ഒരുമാസത്തിലേറെ നീണ്ട ആശങ്കകള്‍ക്ക് അറുതി; ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച വിശ്വാസികളെ അഭിവാദ്യം ചെയ്യും; ആഞ്ചലസ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ജെമെല്ലി ആശുപത്രിയില്‍ നിന്നും വിശ്വാസികളെ കാണുമെന്ന് ഹോളി സീ പ്രസ് ഓഫീസ്; ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച വിശ്വാസികളെ അഭിവാദ്യം ചെയ്യും
റോം: ഒരുമാസത്തിലേറെയായി നീണ്ടുനിന്ന ആശങ്കകള്‍ക്ക് അറുതി വരുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളെ കാണാന്‍ തയ്യാറെടുക്കുന്നു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഫെബ്രുവരി 14 മുതല്‍ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം ആദ്യമായാണ് മാര്‍പാപ്പ പൊതുജനങ്ങളെ കാണാന്‍ പോകുന്നത്. ജെമെല്ലി ആശുപത്രിക്കു പുറത്തുള്ള പൊതുജനങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച കാണുമെന്ന് ഹോളി സീ പ്രസ് ഓഫീസ് അറിയിച്ചു.
ആഞ്ചലസ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം റോമിലെ അഗോസ്റ്റിനോ ജെമെല്ലി ആശുപത്രിയില്‍ നിന്ന് മാര്‍പാപ്പ വിശ്വാസികളെ കാണാനും അനുഗ്രഹം നല്‍കാനും തയ്യാറെടുക്കുകയാണെന്നാണ് വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്. ആശുപത്രിയിലായിരുന്നതിനാല്‍ കഴിഞ്ഞ അഞ്ച് ഞായറാഴ്ചകളില്‍ അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നില്ല. 2013 മാര്‍ച്ചില്‍ തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായാണ് ഇത്രയധികം അഞ്ച് ആഴ്ച തുടര്‍ച്ചയായി അദ്ദേഹം ആഞ്ചലസ് പ്രാര്‍ത്ഥനകളിലടക്കം പങ്കെടുക്കാതിരിക്കുന്നത്.
ജെമെല്ലി ആശുപത്രിയില്‍ നിന്ന് ഇതിന് മുന്‍പും മാര്‍പാപ്പ പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2021 ജൂലൈ 11 ന് വന്‍കുടല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയുടെ പത്താം നിലയിലെ തന്റെ ബാല്‍ക്കണിയില്‍ നിന്നാണ് അദ്ദേഹം ആഞ്ചലസ് പ്രാര്‍ത്ഥന ചൊല്ലിയത്.
യുദ്ധത്തിന്റെ അസംബന്ധം കൂടുതല്‍ മനസ്സിലാക്കാന്‍ അനാരോഗ്യം തന്നെ സഹായിച്ചതായി മാര്‍ച്ച് 14-ന് ഇറ്റാലിയന്‍ ദിനപത്രമായ കൊറിയര്‍ ഡെല്ല സെറയുടെ പത്രാധിപര്‍ക്കയച്ച കത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരുന്നു. ചിലകാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി ഉള്‍ക്കൊള്ളാന്‍ രോഗകാലം സഹായിച്ചെന്നും പത്രാധിപര്‍ ലൂസിയാനോ ഫോണ്ടാനയുടെ കത്തിനുള്ള മറുപടിയായി മാര്‍പാപ്പ എഴുതി.
വലിയ ആശങ്കകളിലൂടെയാണ് കഴിഞ്ഞ ദിവസം വിശ്വാസി സമൂഹം കടന്നുപോയത്. കടുത്ത ന്യൂമോണിയെ ബാധയെ തുടര്‍ന്നാണ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് കഴിഞ്ഞ ദിവസം വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു.
88 വയസുള്ള മാര്‍പ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി കഴിഞ്ഞ ഫെബ്രുവരി 14നാണ് റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തില്‍ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാന്‍ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സയിലാണ് കഴിയുന്നത്.
ലോകമാകെയുള്ള വിശ്വാസികള്‍ പാപ്പയുടെ സൌഖ്യത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളിലായിരുന്നു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ജപമാലയര്‍പ്പണമടക്കം നടത്തിയിരുന്നു. തനിക്ക് വേണ്ടി പ്രാര്‍ത്ഥനകളില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നന്ദി അറിയിച്ചതായി നേരത്തെ വത്തിക്കാന്‍ വക്താവ് അറിയിച്ചിരുന്നു. എത്രയും വേഗം മാര്‍പാപ്പ സുഖമായി തിരിച്ചുവരുമെന്ന പ്രത്യാശയും വത്തിക്കാന്‍ വക്താവ് പങ്കുവച്ചിരുന്നു