വൃക്കകള്‍ക്കും തകരാര്‍ സംഭവിച്ചു; ഓക്സിജന്‍ നല്‍കുന്നത് തുടരുന്നു; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി വത്തിക്കാന്‍; പ്രാര്‍ഥിക്കുന്നവരോട് നന്ദി അറിയിച്ച് മാര്‍പാപ്പ

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി വത്തിക്കാന്‍

Update: 2025-02-24 06:54 GMT

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പുറമെ വൃക്കകള്‍ക്കും നേരിയ തകരാറുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട്. ഓക്‌സിജന്‍ നല്‍കുന്നത് തുടരുന്നുണ്ട്. അതേ സമയം, മാര്‍പ്പാപ്പ ഇന്നലെ ആശുപത്രിയില്‍ നിന്നും പ്രാര്‍ഥനയില്‍ പങ്കെടുത്തിരുന്നു. തനിക്കായി പ്രാര്‍ഥിക്കുന്നവര്‍ക്ക് നന്ദി അറിയിച്ച് മാര്‍പാപ്പ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. പത്ത് ദിവസം മുമ്പാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രോഗം വൃക്കകളുടെ പ്രവര്‍ത്തനത്തെ നേരിയ രീതിയില്‍ ബാധിച്ചു. ശ്വാസതടസം കാരണം അദ്ദേഹത്തിന് ഓക്‌സിജന്‍ നല്‍കുന്നത് തുടരുകയാണ്. ഞായറാഴ്ച ആശുപത്രിയില്‍ മുറിയില്‍ ഇരുന്ന് മാര്‍പാപ്പ പ്രാര്‍ഥനയില്‍ പങ്കെടുത്തു. ലോകമെമ്പാടും തനിക്കായി പ്രാര്‍ഥിക്കുന്നവരോട് ഫ്രാന്‍സിസ് മാര്‍പാപ്പ നന്ദി പറഞ്ഞതായും വത്തിക്കാന്‍ അറിയിച്ചു.

മാര്‍പാപ്പയ്ക്ക് കടുത്ത ശ്വാസതടസം ഉണ്ടായതിനെത്തുടര്‍ന്ന് ശനിയാഴ്ച കൃത്രിമശ്വാസവും രക്തവും നല്‍കേണ്ടി വന്നിരുന്നു.അനീമിയയെത്തുടര്‍ന്ന് പ്ലേറ്റലറ്റുകളുടെ എണ്ണം കുറഞ്ഞതിനാലാണ് രക്തം നല്‍കേണ്ടിവന്നത്. ശ്വാസം മുട്ടലിനെ തുടര്‍ന്ന് 14നാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് ചികിത്സ. ഈ മാസം ആറിന് മാര്‍പാപ്പയ്ക്ക് ബ്രോങ്കൈറ്റിസ് സ്ഥിരീകരിച്ചിരുന്നു. മാര്‍പാപ്പയുടെ വരും ദിവസങ്ങളിലെ എല്ലാ പരിപാടികളും അറിയിപ്പ് ഉണ്ടാകുന്നത് വരെ റദ്ദക്കിയതായി വത്തിക്കാന്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോണി മാര്‍പാപ്പയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. മാര്‍പാപ്പ ആരോഗ്യവാനാണെന്നും നന്നായി സംസാരിക്കുന്നുണ്ടെന്നും 20 മിനുട്ട് നീണ്ട സന്ദര്‍ശനത്തിനുശേഷം അവര്‍ അറിയിച്ചു. മാര്‍പാപ്പയ്ക്ക് ഏതാനും ദിവസംകൂടി ആശുപത്രിവാസം വേണ്ടിവന്നേക്കും എന്നാണ് വത്തിക്കാന്‍ അറിയിച്ചത്.

മാര്‍പാപ്പ ബോധവാനാണെന്ന് വത്തിക്കാന്‍ നേരത്തെ അറിയിച്ചിരുന്നു. ശ്വാസകോശ അണുബാധ ഉള്ളതിനാലും രക്തം നല്‍കിയതിനാലും ഉയര്‍ന്ന അളവിലാണ് ഓക്‌സിജന്‍ കൊടുക്കുന്നത്. പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറഞ്ഞെന്നു കണ്ടെത്തിയതോടെയാണു രക്തം നല്‍കിയത്. കഴിഞ്ഞ ദിവസം നില അല്‍പം മെച്ചപ്പെട്ടിരുന്നെങ്കിലും ഇന്നലെ രാവിലെയോടെയാണ് സ്ഥിതി പെട്ടെന്നു മോശമായത്. തുടര്‍ച്ചയായി ശ്വാസംമുട്ടലുമുണ്ടായി. വിളര്‍ച്ചയും സ്ഥിരീകരിച്ചു.

റോമിലെ ഗമെല്ലി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്ദേശങ്ങള്‍ അയച്ചവര്‍ക്കും മാര്‍പാപ്പ നന്ദി അറിയിച്ചു. മാര്‍പാപ്പയുടെ നില അതീവ ഗുരുതരമായി തുടരുമ്പോഴാണ് മാര്‍പാപ്പയുടെ സന്ദേശം ഇന്ന് വത്തിക്കാന്‍ പുറത്ത് വിട്ടത്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് വിശ്വാസികളോട് ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു.

ന്യുമോണിയയുടെ സങ്കീര്‍ണതയായി സംഭവിക്കാവുന്ന രക്തത്തിലെ ഗുരുതരമായ അണുബാധയായ സെപ്സിസ് ആരംഭിക്കുന്നതാണ് മാര്‍പാപ്പ നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags:    

Similar News