ഷാഹി ജുമാമസ്ജിദില്‍ സര്‍വേക്ക് അനുമതി നല്‍കിയത് സിവില്‍ കോടതി; എതിര്‍ത്ത് ജനകൂട്ടം പ്രതിഷേധിച്ചപ്പോള്‍ കല്ലേറും വെടിവെപ്പും; മൂന്ന് പേര്‍ മരിച്ച സംഭവം തെരഞ്ഞെടുപ്പു ക്രമക്കേടില്‍ ശ്രദ്ധതിരിക്കാനെന്ന് ആരോപിച്ചു അഖിലേഷ് യാദവ്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ പള്ളിസര്‍വേയെ എതിര്‍ത്ത് ജനക്കൂട്ടവും പോലീസുമായുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നയീം, ബിലാല്‍, നൗമന്‍ എന്നിവരാണ് മരിച്ചതെന്ന് മൊറാദാബാദ് ഡിവിഷണല്‍ കമ്മിഷണര്‍ ആഞ്ജനേയ കുമാര്‍ സിങ് പറഞ്ഞു. സംഘര്‍ഷത്തെത്തുടര്‍ന്ന് പത്തുപേര്‍ അറസ്റ്റിലായി.
കണ്ണീര്‍വാതകം പ്രയോഗിച്ചും ലാത്തിച്ചാര്‍ജ് നടത്തിയുമാണ് അക്രമാസക്തരായ ജനക്കൂട്ടത്തെ പോലീസ് പിരിച്ചുവിട്ടത്. പോലീസ് സൂപ്രണ്ടിന്റെ ഗണ്‍മാനും പരിക്കേറ്റു. ഷാഹി ജുമാമസ്ജിദില്‍ ഞായറാഴ്ച രാവിലെ ഉദ്യോഗസ്ഥര്‍ സര്‍വേനടപടികള്‍ ആരംഭിച്ചതിനെത്തുടര്‍ന്നാണ് ജനക്കൂട്ടം പ്രതിഷേധവുമായെത്തിയത്. 1529-ല്‍ മുഗള്‍ചക്രവര്‍ത്തി ബാബര്‍ ഭാഗികമായി തകര്‍ത്തെന്ന് പറയപ്പെടുന്ന ഹരിഹര്‍ മന്ദിറിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലാണ് ഷാഹി ജുമാമസ്ജിദ് നിര്‍മിച്ചതെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി അഭിഭാഷകന്‍ വിഷ്ണുശങ്കര്‍ ജെയിന്‍ നല്‍കിയ പരാതിയിലാണ് പ്രദേശിക സിവില്‍കോടതി സര്‍വേക്ക് അനുമതിനല്‍കിയത്.
ജനക്കൂട്ടത്തില്‍ ചിലര്‍ പോലീസിനുനേരേ കല്ലെറിഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഉത്തര്‍പ്രദേശ് പോലീസ് മേധാവി പ്രശാന്ത് കുമാര്‍ വ്യക്തമാക്കി. ക്രമസമാധാനം ഉറപ്പാക്കാന്‍ കൂടുതല്‍ പോലീസിനെ പള്ളിക്കുസമീപം വിന്യസിച്ചതായും സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതിഷേധക്കാരില്‍ ചിലര്‍ റോഡരികില്‍ പാര്‍ക്കുചെയ്തിരുന്ന വാഹനങ്ങള്‍ കത്തിച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍, തിരഞ്ഞെടുപ്പ് ക്രമക്കേടുകളില്‍നിന്ന് മനഃപൂര്‍വം ശ്രദ്ധതിരിക്കാന്‍വേണ്ടിയാണ് യു.പി. സര്‍ക്കാരും പോലീസുംചേര്‍ന്ന് അക്രമം സംഘടിപ്പിച്ചതെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബഹുജന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മായാവതി എന്നിവര്‍ ആരോപിച്ചു.