വിജിലന്‍സിനെ ഇനി മനോജ് എബ്രഹാം നയിക്കും; യോഗേഷ് ഗുപ്തയ്ക്ക് ഫയര്‍ ഫോഴ്‌സിലേക്ക് മാറ്റം; അജിത് കുമാറിന് എക്‌സൈസില്‍ താക്കോല്‍ സ്ഥാനം; ജയില്‍ മേധാവിയുടെ പദവി ഐജി റാങ്കിലേക്ക് മാറ്റി സേതുരാമനും നിയമനം; മഹിപാല്‍ യാദവ് ക്രൈംബ്രാഞ്ച് മേധാവി; പോലീസ് തലപ്പത്ത് സമ്പൂര്‍ണ്ണ അഴിച്ചു പണി

Update: 2025-05-09 09:47 GMT

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായി ഡിജിപി മനോജ് എബ്രഹാമിനെ നിയമിച്ച് സര്‍ക്കാര്‍. യോഗേഷ് ഗുപ്തയെ ഫയര്‍ ഫോഴ്‌സ് മേധാവിയാക്കി. നിലവില്‍ മനോജ് എബ്രഹാമായിരുന്നു ഫയര്‍ഫോഴ്‌സ് തലപ്പത്ത്. യോഗേഷ് ഗുപ്ത വിജിലന്‍സിലും. കഴിഞ്ഞ മാസമാണ് മനോജ് എബ്രഹാമിന് ഡിജിപി പദം കിട്ടിയത്. അടുത്ത മാസം പോലീസ് മേധാവി സ്ഥാനം ഷെയ്ഖ് ദര്‍വേശ് സാഹിബ് ഒഴിയുമ്പോള്‍ ആ പദവിയിലേക്ക് പരിഗണിക്കാനായി സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയിലെ രണ്ടു പേരാണ് മനോജ് എബ്രഹാമും യോഗേഷ് ഗുപ്തയും. ഈ പട്ടികയിലെ അവസാന പേരുകാരനായ എം ആര്‍ അജിത് കുമാറിനെ എക്‌സൈസ് മേധാവിയായും നിയമിച്ചു.

പിവി അന്‍വറിന്റെ അരോപണങ്ങളെ തുടര്‍ന്ന് ക്രമസമാധാനാ ചുമതല നഷ്ടമായ ശേഷം അജിത് കുമാറിനും താക്കോല്‍ സ്ഥാനം കിട്ടുകയാണ്. അടുത്ത മാസം ദര്‍വേശ് സാഹിബ് വിരമിക്കുമ്പോള്‍ അജിത് കുമാറിനും ഡിജിപി പദവി കിട്ടും. വലിയ അഴിച്ചു പണിയാണ് ഇത്തവണ പോലീസില്‍ നടത്തുന്നത്. ബല്‍റാം കുമാര്‍ ഉപാധ്യായയെ കേരളാ പോലീസ് അക്കാദമി ഡയറക്ടറാക്കി. മഹിപാല്‍ യാദവാണ് പുതിയ ക്രൈബ്രാഞ്ച് മേധാവി. ജി സ്പര്‍ജന്‍ കുമാറിനെ ക്രൈം ബ്രാഞ്ച് ഐജിയായി തിരുവനന്തപുരത്ത് നിയമിച്ചു. പി പ്രകാശിനെ കോസ്റ്റല്‍ പോലീസില്‍ ഐജിയാക്കി.

കെ സേതുരാമന് ജയില്‍ വകുപ്പിന്റെ ചുമതല നല്‍കി. ജയില്‍ വകുപ്പ് തലവന്റെ തസ്തികയെ ഐജി റാങ്കിലേക്ക് മാറ്റിയാണ് നിയമനം. എ അക്ബറിനെ ആഭ്യന്തര സുരക്ഷാ ചുമതലയുള്ള ഐജിയായും നിയമിച്ചു. ബല്‍റാം കുമാര്‍ ഉപാധ്യായ ആയിരുന്നു നിലവില്‍ ജയില്‍ വകുപ്പിനെ നയിച്ചിരുന്നത്.

Tags:    

Similar News