'30 കൊല്ലം ഞാനനുഭവിച്ച വേദനയാണ് സര്‍. ഞാന്‍ മീഡിയ വക്താവാണ്. ഇതിനൊരു മറുപടി താ.. .'; മാധ്യമപ്രവര്‍ത്തകന്‍ എന്ന വ്യാജേന എത്തിയ ആള്‍ ഡിജിപിയുടെ മുമ്പിലെത്തി പരാതി ഉയര്‍ത്തിക്കാട്ടി ചോദ്യം ഉന്നയിച്ചു; റവാഡയുടെ വാര്‍ത്ത സമ്മേളനത്തിനിടെ നാടകീയത; പക്വതയോടെ ഇടപെട്ട് പോലീസ് മേധാവി; സുരക്ഷാ വീഴ്ച ചര്‍ച്ചകളില്‍
തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് പോലീസ് മേധാവിയുടെ വാര്‍ത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍. സുരക്ഷാ വീഴ്ചയടക്കമുള്ള കാര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഈ സംഭവം. മാധ്യമപ്രവര്‍ത്തകന്‍ എന്ന വ്യാജേന എത്തിയ ആള്‍ ഡിജിപിയുടെ മുമ്പിലെത്തി പരാതി ഉയര്‍ത്തിക്കാട്ടി ചോദ്യം ഉന്നയിച്ചു. നടപടിയെടുക്കാം എന്ന് ഡിജിപി മറുപടി നല്‍കിയെങ്കിലും അദ്ദേഹം വീണ്ടും അവിടെത്തന്നെ നിലയുറപ്പിച്ചപ്പോള്‍ പോലീസ് ഇടപെട്ട് മാറ്റുകയായിരുന്നു. വളരെ പക്വതയോടെയാണ് പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ സംഭവത്തില്‍ ഇടപെട്ടത്. മുപ്പത് വര്‍ഷം കാക്കിയിട്ട ആളാണെന്നാണ് ഇയാള്‍ പറഞ്ഞത്. സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റ ശേഷം മാധ്യമങ്ങളെ കാണവെയായിരുന്നു സംഭവം.
പോലീസ് ആസ്ഥാനത്തെ അഞ്ചാം നിലയിലെ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു വാര്‍ത്താ സമ്മേളനം. കാര്യങ്ങളൊക്കെ സംസാരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഈ സമയത്താണ് ഒരാള്‍ പരാതി ഉന്നയിച്ച് എഴുന്നേറ്റത്. ചോദ്യം അവ്യക്തമായിരുന്നു. താന്‍ സര്‍വീസില്‍ ഉണ്ടായിരുന്ന ആളാണ്. പോലീസ് യൂണിഫോം സിനിമക്കാര്‍ക്ക് വിറ്റു തുടങ്ങിയ കാര്യങ്ങളായിരുന്നു അദ്ദേഹം ഉന്നയിച്ചത്. കൈയിലുണ്ടായിരുന്ന പേപ്പറുകള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ഇതില്‍ അസ്വാഭാവികത തോന്നിയതോടെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് കാര്യങ്ങള്‍ ചോദിച്ചത്. എന്നാല്‍ ഇയാള്‍ മാധ്യമപ്രവര്‍ത്തകനല്ല എന്നറിഞ്ഞതോടെ പോലീസ് ഇടപെട്ട് മാറ്റി.
'30 കൊല്ലം ഞാനനുഭവിച്ച വേദനയാണ് സര്‍. ഞാന്‍ മീഡിയ വക്താവാണ്. ഇതിനൊരു മറുപടി താ.. .' എന്ന് അദ്ദേഹം വിളിച്ചു പറയുന്നുണ്ടായിരുന്നു. തുടര്‍ന്ന് പരാതി പരിശോധിക്കാം എന്ന് പറഞ്ഞ് അദ്ദേഹത്തെ പോലീസ് മാറ്റുകയായിരുന്നു. ഇതിന് ശേഷം ഇയാള്‍ക്കെതിരെ നടപടികളൊന്നും എടുത്തില്ല. മാധ്യമപ്രവര്‍ത്തകന്‍ എന്ന് പറഞ്ഞായിരുന്നു ഇയാള്‍ അകത്തേക്ക് കയറിയത്. എന്നാല്‍ ചോദ്യം ചോദിക്കാന്‍ എന്ന വ്യാജേന ഡിജിപിയുടെ അടുത്തേക്ക് എത്തുകയായിരുന്നു. ഗള്‍ഫില്‍ നിന്നുള്ള ഓണ്‍ലൈന്‍ മാധ്യമത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡും ഇയാളുടെ കൈയ്യിലുണ്ടായിരുന്നുവെന്നാണ് സൂചന.
പരാതിക്കാരനായ ഒരു വ്യക്തി മാധ്യമപ്രവര്‍ത്തകനെന്ന പേരില്‍ ഡിജിപിയുടെ അരികിലെത്തി തന്റെ പരാതിയില്‍ നടപടിയാവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് പറഞ്ഞായിരുന്നു റവാഡ ചന്ദ്രശേഖര്‍ സംസാരിക്കുന്നതിനിടെ ഇദ്ദേഹം സംസാരിച്ചത്. സംസ്ഥാന പോലീസ് മേധാവിയാകാന്‍ അവസരം നല്‍കിയതിന് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നന്ദി പറഞ്ഞുകൊണ്ടാണ് റവാഡ ചന്ദ്രശേഖര്‍ സംസാരിച്ചത്. ലഹരിവ്യാപനത്തെ നേരിടാനുള്ള പ്രത്യേക നയം രൂപീകരിക്കുമെന്നും ഗുണ്ടകളെ നേരിടുന്ന പ്രവൃത്തികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ നടപടിയുണ്ടാകും. സൈബര്‍ സുരക്ഷയില്‍ പ്രത്യേക ശ്രദ്ധയുണ്ടാകും. പൊതുജനങ്ങള്‍ക്ക് നീതി കിട്ടാനുള്ള ശ്രമം ഉണ്ടാകും. സ്ത്രീകള്‍ക്കെതിരായ എല്ലാ അതിക്രമങ്ങളും ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെയാണ് അപ്രതീക്ഷിത രംഗങ്ങള്‍.
സര്‍വീസിലിരിക്കുമ്പോള്‍ തുടങ്ങിയ കേസുമായി ബന്ധപ്പെട്ട പരാതിയാണ് അദേഹം വാര്‍ത്താസമ്മേളനത്തിനിടെ ഉയര്‍ത്തിയത്. പിന്നീട് അദേഹത്തെ കോണ്‍ഫറന്‍സ് റൂമിലേക്ക് മാറ്റി. സംസ്ഥാന പൊലീസ് മേധാവിയുമായി സംസാരിക്കാന്‍ അവസരമുണ്ടാക്കുമെന്ന് പൊലീസ് ആസ്ഥാനത്ത് നിന്ന് അറിയിച്ചു. വിഷയത്തില്‍ ഗൗരവമുള്ള ശ്രദ്ധ നല്‍കുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു.