'ദില്ലി മിനി ഹിന്ദുസ്ഥാൻ, നേടിയത് ഐതിഹാസിക വിജയം';മോദി ഗ്യാരന്റിയിൽ വിശ്വസിച്ചതിന് ഡൽഹിയിലെ ജനങ്ങൾക്ക് നന്ദി; ദില്ലി ഷോർട്ട് കട്ട് രാഷ്ട്രീയക്കാരെ ഷോർട്ട് സർക്യൂട്ട് ചെയ്തു; ജനങ്ങളാണ് ദില്ലിയിലെ അവകാശികളെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

Update: 2025-02-08 14:15 GMT

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിലെത്തിച്ചതിന് ദില്ലിയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലേത് ഐതിഹാസിക വിജയമാണെന്നും ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ നരേന്ദ്രമോദി പറഞ്ഞു. ദില്ലി ഇപ്പോൾ ദുരന്ത മുക്തമായെന്നും ആംആദ്മിയെ പരിഹസിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു. ദില്ലി മിനി ഹിന്ദുസ്ഥാനാണ്. ദില്ലി ഇപ്പോൾ ബിജെപിക്ക് അവസരം നൽകിയിരിക്കുന്നു. 'സബ്കാ സാത് സബ്കാ വികാസ്' എന്നത് ദില്ലിക്ക് മോദിയുടെ ​ഗ്യാരണ്ടിയാണ്. ദില്ലി ബിജെപിയുടെ സദ്ഭരണം കാണുന്നു. ഡബിൾ എഞ്ചിൻ സർക്കാരിൽ ജനങ്ങൾ പ്രതീക്ഷയർപ്പിച്ചിരിക്കുന്നു. ഹരിയാനയിലും മഹാരാഷ്ട്രയിലും റെക്കോഡ് വിജയം നേടിയതിന് പിന്നാലെ ദില്ലിയിലും ബിജെപി പുതു ചരിത്രം രചിച്ചു.

'മോദിയുടെ ഗ്യാരന്റിയിൽ വിശ്വസിച്ചതിന് ഡൽഹിയിലെ ജനങ്ങൾക്ക് നന്ദി. ഡൽഹി ഞങ്ങൾക്ക് പൂർണ്ണഹൃദയത്തോടെ സ്നേഹം നൽകി, വികസനത്തിന്റെ രൂപത്തിൽ ഇരട്ടി സ്നേഹം ഞങ്ങൾ നിങ്ങൾക്ക് തിരികെ നൽകുമെന്ന് ഞാൻ വീണ്ടും ജനങ്ങൾക്ക് ഉറപ്പുനൽകുന്നു. ആഡംബരം, അഹങ്കാരം, അരാജകത്വം എന്നിവ പരാജയപ്പെട്ടു. ബിജെപി പ്രവർത്തകരുടെ രാവും പകലും ഉള്ള പരിശ്രമമാണ് ദില്ലിയിൽ നേടിയ ഉജ്ജ്വല വിജയം. നിങ്ങൾ ഓരോരുത്തരും വിജയത്തിന്റെ അവകാശികളാണ്. ദില്ലി സ്വത്തായി കണക്കാക്കിയവരെ പുറത്താക്കി. ദില്ലിയുടെ ശരിക്കുള്ള ഉടമകൾ ജനങ്ങളാണെന്ന് വ്യക്തമാക്കി കൊടുക്കാൻ ഈ തെരഞ്ഞെടുപ്പിലൂടെ സാധിച്ചു.

രാഷ്ട്രീയത്തിൽ എളുപ്പ വഴികളോ, കള്ളം പറയുന്നവർക്കോ സ്ഥാനം ഇല്ലെന്ന് തെളിയിച്ചു. ദില്ലി ഷോർട്ട് കട്ട് രാഷ്ട്രീയക്കാരെ ഷോർട്ട് സർക്യൂട്ട് ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം, ഹരിയാനയിൽ ബിജെപി ആദ്യം റെക്കോർഡ് സൃഷ്ടിച്ചു, അത് മഹാരാഷ്ട്രയിലും തുടർന്നു. ഇപ്പോൾ ഡൽഹിയിൽ ഒരു പുതിയ ചരിത്രം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.. ഇത്തവണ നൽകിയ വിജയം ദില്ലിയെ പൂർണമായി സേവിക്കാൻ അനുവദിക്കും. രാജ്യത്ത് ബിജെപിക്ക് എവിടെയൊക്കെ ഭരണം ലഭിച്ചോ അവിടെയൊക്കെ സമാനതകളില്ലാത്ത വികസനം നടപ്പാക്കി' എന്നും മോദി പറഞ്ഞു.

Tags:    

Similar News