'അന്യായമായി സംഘം ചേര്‍ന്ന് വഴി തടഞ്ഞു'; ആശാ വര്‍ക്കേഴ്‌സിന്റെ സമരത്തില്‍ പങ്കെടുത്ത പതിനാല് പേര്‍ക്ക് പൊലീസ് നോട്ടീസ്; ജോസഫ് സി മാത്യുവും കെ ജി താരയും അടക്കമുള്ളഴവര്‍ 48 മണിക്കൂറിനകം സ്റ്റേഷനില്‍ ഹാജരാകണമെന്ന് നിര്‍ദേശം; ആശമാരുടെ സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ്

ആശാ വര്‍ക്കേഴ്‌സിന്റെ സമരത്തില്‍ പങ്കെടുത്ത പതിനാല് പേര്‍ക്ക് പൊലീസ് നോട്ടീസ്

Update: 2025-02-26 12:28 GMT

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വര്‍ക്കേഴ്‌സിന്റെ സമരത്തില്‍ നടപടിയുമായി പോലീസും. സമരം ചെയ്യുന്ന ആശമാര്‍ക്ക് വീണ്ടും പൊലീസ് നോട്ടീസയച്ചു. അന്യായമായി സംഘം ചേര്‍ന്ന് വഴി തടഞ്ഞെന്ന് കാട്ടിയാണ് നോട്ടീസ്. സമര നേതാക്കളും സമരവേദിയില്‍ എത്തിയ പൊതുപ്രവര്‍ത്തകരുമായ 14 പേര്‍ക്കെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് നോട്ടീസ് അയച്ചത്. ഡോ.കെ.ജി താര, ഡോ. എം.ബി മത്തായി, ജോസഫ് സി. മാത്യു എന്നിവര്‍ക്ക് നോട്ടീസ് അയച്ചു.

ആശാ വര്‍ക്കര്‍മാര്‍ എത്രയും വേഗം തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഏതെങ്കിലും പ്രദേശത്ത് ആശാവര്‍ക്കര്‍ തിരിച്ചെത്തിയില്ലെങ്കില്‍ മറ്റു വാര്‍ഡുകളിലെ ആശാവര്‍ക്കമാര്‍ക്ക് പകരം ചുമതല നല്‍കണം. ഇതിനോടും ആശാവര്‍ക്കര്‍മാര്‍ സഹകരിച്ചില്ലെങ്കില്‍ ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്കോ സന്നദ്ധ പ്രവര്‍ത്തകര്‍ക്കോ ചുമതല നല്‍കണമെന്നാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ്.

എല്ലാ ആശമാരും അടിയന്തരമായി തിരികെ പ്രവേശിക്കണമെന്ന് കാട്ടി കഴിഞ്ഞ ദിവസം എന്‍ എച്ച് എം ഉത്തരവ് ഇറക്കിയിരുന്നു. തിരികെ പ്രവേശിച്ചില്ലെങ്കില്‍ ഒഴിവുള്ള സ്ഥലങ്ങളില്‍ പകരം ക്രമീകരണം ഒരുക്കണമെന്നാണ് നിര്‍ദേശം. ജനങ്ങള്‍ക്ക് ആശമാര്‍ സേവനം ലഭ്യമാക്കുന്നുണ്ടോ എന്നകാര്യം മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉറപ്പു വരുത്തണമെന്നും നാഷ്ണല്‍ ഹെല്‍ത്ത് മിഷന്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു.

ആശാവര്‍ക്കര്‍മാര്‍ക്ക് മൂന്നുമാസ കുടിശികയില്‍ നിന്ന് രണ്ടുമാസ കുടിശ്ശികയുടെ പണം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഒരു മാസത്തെ ഓണറേറിയം മാത്രമാണ് എത്തിയത് എന്ന് സമരക്കാര്‍ പറയുന്നു. ഓണറേറിയം വര്‍ധന, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ആശാ വര്‍ക്കേഴ്‌സ് അറിയിച്ചിരുന്നു.

വേതന വര്‍ധനവ് ഉള്‍പ്പെടെ ആവശ്യപ്പെട്ടുള്ള ആശാ വര്‍ക്കേഴ്‌സ് സമരം 17 ആം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. സമരം ചെയ്യുന്ന ആശ വര്‍ക്കേഴ്‌സിന് പിന്തുണ ഏറുകയാണ്. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സെക്രട്ടറിയേറ്റിലെ സമരപ്പന്തലില്‍ എത്തി. അതേസമയം ആശമാരുടെ സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു.

ആശമാര്‍ക്ക് പിന്തുണയുമായി അടുത്ത മാസം 3ന് സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും. ആശമാര്‍ക്കെതിരായ സര്‍ക്കുലര്‍ നാളെ പഞ്ചായത്ത് ഓഫീസുകള്‍ക്ക് മുന്നില്‍ കത്തിച്ച് പ്രതിഷേധിക്കും. കലക്ട്രേറ്റുകളിലേക്കും പ്രതിഷേധം സംഘടിപ്പിക്കും. ആശ വര്‍ക്കര്‍മാരുടെ സമരം പൊളിക്കാന്‍ സി.പി.എമ്മിനെ അനുവദിക്കില്ലെന്ന് സതീശന്‍ പറഞ്ഞു. ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ സി.ഐ.ടി.യു ബദല്‍ സമരം സംഘടിപ്പിക്കുന്നത് കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് ചേര്‍ന്ന നടപടിയാണോയെന്ന് സി.പി.എം പരിശോധിക്കണം. ആശ വര്‍ക്കര്‍മാരുടെ സമരം പൊളിക്കാന്‍ സമ്മതിക്കില്ല.

പൂര്‍ണ പിന്തുണയുമായി കോണ്‍ഗ്രസും യു.ഡി.എഫും ഒപ്പമുണ്ട്. ന്യായമായ സമരമാണെന്നു തോന്നിയതു കൊണ്ടാണ് പിന്തുണ നല്‍കിയത്. വേതന വര്‍ധനവിന് വേണ്ടി ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തെ എത്ര മോശമായാണ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ അപഹസിക്കുന്നത്. ഇത് കേരളത്തില്‍ നടക്കുന്ന ആദ്യ സമരമാണോ? എത്രയോ അനാവശ്യ സമരങ്ങള്‍ നടന്നിട്ടുണ്ട്. സമരത്തിന്റെ പേരില്‍ എന്തെല്ലാം അതിക്രമങ്ങളാണ് സി.പി.എം ചെയ്തിട്ടുള്ളത്. ബസില്‍ സഞ്ചരിച്ചവരെ ജീവനോട് കത്തിച്ച പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. സി.പി.എം പഴയ സമരചരിത്രങ്ങള്‍ മറന്നു പോയോ? സമരം ചെയ്യുന്നവരോട് സിപിഎമ്മിന് അസഹിഷ്ണുതയും പുച്ഛവുമാണ്.

ഭീഷണിപ്പെടുത്തിയും അവഹേളിച്ചും പാവപ്പെട്ട സ്ത്രീകള്‍ ചെയ്യുന്ന സമരത്തെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ മാവോസ്സായിസ്റ്റുകളാണെന്നാണ് ആക്ഷേപം. സമരം ചെയ്യുന്ന ആളുകളുടെ ശമ്പളം എഴുതേണ്ടെന്നാണ് പറയുന്നത്. സി.പി.എം കാട്ടുന്നത് മാടമ്പിത്തരമാണ്. കേരളത്തില്‍ ഇപ്പോഴുള്ളത് ഇടതുപക്ഷ സര്‍ക്കാരല്ല, തീവ്ര വലതുപക്ഷ സര്‍ക്കാരാണ്. എന്നു മുതലാണ് ഇവര്‍ മേലാളന്മാരും മുതലാളിമാകും ആയത്. അധികാരത്തിന്റെ അഹങ്കാരം സി.പി.എമ്മിന്റെ തലയ്ക്കു പിടിച്ചിരിക്കുകയാണ്. ജനങ്ങള്‍ ഇതിന് മറുപടി നല്‍കും.

സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ പാറഖനനം നടത്തിയതിന്റെ 27 റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നത്. ഇതെല്ലാം മറച്ചുവെച്ചു കൊണ്ട് ഈ നേതാക്കളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ വീണ്ടും ഖനനത്തിന് അവസരം ഒരുക്കിക്കൊടുക്കുകയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Tags:    

Similar News