അയ്യപ്പ സംഗമത്തില്‍ നടന്നത് കൊള്ള; അഞ്ചു പേരുടെ ഭക്ഷണം കഴിക്കുന്ന ഭീമന്മാര്‍ പങ്കെടുത്തോ? വീരപ്പന്‍ ഇവരെ കണ്ടാല്‍ സാഷ്ടാംഗം നമസ്‌കരിക്കും; വാസവന് കച്ചേരി എന്താ ഗാനമേള എന്താണെന്ന് അറിയാത്തത് കൊണ്ടാണ് ഒന്നും മനസിലായില്ലെന്ന് പറഞ്ഞത്; രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍

അയ്യപ്പ സംഗമത്തില്‍ നടന്നത് കൊള്ള

Update: 2026-02-14 06:21 GMT

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കണക്ക് വിവാദത്തില്‍ സംസ്ഥാന സര്‍ക്കാറിനെയും ദേവസ്വം മന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ശബരിമല്ലയില്‍ വിഗ്രഹം മാത്രമാണ് ബാക്കിയുള്ളതെന്നും വിഗ്രഹം സ്വര്‍ണത്തില്‍ നിര്‍മിക്കാത്തതിനാല്‍ അത് എടുത്തു കൊണ്ട് പോയില്ലെന്നും മുരളീധരന്‍ ആരോപിച്ചു. അയ്യപ്പ സംഗമത്തോടെ ദേവസ്വം ബോര്‍ഡിന്റെ കാശും കൊണ്ടു പോയെന്നും അദ്ദേഹം ആരോപിച്ചു.

നാലായിരം പേര് പങ്കെടുത്ത സംഗമത്തില്‍ അയ്യായിരം പേര്‍ ഭക്ഷണം കഴിച്ചെന്നാണ് പറയുന്നത്. അഞ്ച് പേരുടെ ഭക്ഷണം ഒരാള്‍ കഴിച്ചോ എന്നും മുരളീധരന്‍ ചോദിച്ചു. അത്രയും വലിയ ഭീമന്മാര്‍ സംഗമത്തില്‍ പങ്കെടുത്തോ. സംഗമത്തില്‍ നടന്നത് കൊള്ളയാണ്. വീരപ്പന്‍ ഇവരെ കണ്ടാല്‍ സാഷ്ടാംഗം നമസ്‌കരിക്കും. വീരപ്പനെ പോലും തോല്‍പിച്ചു. വീരപ്പന്‍ ജീവിക്കാന്‍ വേണ്ടിയാണ് കൊള്ള നടത്തിയത്. ഇത് ഭരിക്കാന്‍ ഏല്‍പിച്ചിട്ട് കൊള്ള നടത്തുകയാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.

അയ്യപ്പ സംഗമത്തില്‍ കച്ചേരി നടത്താന്‍ ആരെയും ക്ഷണിച്ചിട്ടുമില്ല, ആരും കച്ചേരി നടത്താന്‍ വന്നതുമില്ല. എട്ട് ലക്ഷത്തിന്റെ ബില്‍ തയാറാക്കി. രണ്ട് ലക്ഷം കൊടുത്ത് വേറെ ആളെ കൊണ്ട് കച്ചേരി നടത്തി. വാസവന് കച്ചേരി എന്താ ഗാനമേള എന്താണെന്ന് അറിയാത്തത് കൊണ്ടാണ് ഒന്നും മനസിലായില്ലെന്ന് അദ്ദേഹം പറഞ്ഞത്.

ആകെ നാലുകോടിയേ ചെലവായുള്ളൂവെന്നും അത് സ്‌പോണ്‍സര്‍ഷിപ്പ് ആണെന്നുമാണ് മുന്‍ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞത്. 3.40 കോടി രൂപയുടെ നഷ്ടം ദേവസ്വം ബോര്‍ഡിന് ഉണ്ടായെന്നാണ് ഹൈകോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അയ്യപ്പ സംഗമത്തിന് കാല്‍കാശ് ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ എടുക്കാന്‍ പാടില്ലെന്നാണ് ഹൈകോടതി നിര്‍ദേശിച്ചിട്ടുള്ളത്. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് കാശ് എടുത്തത്.

അയ്യപ്പ സംഗമത്തില്‍ കിടന്ന് ഉറങ്ങാനാണോ 500 കട്ടില്‍ എത്തിച്ചത്. സ്റ്റേജ് കെട്ടുന്നതിന് പകരം കട്ടിലാണോ ഇടുന്നത്. മുഖ്യമന്ത്രിക്ക് സംഗമത്തിലേക്ക് വരാന്‍ ഇത്ര ലക്ഷം. മുഖ്യമന്ത്രിയുടെ യാത്രക്ക് സംസ്ഥാന സര്‍ക്കാരാണ് പണം ചെലവഴിക്കുന്നത്. സംഗമത്തില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്ക് പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ ലക്ഷം മുടക്കി താമസസൗകര്യം. ഹോട്ടല്‍ ബുക്ക് ചെയ്തത് സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫിസര്‍.

സംഗമം നടത്തിയത് സംസ്ഥാന സര്‍ക്കാര്‍ അല്ലെന്ന് പറയുമ്പോള്‍ സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫിസര്‍ എന്ത് അടിസ്ഥാനത്തിലാണ് മുറി ബുക്ക് ചെയ്തത്. നഗ്‌നമായ ലംഘനം നടന്നിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉളുപ്പിലാതെ നടക്കുന്നത്. സംഭവത്തില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ രാജിവെക്കണം. നിയമസഭയില്‍ തെറ്റായ കണക്ക് പറഞ്ഞ ദേവസ്വം മന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കാന്‍ യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ടെന്നും കെ. മുരളീധരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം, അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കണക്കുകള്‍ കനല്‍ പോലെ കത്തുന്നത് അവസാനിപ്പിക്കുമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ. ജയകുമാര്‍ ഇന്ന് പ്രതികരിച്ചത്. ചൊവ്വാഴ്ച നടക്കുന്ന ചര്‍ച്ചയിലേക്ക് സ്വകാര്യ ഓഡിറ്ററെയും വിളിക്കും. ഓഡിറ്റ് റിപ്പോര്‍ട്ടിലെ പല കാര്യങ്ങള്‍ക്കും ദേവസ്വം ബോര്‍ഡിന് മറുപടിയുണ്ട്. പരിപാടിക്ക് മുന്‍കൂറായ നല്‍കിയ മൂന്നു കോടി ബോര്‍ഡിന് തിരികെ കിട്ടിയെന്നും ജയകുമാര്‍ വ്യക്തമാക്കി.

മൂന്നു കോടി ആര്‍ക്കെല്ലാം കൊടുക്കണമെന്ന് ആലോചിക്കണം. പണം നല്‍കേണ്ടവരുമായി സംസാരിച്ച് തുകയില്‍ കുറവ് വരുത്താന്‍ ശ്രമിക്കും. പ്രശ്‌നത്തിന് പരിഹാരം കാണണം. ഇത്തരത്തില്‍ മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നില്ല. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വസ്തുതാപരമായി തെറ്റുണ്ടെന്നും അതെല്ലാം തിരുത്തണമെന്നും കെ. ജയകുമാര്‍ പറഞ്ഞു.

Tags:    

Similar News