ചോര പുരണ്ട കൈയുമായി നില്‍ക്കുന്ന വിജയ്യുടെ പോസ്റ്റര്‍; കൊലയാളിയായ വിജയ്യെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; ആ തമിഴ്‌നാട് വിദ്യാര്‍ത്ഥി കൂട്ടായ്മയ്ക്ക് പിന്നില്‍ ഡിഎംകെയും സെന്തില്‍ ബാലാജിയുമെന്ന് ടിവികെ; വിജയ്ക്കെതിരെ പൊലീസ് കേസെടുക്കും; നീക്കം സ്റ്റാലിന് നിയമോപദേശം ലഭിച്ചതോടെ; കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ കരൂരിലെ ദുരന്തസ്ഥലത്ത്
കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ കരൂരിലെ ദുരന്തസ്ഥലത്ത്
ചെന്നൈ: 41 പേരുടെ ജീവനെടുത്ത കരൂര്‍ റാലി ദുരന്തത്തിന് പിന്നാലെ തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്യെ പ്രതിയാക്കി തമിഴ്‌നാട് പൊലീസ് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യും. ഇക്കാര്യത്തില്‍ കോടതിയുടെ നിര്‍ദേശം വന്നില്ലെങ്കിലും കേസ് എടുക്കാമെന്ന് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ അറിയിച്ചതായാണ് വിവരം. അറസ്റ്റുണ്ടായാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കം പൊലീസ് നടത്തും. വിജയ്ക്കെതിരെ കേസെടുത്ത് നിയമ നടപടിയുമായി മുന്നോട്ടു പോകാമെന്നുള്ള നിയമോപദേശവും മുഖ്യമന്ത്രിക്കു ലഭിച്ചിരുന്നു. വിജയ്ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്താല്‍ ടി.വി.കെ അത് ഡി.എം.കെയ്‌ക്കെതിരെ രാഷ്ട്രീയ ആയുധം ആക്കുമെന്ന ആശങ്കയിലാണ് അറസ്റ്റ് വൈകിക്കുന്നതെന്നാണ് വിവരം. അതിനിടെ, കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ കരൂരിലെ ദുരന്തസ്ഥലം സന്ദര്‍ശിച്ചു. തമിഴ്‌നാട്ടില്‍നിന്നുള്ള കേന്ദ്രസഹമന്ത്രി എല്‍.മുരുകന്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ നിര്‍മലയ്‌ക്കൊപ്പമുണ്ടായിരുന്നു.
അതേ സമയം വിജയ്‌ക്കെതിരെ കരൂര്‍ നഗരത്തിലാകെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. കൊലയാളിയായ വിജയ്യെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററാണ് കരൂര്‍ നഗരത്തിലാകെ പതിച്ചിരിക്കുന്നത്. തമിഴ്‌നാട് വിദ്യാര്‍ത്ഥി കൂട്ടായ്മ എന്ന പേരിലാണ് ചോര പുരണ്ട കൈയുമായി നില്‍ക്കുന്ന വിജയ്യുടെ ചിത്രത്തോടെയുള്ള പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. വിജയ്ക്കെതിരായ പോസ്റ്ററുകള്‍ക്ക് പിന്നില്‍ ഡിഎംകെയും സെന്തില്‍ ബാലാജിയും ആണെന്നാണ് ടിവികെ ആരോപിക്കുന്നത്.
അതേ സമയം കരൂര്‍ ദുരന്തത്തിന് പിന്നാലെ ചെന്നൈയിലെ വസതിയിലെത്തിയ ടിവികെ അദ്ധ്യക്ഷനും നടനുമായ വിജയ് ഇന്ന് രാവിലെ പുറത്തിറങ്ങി. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിമുതല്‍ ഇന്ന് രാവിലെ 10 മണിവരെ വിജയ് തന്റെ നീലങ്കരയിലെ വസതിയിലായിരുന്നു. 10 മണിക്കാണ് വീട്ടില്‍ നിന്ന് കറുത്ത നിറമുള്ള കാറില്‍ പുറത്തേക്ക് പോയത്. എങ്ങോട്ടാണ് പോയതെന്ന് വ്യക്തമല്ല. പാര്‍ട്ടി ഓഫീസിലേക്കോ, വിമാനത്താവളത്തിലേക്കോ പോകാനാണ് സാദ്ധ്യത. പൊലീസ് സംരക്ഷണത്തിലാണ് നടന്‍ പുറത്തിറങ്ങിയത്. കരൂരിലേക്ക് പോകാന്‍ വിജയ് അനുമതി തേടിയെങ്കിലും പൊലീസ് നിഷേധിച്ചിരുന്നു. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവും പുരോഗമിക്കുകയാണ്. റാലി നയിച്ചത് ടി.വി.കെ പ്രസിഡന്റ് വിജയ് ആണ്. എന്നാല്‍ ഇതുവരെ കേസെടുത്തത് ടി.വി.കെ സംസ്ഥാന ജനറല്‍ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്റ് സെക്രട്ടറി സി.ടി നിര്‍മല്‍ കുമാര്‍ കരൂര്‍ ജില്ലാ സെക്രട്ടറി മതിയഴകന്‍ എന്നിവര്‍ക്കെതിരെയാണ്. മനഃപ്പൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്.
വിജയ്യുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 65 വയസ്സുകാരി സുഗുണയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 പേര്‍ ആശുപത്രി വിട്ടു. നിലവില്‍ 50 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരില്‍ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. മൃതദേഹങ്ങളെല്ലാം തിരിച്ചറിഞ്ഞു. 10 പേര്‍ കുട്ടികളും 17 പേര്‍ സ്ത്രീകളുമാണ്. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 2 ലക്ഷം വീതവും സഹായ ധനം നല്‍കുമെന്ന് ടി.വി.കെ അറിയിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്റെ ഇരട്ടി തുകയാണിത്.