ചൈന അതിര്‍ത്തിക്ക് സമീപം എന്‍. എച്ചില്‍ മോദിയുടെ ലാന്‍ഡിങ്; വടക്കുകിഴക്കന്‍ ഇന്ത്യയിലെ ആദ്യ എമര്‍ജന്‍സി ലാന്‍ഡിങ് അസമില്‍; ലാന്‍ഡിങിന് ശേഷം തേജസ്, സുഖോയ്, റഫാല്‍ യുദ്ധവിമാനങ്ങള്‍ അണിനിരന്ന 40 മിനിറ്റ് നീണ്ട വ്യോമാഭ്യാസ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു പ്രധാനമന്ത്രി

ചൈന അതിര്‍ത്തിക്ക് സമീപം എന്‍. എച്ചില്‍ മോദിയുടെ ലാന്‍ഡിങ്

Update: 2026-02-14 08:34 GMT

ഗുവാഹാട്ടി: അസമില്‍ ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കുകിഴക്കന്‍ ഇന്ത്യയിലെ ആദ്യ എമര്‍ജന്‍സി ലാന്‍ഡിങ് സൗകര്യത്തില്‍ സി-130 ജെ വിമാനത്തില്‍ മോദി പറന്നിറങ്ങി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി അസമിലെത്തിയത്. ചബുവ എയര്‍ഫീല്‍ഡില്‍ നിന്ന് എത്തിയ അദ്ദേഹം ദേശീയ പാത 37-ലാണ് ലാന്‍ഡ് ചെയ്തത്.

100 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ സൗകര്യം രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്കും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ മുതല്‍ക്കൂട്ടാകും. യുദ്ധവിമാനങ്ങള്‍ക്കും ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ക്കും ഒരേപോലെ ഉപയോഗിക്കാന്‍ കഴിയുന്ന ഈ റണ്‍വേ, ദിബ്രുഗഡ് വിമാനത്താവളത്തിന് ഒരു ബദലായി പ്രവര്‍ത്തിക്കും. 40 ടണ്‍ വരെയുള്ള യുദ്ധവിമാനങ്ങളെയും 74 ടണ്‍ ഭാരമുള്ള വലിയ വിമാനങ്ങളെയും വഹിക്കാനുള്ള ശേഷി ഇതിനുണ്ട്.

ലാന്‍ഡിങിന് ശേഷം തേജസ്, സുഖോയ്, റഫാല്‍ തുടങ്ങിയ യുദ്ധവിമാനങ്ങള്‍ അണിനിരന്ന 40 മിനിറ്റ് നീണ്ട വ്യോമാഭ്യാസ പ്രകടനത്തിന് പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു. തുടര്‍ന്ന് ഗുവാഹാട്ടിയെയും നോര്‍ത്ത് ഗുവാഹാട്ടിയെയും ബന്ധിപ്പിക്കുന്ന ബ്രഹ്‌മപുത്ര നദിക്ക് കുറുകെയുള്ള നിര്‍ണ്ണായകമായ പാലം അദ്ദേഹം ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ത്ഥ്യമായ ഈ പാലം ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും സഹായിക്കും.

ബംഗോറയില്‍ ഐ.ഐ.എം ഗുവാഹാട്ടിയുടെ താത്കാലിക കാമ്പസ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. കൂടാതെ, നഗരത്തിലെ വായുമലിനീകരണം കുറയ്ക്കുന്നതിനും കാര്‍ബണ്‍ ബഹിര്‍ഗമനം തടയുന്നതിനുമായി നൂറ് പുതിയ ഇലക്ട്രിക് ബസ്സുകളും അദ്ദേഹം ഫ്‌ലാഗ് ഓഫ് ചെയ്തു. ദേശീയപാതയുടെ ഒരു ഭാഗം വിമാനങ്ങള്‍ ഇറങ്ങാനും പറക്കാനും കഴിയുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തതാണ്. ഇതാണ് ഹൈവേ കം റണ്‍വേ. ഇഎല്‍എഫ് എന്നാല്‍ ഇലവേറ്റഡ് ലാന്‍ഡിങ് ഫെസിലിറ്റി എന്നാണ്. ഉയര്‍ന്ന പ്ലാറ്റ്‌ഫോം പോലുള്ള ഘടനയില്‍ നിര്‍മിച്ച റണ്‍വേ സംവിധാനമാണിത്. പ്രളയം പോലുള്ള സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കാനാവുന്ന രീതിയിലാണ് ഡിസൈന്‍.

അടിയന്തര സാഹചര്യങ്ങളില്‍ വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കാനാകാത്തപ്പോള്‍, ഹൈവേയിലെ ഇത്തരം ഭാഗങ്ങള്‍ എയര്‍സ്ട്രിപ്പുകളായി ഉപയോഗിക്കാന്‍ സാധിക്കും. ഇത് വിമാനത്താവളത്തിന് പകരമല്ല, പക്ഷേ, അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന ഒരു ബായ്ക്കപ്പ് ലാന്‍ഡിങ് സംവിധാനം ആണ്. യുദ്ധസമയത്ത് അല്ലെങ്കില്‍ സുരക്ഷാ അടിയന്തരാവസ്ഥയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ ഇവിടെ ഇറക്കാം. സൈനിക സഹായം വേഗത്തില്‍ എത്തിക്കാന്‍ ഇതുപകാരപ്പെടും. വ്യോമതാവളങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ പകരം ഉപയോഗിക്കാം.

അസം സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന മേഖലയാണ് മൊറാന്‍. അരുണാചല്‍ചൈന അതിര്‍ത്തിക്ക് സമീപമുള്ള മേഖല ആയതിനാല്‍ പ്രതിരോധ രംഗത്ത് ഏറെ പ്രധാന്യമര്‍ഹിക്കുന്ന ഒന്നാണിത്. പ്രളയം, ഭൂകമ്പം പോലുള്ള ദുരന്തങ്ങളില്‍ സഹായവസ്തുക്കള്‍ എത്തിക്കാനും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും ഈ റണ്‍വേ സ്ട്രിപ്പ് സഹായകരമാകും.

യമുന എക്‌സ്പ്രസ്വേ (യുപി), രാജസ്ഥാന്‍ (എന്‍എച്ച് 925), ആന്ധ്രാപ്രദേശ് (എന്‍എച്ച് 16 ബപത്ല) എന്നിവിടങ്ങളില്‍ ദേശീയപാതകളില്‍ റണ്‍വേ സ്ട്രിപ്പുകള്‍ വികസിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, ബംഗാള്‍, ഗുജറാത്ത്, ബിഹാര്‍, ഹരിയാന, തമിഴ്‌നാട്, പഞ്ചാബ് ഉള്‍പ്പെടെ രാജ്യത്തെ 28 ഇടങ്ങളില്‍ ഇത്തരം ഇഎല്‍എഫുകള്‍ക്ക് സര്‍ക്കാര്‍ പദ്ധതിയൊരുക്കുന്നുണ്ട്.

Tags:    

Similar News