തിരുവനന്തപുരത്ത് 'താമര വിരിഞ്ഞ'തില്‍ ആഹ്ലാദം; ഉടന്‍ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; രാജീവ് ചന്ദ്രശേഖറിനെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചു; അഹമ്മദാബാദ് പിടിച്ചെടുത്തതിന് ശേഷം ബി.ജെ.പി. ഗുജറാത്തില്‍ അധികാരം നേടിയ ചരിത്രം ഓര്‍മ്മിപ്പിച്ച് മോദി; തലസ്ഥാനത്ത് കോര്‍പറേഷന്‍ കൈപ്പിടിയിലാക്കിയതില്‍ ദേശീയതലത്തിലും ആഘോഷം
തിരുവനന്തപുരത്ത് ; ഉടന്‍ എത്തുമെന്ന് പ്രധാനമന്ത്രി
തിരുവനന്തപുരം: ചരിത്രം തിരുത്തി, തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം എന്‍.ഡി.എ. പിടിച്ചെടുത്തതിന് പിന്നാലെ, നേരിട്ട് അഭിനന്ദനം അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി താന്‍ തലസ്ഥാനത്തേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ ഫോണില്‍ വിളിച്ച് സംസാരിച്ച പ്രധാനമന്ത്രി, തിരുവനന്തപുരത്തെ വിജയം വലിയ നേട്ടമാണെന്ന് വിശേഷിപ്പിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിനും, പ്രത്യേകിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിജയത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. 1987-ല്‍ അഹമ്മദാബാദ് പിടിച്ചെടുത്തതിന് ശേഷം ബി.ജെ.പി. ഗുജറാത്തില്‍ അധികാരം നേടിയ ചരിത്രം മോദി ചൂണ്ടിക്കാട്ടി. തലസ്ഥാനത്തെ വിജയം സംസ്ഥാന ഭരണത്തിലേക്കുള്ള വഴി തുറക്കുമെന്ന സൂചനയാണ് ഇതിലൂടെ നല്‍കുന്നത്.
'വൈകാതെ തിരുവനന്തപുരത്ത് എത്തുമെന്നും' പ്രധാനമന്ത്രി അറിയിച്ചു. തലസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി രൂപരേഖ തയ്യാറാക്കുന്നതില്‍ നേരിട്ട് ശ്രദ്ധയൂന്നാന്‍ വേണ്ടിയാണ് ഈ സന്ദര്‍ശനം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുത്തതിനെ ദേശീയതലത്തില്‍ വലിയ ആഘോഷമായാണ് ബി.ജെ.പി. കാണുന്നത്. ജെ.പി. നദ്ദ, അമിത് ഷാ തുടങ്ങിയ ഉന്നത നേതാക്കള്‍ തലസ്ഥാനത്തെ വിജയം സംബന്ധിച്ച ട്വീറ്റുകള്‍ പങ്കുവെച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള പ്രതികരണം വന്നത്.
പ്രധാനമന്ത്രിയുടെ സന്ദേശം
പ്രധാനമന്ത്രി തന്റെ 'എക്സ്' (മുമ്പ് ട്വിറ്റര്‍) അക്കൗണ്ടിലൂടെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുകയും വിജയത്തിന്റെ പ്രാധാന്യം എടുത്തുപറയുകയും ചെയ്തു:
'നന്ദി തിരുവനന്തപുരം! തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പി.-എന്‍.ഡി.എ.ക്ക് ലഭിച്ച ജനവിധി കേരള രാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവാണ്. സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടിക്ക് മാത്രമേ പൂര്‍ത്തീകരിക്കാന്‍ കഴിയൂ എന്ന് ജനങ്ങള്‍ക്ക് ഉറപ്പുണ്ട്. ഈ ഊര്‍ജ്ജസ്വലമായ നഗരത്തിന്റെ വളര്‍ച്ചയ്ക്കും, ജനങ്ങള്‍ക്ക് 'ഈസ് ഓഫ് ലിവിംഗ്' (ജീവിത സൗകര്യം) വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തിക്കും.'
'യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും കേരളത്തിന് മടുത്തു,' എന്നും, നല്ല ഭരണം കാഴ്ചവെക്കാനും വികസിത കേരളം കെട്ടിപ്പടുക്കാനും കഴിയുന്ന ഏക ഓപ്ഷന്‍ എന്‍.ഡി.എ. മാത്രമാണെന്ന് ജനം കാണുന്നു എന്നും മോദി കുറിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജനവിധി കേരള രാഷ്ട്രീയത്തിലെ ഒരു നിര്‍ണ്ണായക നിമിഷമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
നീണ്ട 40 വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിന് തിരശ്ശീലയിട്ടാണ് ബി.ജെ.പി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം പിടിക്കുന്നത്. എല്‍.ഡി.എഫിനേയും യു.ഡി.എഫിനേയും ഏറെ പിന്നിലാക്കി 50 സീറ്റുകളുമായി എന്‍.ഡി.എ. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. എന്‍.ഡി.എ. ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കുന്നത് ചരിത്രത്തിലാദ്യമായാണ്.
