'മധുരിക്കും ഓർമകളേ...മലർമഞ്ചൽ കൊണ്ടുവരൂ..!!'; സ്റ്റേഷനിലെ ഓണാഘോഷ പരിപാടിയിൽ എല്ലാം മറന്ന് ആടിപ്പാടിയ പോലീസുകാരൻ; വീട്ടിൽ മടങ്ങിയെത്തിയതും അറിയുന്നത് താങ്ങാനാകാത്ത വേർപാട്; അപ്രതീക്ഷിതമായി കുഴഞ്ഞ് വീണ് മരണം; നാടിന് തന്നെ വേദനയായി ആ 42-കാരന്റെ വിയോഗം

Update: 2025-09-04 07:23 GMT

കോട്ടയം: ഓണാഘോഷ പരിപാടികൾക്ക് ശേഷം വീട്ടിലെത്തിയ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സതീഷ് ചന്ദ്രൻ (42) കുഴഞ്ഞുവീണ് മരിച്ചു. ചൊവ്വാഴ്ച സ്റ്റേഷനിൽ നടന്ന ഓണാഘോഷ ചടങ്ങുകളിൽ സജീവമായി പങ്കെടുത്തതിന് മണിക്കൂറുകൾക്ക് ശേഷമാണ് സംഭവം നടക്കുന്നത്.

ഈസ്റ്റ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിൽ സഹപ്രവർത്തകർക്കൊപ്പം പാട്ടും കളിയുമായി പങ്കെടുത്തതിന് ശേഷം വീട്ടിലെത്തിയ സതീഷ് ചന്ദ്രൻ രാത്രി 9.30 ഓടെയാണ് അപ്രതീക്ഷിതമായി കുഴഞ്ഞുവീണത്. വീട്ടുകാർ ഉടൻതന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ഒരാഴ്ച മുൻപ് പൊലീസ് ക്വാർട്ടേഴ്സിലെ കുട്ടികൾക്കായി ഓണാഘോഷം സംഘടിപ്പിക്കുന്നതിൽ മുൻനിരയിൽ നിന്നതും സതീഷ് ചന്ദ്രനായിരുന്നു. സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ജോലി ക്രമീകരണങ്ങൾ ചെയ്യുന്ന സ്റ്റേഷൻ അസിസ്റ്റന്റ് റൈറ്റർ കൂടിയായിരുന്ന ഇദ്ദേഹം സഹപ്രവർത്തകർക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്നു. "മധുരിക്കും ഓർമകളേ, മലർമഞ്ചൽ കൊണ്ടുവരൂ, കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ..." എന്ന ഗാനം ഓണാഘോഷത്തിനിടെ പാടി ആസ്വദിച്ചതിന് തൊട്ടുപിന്നാലെയാണ് സതീഷ് ചന്ദ്രന്റെ അപ്രതീക്ഷിത വിയോഗം. സതീഷ് ചന്ദ്രന്റെ ഭാര്യ: സവിത. മക്കൾ: അഭിനവ്, അശ്വിന്ത്, അഭിനന്ദ്.

അതേസമയം, മറ്റൊരു സംഭവത്തിൽ പാലക്കാടും ഒരു പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അർജുൻ (36) ആണ് ഷൊർണൂരിലെ ഒരു സ്വകാര്യ കെട്ടിടത്തിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് കൊടുന്തിരപ്പിള്ളി സ്വദേശിയായ ഇദ്ദേഹം നിലവിൽ ഷൊർണൂർ പരുത്തിപ്ര പൊലീസ് ക്വാർട്ടേഴ്സിലായിരുന്നു താമസം. ഇദ്ദേഹത്തിന്റെ മരണകാരണം വ്യക്തമായിട്ടില്ല.

തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.

Tags:    

Similar News