update: 2024-12-23 14:53 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്ത് ചരിത്രം കുറിച്ചു. ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി സിബിസിഐ ആസ്ഥാനത്ത് ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കുചേരുന്നത്.

എല്ലാവര്‍ക്കും ഒപ്പം ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചത് സൗഭാഗ്യമെന്ന് മോദി പറഞ്ഞു. 'ഈ വര്‍ഷമാദ്യം ജി 7 ഉച്ചകോടിക്കിടെ പോപ്പ് ഫ്രാന്‍സിസിനെ കാണാനുള്ള അവസരം കിട്ടി. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഇത് ഞങ്ങളുടെ രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു. ഞാന്‍ പോപ്പിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു. അതുപോലെ സെപ്റ്റംബറില്‍ ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനിടെ, പീട്രോ പരോളിനുമായി കൂടിക്കാഴ്ച നടത്തി.

ലോകത്തിലെവിടെയാണെങ്കിലും ഏത് സാഹചര്യത്തിലാണെങ്കിലും പൗരന്മാരെ സുരക്ഷിതരായി രാജ്യത്തെത്തിക്കുക എന്നതാണ് ഇന്ത്യയുടെ കടമ. ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങി കിടന്ന നഴ്സുമാരെ തിരിച്ചെത്തിച്ചു. യുദ്ധബാധിത അഫ്ഗാനിസ്ഥാനില്‍നിന്ന് വൈദികനായ അലക്സിസ് പ്രേം കുമാറിനെ സുരക്ഷിതനായി ഇന്ത്യയിലെത്തിച്ചത് സംതൃപ്തി തോന്നിയ മുഹൂര്‍ത്തമായിരുന്നു. അത് നയതന്ത്രപരമായ ഉത്തരവാദിത്വം മാത്രമായിരുന്നില്ല. കുടുംബാംഗത്തിനെ തിരിച്ചെത്തിക്കുക എന്ന കടമായായിരുന്നു. കഴിഞ്ഞ ആഴ്ച ജര്‍മനിയില്‍ ക്രിസ്മസ് ചന്തയിലേക്ക് കാറിടിച്ചു കയറ്റി അപകടമുണ്ടാക്കിയ സംഭവത്തെ പ്രധാനമന്ത്രി അപലപിക്കുകയും ചെയ്തു.അന്യോന്യം ഭാരങ്ങള്‍ വഹിക്കുവിന്‍ എന്നാണ് ബൈബിള്‍ വചനം. ഈ വാക്കുകള്‍ മുദ്രാവാക്യമാക്കിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.


കര്‍ദ്ദിനാള്‍ സ്ഥാനാരോഹണത്തിന് ഇന്ത്യയില്‍ നിന്ന് ഔദ്യോഗിക പ്രതിനിധി സംഘത്തെ അയച്ചിരുന്നു. ഭാരതപുത്രന്‍ പ്രധാന സ്ഥാനത്ത് എത്തുന്നത് രാജ്യത്തിന് അഭിമാനകരം. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ്ബ് കൂവക്കാടിന് ആശംസകള്‍ നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ 21 വൈദികരില്‍ ഒരാളാണ് മലയാളിയായ മാര്‍ ജോര്‍ജ് ജേക്കബ്ബ് കൂവക്കാട്. നിലവില്‍ അദ്ദേഹം വത്തിക്കാന്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

സ്‌നേഹവും, സാഹോദര്യവും, ഐക്യവുമാണ് ക്രിസ്തുവിന്റെ സന്ദേശം. എന്നാല്‍, അക്രമങ്ങളും അപസ്വരങ്ങളും സൃഷിച്ച് മതസൗഹാര്‍ദ്ദത്തിന് പരിക്കേല്‍പ്പിക്കാനുള്ള ശ്രമം നിരാശജനകമാണെന്നും മോദി പറഞ്ഞു. ക്രൈസ്തവ സമുദായത്തിലെ കര്‍ദ്ദിനാള്‍മാര്‍, ബിഷപ്പുമാര്‍, സമുദായ പ്രമുഖര്‍ തുടങ്ങിയവരുമായി മോദി ആശയവിനിമയം നടത്തി. 1944 ല്‍ രൂപീകൃതമായ സിബിസിഐ ഇന്ത്യയിലെ കത്തോലിക്കരെ കോര്‍ത്തിണക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ്.

ക്രൈസ്തവരെ ബി.ജെ.പിയിലേക്ക് അടുപ്പിക്കാന്‍ ബി.ജെ.പി. സജീവശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി സി.ബി.സി.ഐ. ആസ്ഥാനത്ത് എത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.

തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് പ്രധാനമന്ത്രി ഡല്‍ഹി ബിഷപ്പ് കോണ്‍ഫറന്‍സ് ആസ്ഥാനത്തേക്കെത്തുന്നത്. സി.ബി.സി.ഐ. അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. തുടര്‍ന്ന് ക്രിസ്മസ് ആഘോഷ പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുത്തു. പ്രധാനമന്ത്രിക്കൊപ്പം സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പരിപാടിയുടെ ഭാഗമായി.


കഴിഞ്ഞ ആഴ്ച കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്റെ വസതിയില്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.


Tags:    

Similar News