സെലക്ഷന്‍ സ്‌ക്രീനിങ്ങിന്റെ മറവില്‍ രാത്രി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ശരീരത്തില്‍ കടന്നുപിടിച്ച് അതിക്രമം; മാനസികമായി തളര്‍ന്ന അതിജീവിത; തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് മാക്‌സിമം വാദിക്കുന്ന കാഴ്ച്ച; കുറ്റകരമായ ബലപ്രയോഗം നടത്തിയെന്നും പോലീസ് കണ്ടെത്തല്‍; കുഞ്ഞുമുഹമ്മദിന് കുരുക്ക് മുറുകുമോ?
തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും സാംസ്‌കാരിക പ്രവർത്തകനുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെയുള്ള ലൈംഗികാതിക്രമക്കേസിൽ പോലീസ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ ഗുരുതരമായ കണ്ടെത്തലുകൾ സമർപ്പിച്ചു. പരാതിക്കാരിയായ ചലച്ചിത്ര പ്രവർത്തകയ്ക്ക് നേരെ ലൈംഗിക സ്വഭാവത്തോടെയുള്ള കുറ്റകരമായ ബലപ്രയോഗമാണ് കുഞ്ഞുമുഹമ്മദ് നടത്തിയതെന്ന് പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയ പോലീസ് റിപ്പോർട്ടിലും കേസ് ഡയറിയിലുമാണ് ഇയാൾക്കെതിരെയുള്ള കൃത്യമായ ആരോപണങ്ങൾ പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ നവംബർ ആറിന് രാത്രിയിലാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു. ചലച്ചിത്ര പ്രവർത്തകയെ മുറിയിലേക്ക് വിളിച്ചുവരുത്തി ഇയാൾ അതിക്രമം നടത്തുകയായിരുന്നു. പരാതിക്കാരിയെ കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിൽ ശക്തമായ വാദപ്രതിവാദങ്ങൾ നടന്നു. പരാതി നൽകാൻ വൈകിയത് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം വാദിച്ചത്. നവംബർ ആറിന് നടന്ന സംഭവത്തിൽ നവംബർ 27-ന് മാത്രം പരാതി നൽകിയത് ദുരൂഹമാണെന്നും, ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും കുഞ്ഞുമുഹമ്മദിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
എന്നാൽ, ഈ വാദത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. സംഭവത്തിന് ശേഷം പരാതിക്കാരിക്ക് കടുത്ത മാനസിക-ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നതായും ഇതിനെത്തുടർന്ന് അവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ഇക്കാരണത്താലാണ് പരാതി നൽകാൻ വൈകിയത് എന്ന പോലീസിന്റെ വാദം കോടതിയിൽ പ്രാധാന്യത്തോടെ പരിഗണിക്കപ്പെട്ടു.
തനിക്കെതിരെ ഉയർന്നത് കള്ളക്കേസാണെന്നാണ് പി.ടി. കുഞ്ഞുമുഹമ്മദ് കോടതിയിൽ ആവർത്തിച്ചത്. പരാതിയിൽ വലിയ ദുരൂഹതയുണ്ടെന്നും, സംഭവം നടന്നുവെന്ന് പറയപ്പെടുന്നതിന്റെ തൊട്ടടുത്ത ദിവസം പോലും ചലച്ചിത്ര പ്രവർത്തക തനിക്ക് വാട്സാപ്പിൽ സാധാരണ രീതിയിൽ സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന് തെളിവായി തന്റെ ഫോണിലെ വാട്സാപ്പ് ചാറ്റുകളുടെ വിവരങ്ങളും അദ്ദേഹം കോടതിക്ക് കൈമാറി.
സാംസ്‌കാരിക-സിനിമാ രംഗത്ത് സജീവമായി നിൽക്കുന്ന പി.ടി. കുഞ്ഞുമുഹമ്മദിനെതിരെയുള്ള ആരോപണം വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. അദ്ദേഹത്തിനെതിരെ കേസെടുക്കാൻ പോലീസ് വൈകിയെന്നാരോപിച്ച് നേരത്തെ വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു. അന്വേഷണം സത്യസന്ധമായി മുന്നോട്ടു കൊണ്ടുപോകണമെന്നും സാംസ്‌കാരിക നായകർ എന്ന് വിശേഷിപ്പിക്കപ്പെടുന്നവർ ഇത്തരത്തിലുള്ള ആരോപണങ്ങളിൽ പെടുന്നത് ഗൗരവകരമാണെന്നും വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്.
കേസിൽ കുഞ്ഞുമുഹമ്മദ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ശനിയാഴ്ച വിധി പറയും. പോലീസിന്റെ റിപ്പോർട്ട് ഗൗരവകരമായതിനാൽ കോടതിയുടെ തീരുമാനം നിർണ്ണായകമാകും. നിലവിൽ കുറ്റകരമായ ബലപ്രയോഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് പോലീസ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിരിക്കുന്നത്.
