വലിയ ശബ്ദം കേട്ടാണ് രജതും നിഷുവും അപകടം നടന്ന സ്ഥലത്തേക്ക് എത്തിയത്; തീപിടച്ച കാറില്‍ നിന്ന് അവര്‍ പന്തിനെ രക്ഷിക്കുമ്പോള്‍ അവര്‍ക്ക് അറിയില്ലായിരുന്ന അതൊരു ഇന്ത്യന്‍ ക്രിക്കറ്റ് പ്ലയറാണെന്ന്; ഒന്നും നോക്കാതെ തന്റെ ജീവന്‍ രക്ഷിച്ച ഇവര്‍ക്ക് പന്ത് സമ്മാനമായി നല്‍കിയത് രണ്ട് സ്‌കൂട്ടര്‍; അപകടത്തിന് രണ്ട് വര്‍ഷത്തിന് ശേഷം ലോകത്തിന് പരിചയപ്പെടുത്തുവാണ് പന്തിന്റെ രക്ഷകരെ

Update: 2024-11-24 06:44 GMT

തീപിടിച്ച കാറില്‍ നിന്ന് അവര്‍ ആ ജീവന്‍ രക്ഷിക്കുമ്പോള്‍ അവര്‍ക്കറിയില്ലായിരുന്നു അതൊരു ഇന്ത്യന്‍ ക്രിക്കറ്റ് പ്ലയര്‍ ആണെന്നും അത് റിഷഭ് പന്താണെന്നും. വലിയ ശബ്ദം കേട്ടാണ് രജത് കുമാറും നിഷു കുമാറും അപകടം നടന്ന സ്ഥലത്തേക്ക് എത്തിയത്. പാതി കത്തിയ കാറില്‍ ജീവന് വേണ്ടി തുടക്കുകയായിരുന്നു പന്ത്.

തീപിടിച്ച കാറിനടുത്തെത്തിയ ഇരുവരും സമയം ഒട്ടും പാഴാക്കാതെ ഗ്ലാസ് വഴി പന്തിനെ കാറില്‍ നിന്ന് പിടിച്ചിറക്കി. കാറില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ താരത്തിന്റെ ദേഹമാസകലം രക്തമായിരുന്നു. ഈ സമയം അതുവഴി വന്ന ഹരിയാണ റോഡ്വെയ്‌സിന്റെ ബസിലെ ജീവനക്കാരുടെ കൂടി സഹായത്തോടെയാണ് ഇരുവരും ആംബുലന്‍സ് വിളിച്ച് താരത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചത്. പന്തിനൊപ്പം ആശുപത്രിയിലേക്ക് കൂട്ടുപോയതും ഇവര്‍ തന്നെ.

ഉത്തരാഖണ്ഡിലെ റൂര്‍ക്കിക്ക് സമീപമുള്ള ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുകയാണ് രണ്ട് പേരും. ഒരു മാധ്യമപ്രവര്‍ത്തകനാണ് പന്തിന്റെ അപകടത്തിന് രണ്ട് വര്‍ഷത്തിന് ശേഷം പന്തിനെ രക്ഷിച്ച ആ രണ്ട് പേരെ ലോകത്തിന് പരിചയപ്പെടുത്തി കൊടുത്തത്. അപകടത്തിലേറ്റ പരിക്കുകളെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം പന്തിന് സജീവ ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കേണ്ടിവന്നു. പരിക്കുകളെല്ലാം ഭേദമായ ശേഷം താരം ആദ്യമെത്തിയത് രജത്തിനും നിഷുവിനും നന്ദിപറയാനായിരുന്നു. അവര്‍ക്ക് രണ്ട് സ്‌കൂട്ടറുകളും താരം അന്ന് സമ്മാനിച്ചിരുന്നു.

ഒരുപക്ഷേ ജീവന്‍ തന്നെ നഷ്ടപ്പെടുമായിരുന്ന ആ കാറപകടത്തില്‍ നിന്ന് പന്തിനെ ജീവിതത്തിലേക്ക് വലിച്ചെടുത്തത് രജത്തും നിഷുവുമായിരുന്നു. അപകടത്തില്‍പ്പെട്ടത് ആരെന്ന് പോലും നോക്കാതെ ഉടന്‍ തന്നെ പന്തിനെ ആശുപത്രിയിലെത്തിക്കാനുള്ള വഴിനോക്കിയതും ഈ ഫാക്ടറി ജീവനക്കാര്‍ തന്നെ. ഇന്ന് പന്ത് സമ്മാനിച്ച സ്‌കൂട്ടറുകളിലാണ് ഇരുവരും സഞ്ചരിക്കുന്നത്.

2022 ഡിസംബര്‍ 30-ാം തീയതി പുലര്‍ച്ചെയാണ് പന്ത് ഓടിച്ച കാര്‍ ഉത്തരാഖണ്ഡ് ഹരിദ്വാറിലെ ഡല്‍ഹി - ദെഹ്റാദൂണ്‍ ഹൈവേയില്‍ മംഗളൗരിയില്‍ അപകടത്തില്‍പ്പെട്ടത്. അതിവേഗത്തിലെത്തിയ കാര്‍ ഡിവൈഡറില്‍ ഇടിച്ച് കത്തുകയായിരുന്നു. പന്തിനെ ആശുപത്രിയില്‍ എത്തിച്ച സമയം കൊണ്ട് കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു.

Tags:    

Similar News