നാല് മീറ്റര്‍ ചുറ്റളവിലുള്ള കൃത്യമായ ലൊക്കേഷന്‍ ഇതുവഴി അറിയാം; ഡിജിപിന്‍ ഓഫ്ലൈനായും ഉപയോഗിക്കാം; വ്യക്തികള്‍ക്ക് അവരുടെ വീടിന്റേയും വസ്തുവിന്റേയും കൃത്യമായ ലൊക്കേഷന്‍ എടുത്ത് ഡിജിപിന്‍ കോഡ് ജനറേറ്റ് ചെയ്യാം; ഇനി ആളിന്റെ പേരില്ലെങ്കിലും തപാല്‍ കൃത്യമായി വീട്ടിലെത്തും; പിന്‍കോഡിന് വിട; നിങ്ങളുടെ ഡിജിപിന്‍ എങ്ങനെ കണ്ടെത്താം?
കോട്ടയം: പോസ്റ്റല്‍ വകുപ്പും മാറുന്നു. ഇനി പിന്‍കോഡുകള്‍ക്ക് സ്ഥാനമില്ല. രാജ്യത്ത് പോസ്റ്റല്‍ വിലാസങ്ങളുടെ ആധികാരികതയായിരുന്ന പിന്‍കോഡ് നമ്പരുകളുടെ (പോസ്റ്റല്‍ ഇന്‍ഡക്‌സ് നമ്പര്‍) യുഗം അവസാനത്തിലേക്ക്. ഇന്ത്യന്‍ തപാല്‍ വകുപ്പ് പിന്‍കോഡുകള്‍ക്ക് പകരമായി ഡിജി പിന്‍ എന്ന ഡിജിറ്റല്‍ മേല്‍വിലാസം അവതരിപ്പിച്ചു. ഡിജി പിന്‍ ആയിരിക്കും ഇനി മുതല്‍ രാജ്യത്തെ പുതിയ മേല്‍വിലാസ സംവിധാനം. പിന്‍കോഡുകള്‍ വിശാലമായ ഒരു പ്രദേശത്തെയാണ് ഉള്‍ക്കൊണ്ടിരുന്നത്. എന്നാല്‍ വീടിന്റെയും സ്ഥാപനത്തിന്റെയും കൃത്യമായ ലൊക്കേഷന്‍ പ്രതിനിധീകരിക്കുന്നതാണ് പത്ത് അക്കമുള്ള പുതിയ ഡിജി പിന്‍ സംവിധാനം. ഡിജി പിന്‍ ക്രിയേറ്റ് ചെയ്യുന്നതിന് തയാറാക്കിയിട്ടുള്ള സര്‍ക്കാര്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വീടും സ്ഥാപനവുമൊക്കെ കണ്ടെത്തി കോഡ് സ്ഥിരീകരിക്കാന്‍ സാധിക്കും.
കത്തുകള്‍ കൃത്യ സ്ഥലത്ത് എത്തിക്കാന്‍ ഇതുവഴി വേഗത്തില്‍ കഴിയും. മാത്രമല്ല ആംബുലന്‍സ്, അഗ്‌നിശമന സേന എന്നിവ പോലുള്ള അത്യാവശ്യ സേവനങ്ങള്‍ക്കും ലൊക്കേഷന്‍ മനസിലാക്കി കൃത്യമായി എത്തിച്ചേരാന്‍ ഡിജിപിന്‍ സേവനം ഉപകരിക്കും. ഡിജിപിന്‍ സംവിധാനത്തിലൂടെ അണുവിട തെറ്റാതെ കൃത്യമായ സ്ഥലം കണ്ടെത്താന്‍ കഴിയും. പിന്‍കോഡിന് പുറമെ ഡിജിപിന്‍ മേല്‍വിലാസത്തിന്റെ കൃത്യത ഉറപ്പാക്കും. പരമ്പരാഗതമായി ലൊക്കേഷന്‍, സ്ട്രീറ്റ്, ഹൗസ് നമ്പര്‍ തുടങ്ങിയവ നല്‍കുന്നതിന് ഉപരിയായി പത്ത് ഡിജിറ്റുള്ള ആല്‍ഫാന്യൂമറിക് കോഡാണ് ഡിജിപിന്‍ ആയി ഉപയോഗിക്കുന്നത്. വ്യക്തി വിവരങ്ങള്‍ ആവശ്യമില്ല. സ്ഥലത്തിന്റെ അക്ഷാംശവും രേഖാംശവും മതിയാകും.
ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം സൗകര്യമുള്ള ഡിവൈസ് മുഖേന https://dac.indiapost.gov.in/mydigipin/home പേജില്‍ കയറിയാല്‍ ഡിജിപിന്‍ കോഡ് അറിയാന്‍ കഴിയും. തപാല്‍ വകുപ്പ് പുതിയ ആപ് വികസിപ്പിക്കുന്നുണ്ട്. അതായത് ഇനി വീട്ടുടമസ്ഥന്റെ പേരില്ലെങ്കിലും കത്തുകള്‍ കൃത്യമായി വീട്ടുകളിലെത്തും. കത്തിടപാടുകള്‍ മാത്രമല്ല, ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളെ സംബന്ധിച്ചും കൃത്യമായ ലൊക്കേഷനില്‍ പാഴ്‌സല്‍ എത്തിക്കാന്‍ ഡിജിപിന്‍ വഴി കഴിയുമെന്നാണ് അവകാശവാദം.
നിങ്ങളുടെ ഡിജിപിന്‍ എങ്ങനെ കണ്ടെത്താം?
https://dac.indiapost.gov.in/mydigipin/home എന്ന സര്‍ക്കാര്‍ വെബ്സൈറ്റാണ് ഡിജിപിന്‍ കണ്ടെത്താനായി തയ്യാറാക്കിയിട്ടുള്ളത്. ഈ വെബ്സൈറ്റ് സന്ദര്‍ശിച്ച്, നിങ്ങളുടെ ലൊക്കേഷന്‍ കണ്ടെത്തിയതിന് മുകളില്‍ ക്ലിക്ക് ചെയ്താല്‍ 10 അക്ക ഡിജിപിന്‍ മനസിലാക്കാനാകും. നാല് മീറ്റര്‍ ചുറ്റളവിലുള്ള കൃത്യമായ ലൊക്കേഷന്‍ ഇതുവഴി അറിയാനാകും എന്നതാണ് ഡിജിപിന്നിനെ മറ്റ് അഡ്രസ് സംവിധാനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഐഐടി ഹൈദരാബാദും എന്‍ആര്‍എസ്സിയും ഇസ്രൊയുമായി സഹകരിച്ചാണ് ഇന്ത്യാ പോസ്റ്റ് ഡിജിപിന്‍ എന്ന ജിയോകോഡഡ് ഡിജിറ്റല്‍ വിലാസ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഡിജിപിന്‍ ഓഫ്ലൈനായും ഉപയോഗിക്കാം എന്ന പ്രത്യേകതയുമുണ്ട്.
വ്യക്തികള്‍ക്ക് അവരുടെ വീടിന്റേയും വസ്തുവിന്റേയും കൃത്യമായ ലൊക്കേഷന്‍ എടുത്ത് ഡിജിപിന്‍ കോഡ് ജനറേറ്റ് ചെയ്യാം. ഡിജിപിന്നിലൂടെ തപാല്‍ സേവനങ്ങള്‍ കൂടുതല്‍ മികച്ചരീതിയിലാക്കി മാറ്റാനാകുമെന്നും, ഇതിനായി ജനങ്ങളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കില്ലെന്നും തപാല്‍ വകുപ്പ് പറയുന്നു. ഐഐടി ഹൈദരാബാദ്, എന്‍ആര്‍എസ്സി, ഐഎസ്ആര്‍ഒ എന്നിവയുമായി സഹകരിച്ചാണ് തപാല്‍ വകുപ്പ് ഡിജിപിന്‍ വികസിപ്പിച്ചിരിക്കുന്നത്.