'ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കല്‍; തിടുക്കപ്പെട്ട് കൊണ്ട് വരുന്നത് നിഷ്‌കളങ്കമായി കാണാന്‍ കഴിയില്ല; പുറന്തള്ളലിന്റെ രാഷ്ട്രീയം'; എസ്‌ഐആറിനെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കി കേരള നിയമസഭ
എസ്‌ഐആറിനെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കി കേരള നിയമസഭ
തിരുവനന്തപുരം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടര്‍ പട്ടിക പുനഃപരിശോധനയ്ക്കെതിരെ കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം പിന്തുണച്ചു. വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന ആശങ്ക വ്യാപകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബിഹാറില്‍ നടന്ന എസ്ഐആര്‍ പ്രക്രിയ ഇത്തരം ആശങ്കകളെ ശരിവെക്കുന്നതുമാണ്. പുറന്തള്ളലിന്റെ രാഷ്ട്രീയമാണ് ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ കാണുന്നത്. വോട്ടര്‍പട്ടികയില്‍ നിന്നും യുക്തിരഹിതമായ ഒഴിവാക്കലാണ് ബിഹാറില്‍ നടന്നത്. അതേ രീതിയാണ് ദേശീയ അടിസ്ഥാനത്തില്‍ ലക്ഷ്യമിടുന്നത് എന്ന സംശയവും രാജ്യവ്യാപകമായി നിലവിലുണ്ടെന്നും നിയമസഭ ഏകകണ്‌ഠേന അംഗീകരിച്ച പ്രമേയത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
ബിഹാര്‍ എസ്‌ഐആര്‍ പ്രക്രിയയുടെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെത്തന്നെ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കൂടി തിടുക്കപ്പെട്ട് ഇതേ പ്രക്രിയ കൊണ്ടുവരുന്നതിനെ നിഷ്‌കളങ്കമായി കാണാന്‍ കഴിയില്ല. ദീര്‍ഘകാല തയാറെടുപ്പും കൂടിയാലോചനയും ആവശ്യമായ എസ്‌ഐആര്‍ പോലുള്ള പ്രക്രിയ ഇത്തരത്തില്‍ തിടുക്കത്തില്‍ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നു. സുതാര്യമായി പുതുക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കേരളത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഉള്ളതുപോലെയുള്ള അനധികൃത കുടിയേറ്റങ്ങള്‍ക്ക് സാധ്യത ഇല്ലാത്തതിനാല്‍ സംസ്ഥാനത്ത് എസ്ഐആര്‍ അപ്രസക്തമാണെന്ന് പ്രമേയത്തില്‍ പറയുന്നു. കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും എസ്ഐആറിനെതിരായ നിലപാട് വ്യക്തമാക്കിയിരുന്നു.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം അത്ര നിഷ്‌കളങ്കമായി കാണാനാകില്ല എന്നുള്ളതാണ് പ്രമേയത്തിന്റെ അന്തഃസത്ത. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയത്തിന്റെ നിഴലിലാണ്. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണോ അത് വളഞ്ഞ നടപ്പാക്കാനുള്ള നീക്കമാണോ നടക്കുന്നത് എന്നുള്ള സംശയം പ്രകടിപ്പിച്ചുള്ള പ്രമേയമാണ് മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷം ചില ഭേദഗതി നിര്‍ദ്ദേശങ്ങള്‍ കൂടി മുന്നോട്ടുവെച്ചു.
എന്‍. ഷംസുദ്ദീന്‍, പി.സി. വിഷ്ണുനാഥ്, ടി. സിദ്ദീക്ക് അടക്കമുള്ളവര്‍ ചില ഭേദഗതി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെച്ചു. അതില്‍ ചില നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് സഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരിക്കുന്നത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി മുന്നോട്ടു പോകുന്നത് സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെയും പിന്നാലെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെയും പ്രതികൂലമായി ബാധിക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ തന്നെയാണ് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ടത്. അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതും അവരുടെ ചുമതലയാണ്. ഇത് സ്വാഭാവികമായും തദ്ദേശ തിരഞ്ഞെടുപ്പ് ഇത്ര അടുത്ത് നില്‍ക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഇരട്ടി ഭാരമാകുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
തീവ്ര പുനര്‍പരിശോധനയ്ക്ക് വിധേയമാക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന ആശങ്ക വ്യാപകമാണെന്നാണ് പ്രമേയാവതരണ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞത്. ബീഹാറില്‍ നടന്ന എസ്ഐആര്‍ പ്രക്രിയ ഇത്തരം ആശങ്കകളെ ശരിവെക്കുന്നതുമാണ്. പുറന്തള്ളലിന്റെ രാഷ്ട്രീയമാണ് ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ കാണുന്നത്. വോട്ടര്‍ പട്ടികയില്‍നിന്നു യുക്തിരഹിതമായ ഒഴിവാക്കലാണ് ബീഹാറില്‍ നടന്നത്.
അതേ രീതിയാണ് ദേശീയ അടിസ്ഥാനത്തില്‍ ലക്ഷ്യമിടുന്നതെന്ന സംശയവും രാജ്യവ്യാപകമായി നിലവിലുണ്ട്. ബീഹാര്‍ എസ്ഐ ആര്‍ പ്രക്രിയയുടെ ഭരണഘടനാ സാധ്യത സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെ തന്നെ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കെ നില്‍ക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കൂടി തിടുക്കപ്പെട്ട് ഇതേ പ്രക്രിയ കൊണ്ടുവരുന്നതിനെ നിഷ്‌കളങ്കമായി കാണാന്‍ കഴിയില്ല. തിടുക്കപ്പെട്ട് എസ്ഐആര്‍ നടത്തുന്നത് ദുരുദ്ദേശ്യപരമാണ് മുഖ്യമന്ത്രി പറഞ്ഞു.
പ്രമേയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരമൊരു നീക്കം നടത്തുന്നത് സംശയത്തോടെ കാണുന്നു എന്നാണ് പറഞ്ഞിട്ടുള്ളത്. അത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ന് കൃത്യമായി തന്നെ പറയണമെന്നാണ് പ്രതിപക്ഷം മുന്നോട്ടുവെച്ച ഒരു ഭേദഗതി നിര്‍ദ്ദേശം. അതോടൊപ്പം തന്നെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അല്ലെങ്കില്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം ഒന്നും കേരളത്തിലേക്ക് നടക്കുന്നില്ല. മറ്റേതെങ്കിലും രാജ്യവുമായി അതിര്‍ത്തി പങ്കിടുന്ന ഒരു സംസ്ഥാനമല്ല കേരളം. അതിനാല്‍ തന്നെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ഇപ്പോള്‍ വേണ്ട എന്നതല്ല വേണ്ട എന്നുള്ള നിലപാട് തന്നെ പറയണം എന്നുള്ളതാണ് പ്രതിപക്ഷം മുന്നോട്ടു വെച്ച മറ്റൊരു നിര്‍ദ്ദേശം.
അതോടൊപ്പം തന്നെ വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തുമ്പോള്‍ നല്‍കേണ്ട രേഖകള്‍ ഉണ്ട്. അതില്‍ റേഷന്‍ കാര്‍ഡ് അടക്കമുള്ള ഒരു ആധികാരിക രേഖയായി പരിഗണിക്കുന്നില്ല. അക്കാര്യം കൂടി ഇതില്‍ ഉള്‍പ്പെടുത്തണം എന്നുള്ള കാര്യം പി.സി. വിഷ്ണുനാഥ് ഉന്നയിച്ചു.
അതോടൊപ്പം അച്ഛന്റെയും അമ്മയുടെയും പൗരത്വം സംബന്ധിച്ചുള്ള രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ 18 വയസ്സായ പൂര്‍ത്തിയായ ഒരാള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആകൂ എന്നുള്ളത് ഒരാളുടെ പ്രായപൂര്‍ത്തി വോട്ടവകാശം സംബന്ധിച്ചുള്ള അധികാരത്തിലുള്ള കടന്നുകയറ്റമാണ് എന്നുള്ള കാര്യം കൂടി പ്രതിപക്ഷം ഭേദഗതി നിര്‍ദ്ദേശമായി മുന്നോട്ടു വെച്ചു. ഇതില്‍ പല നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് തന്നെയാണ് പ്രമേയം പാസാക്കിയത്.