'ഞാന്‍ റഹ്‌മാനെ സ്നേഹിക്കുന്നു, വിശ്വസിക്കുന്നു; ഏറ്റവും മികച്ച വ്യക്തിത്വത്തിന് ഉടമ; വ്യാജ പ്രചാരണം അവസാനിപ്പിക്കണം; വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു പരത്തരുത്; അദ്ദേഹത്തിന്റെ പേരിന് കളങ്കമുണ്ടാക്കരുത്'; അഭ്യര്‍ത്ഥനയുമായി സൈറ ബാനു
'ഞാന്‍ റഹ്‌മാനെ സ്നേഹിക്കുന്നു, വിശ്വസിക്കുന്നു;
ചെന്നൈ: ഓസ്‌കാര്‍ പുരസ്‌ക്കാരം നേടിയ ഇന്ത്യന്‍ സംഗീതജ്ഞന്‍ എ ആര്‍ റഹ്‌മാന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് തന്റെ വിവാഹമോചനം പ്രഖ്യാപിച്ചത്. സൈബറിടത്തിലൂടെയാണ് ഭാര്യ സൈറാബാനുമായി വിവാഹം പിരിയുന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. എന്നാല്‍ ഇതിന് ശേഷം സൈബറിടത്തില്‍ പലവിധത്തിലുള്ള കഥകളാണ് പ്രചരിച്ചത്. ഇവരുടെ വിവാഹ മോചനത്തിന് നയിച്ചതിന് മറ്റു പലരെയും വലിച്ചിഴക്കുന്ന അവസ്ഥയുണ്ടായി.
മോഹിനി ഡേയുമായുള്ള ബന്ധമാണെന്ന തരത്തില്‍ അടക്കം സൈബറിടത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു. എന്നാല്‍ മോഹിനിയും റഹ്‌മാന്റെ മക്കളുമെല്ലാം ഈ അഭ്യൂഹങ്ങളെ വിമര്‍ശിക്കുകയും തള്ളിക്കളയുകയും ചെയ്തു. അപവാദ പ്രചരണം നടത്തിയവര്‍ക്കെതിരെ റഹ്‌മാന്‍ നിയമനടപടിയും സ്വീകരിച്ചു. ഇപ്പോള്‍ വിവാദങ്ങളില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സൈറാ ബാനു.
രണ്ടു മാസങ്ങളായി മുംബൈയിലാണ് സൈറാ ബാനു താമസിക്കുന്നത്. ആരോഗ്യസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സ തേടുകയാണ്. റഹ്‌മാനെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്നും സ്വകാര്യതയെ മാനിക്കണമെന്നും പറഞ്ഞ സൈറ ബാനു അദ്ദേഹത്തിന്റെ പേരിന് കളങ്കമുണ്ടാക്കുന്ന പ്രചരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും അഭ്യര്‍ഥിച്ചു. സൈബറിടത്തിലൂടെയാണ് സൈറയുടെ അഭ്യര്‍ഥന. ട
''ഞാന്‍ സൈറാ ബാനുവാണ്. ഇപ്പോള്‍ മുംബൈയിലാണ്. രണ്ടു മാസങ്ങളായി ഇവിടെയാണ്. ദയവ് ചെയ്ത് യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിനെതിരേ വ്യാജപ്രചരണം നടത്തരുത്. അദ്ദേഹത്തെ വെറുതെ വിടൂ. ഞാന്‍ അദ്ദേഹത്തെ വിശ്വസിക്കുന്നു, സ്നേഹിക്കുന്നു. ഈ ലോകത്ത് ഞാന്‍ കണ്ടതില്‍ ഏറ്റവും മല്ല മനുഷ്യനാണ് അദ്ദേഹം. എന്തുകൊണ്ട് സൈറ ചെന്നൈയില്‍ ഇല്ല എന്ന് പലരും ചോദിക്കുന്നു. ആരോഗ്യസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലാണ്. എന്റെയും അദ്ദേഹത്തിന്റെയും സ്വകാര്യത മാനിക്കണം. വളരെ ദുഷ്‌കരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഞങ്ങളുടെ ജീവിതം കടന്നുപോകുന്നത്. ഞാന്‍ ഇരുവരും സ്നേഹത്തോടെയും നൂറ് ശതമാനം പരസ്പരധാരണയോടെയും എടുത്ത തീരുമാനമാണിത്. വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു പരത്തരുത്''- സൈറ ഓഡിയോ പ്രസ്താവനയിലൂടെ പറഞ്ഞു.
നേരത്ത സൈറയുടെ അഭിഭാഷക വന്ദന ഷായാണ് വിവാഹമോചനത്തെക്കുറിച്ച് ഇരുവരുടേയും സംയുക്തപ്രസ്താവന പങ്കുവെച്ചത്. പരസ്പരധാരണയോടെ ഇരുവരും പിരിയുകയാണെന്ന് അറിയിക്കുന്ന സംയുക്തപ്രസ്താവനയാണ് സൈറയുടെ അഭിഭാഷക വന്ദന ഷാ പങ്കുവെച്ചത്. പരസ്പരം ഇഷ്ടപ്പെടുകയും മാനിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഒരുമിച്ചു തുടരാന്‍ പറ്റാത്ത രീതിയിലുള്ള വിടവ് ഇരുവരുടെയുംബന്ധത്തില്‍ രൂപപ്പെട്ടെന്നും അതാണ് ഈ തീരുമാനത്തിലേക്കു നയിച്ചതെന്നും അഭിഭാഷക വന്ദനാഷാ പ്രസ്താവനയില്‍ അറിയിച്ചു. വിഷമകരമായ ഈ സാഹചര്യത്തില്‍ ഇരുവരുടെയും സ്വകാര്യത മാനിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചിരുന്നു.
പിന്നാലെ പ്രതികരണവുമായി എ.ആര്‍. റഹ്‌മാനും രംഗത്തെത്തി. 'ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാകാര്യങ്ങള്‍ക്കും കാണാന്‍ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളാല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങള്‍ അര്‍ഥം തേടുകയാണ്. ആകെ തകര്‍ന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു', എന്നായിരുന്നു റഹ്‌മാന്റെ കുറിപ്പ്.