1977ല്‍ ആന്റണി സര്‍ക്കാര്‍ നല്‍കിയത് 15 സെന്റ്; കൈവശമുള്ളത് 55 സെന്റ്; പുറമ്പോക്ക് ഭൂമിയായതു കൊണ്ട് വസ്തുക്കരം സ്വീകരിക്കാത്ത റവന്യൂ വകുപ്പ്; ടിസി നല്‍കിയതും കെട്ടിട നികുതി വാങ്ങുന്നതും കോര്‍പ്പറേഷന്റെ അനധികൃത നടപടി; സേവ് യൂണിവേഴ്‌സിറ്റി കാമ്പെയിന്‍ രണ്ടും കല്‍പ്പിച്ച്; വൈസ് ചാന്‍സലറും ഗവര്‍ണ്ണറും പരിശോധനയില്‍; എകെജി പഠന ഗവേഷണം നടക്കുന്ന ആ കണ്ണായ ഭൂമി സിപിഎമ്മിന് നഷ്ടമാകുമോ? 'കേരള'യിലെ തര്‍ക്കം വഴിത്തിരിവില്‍

Update: 2025-08-02 05:49 GMT

തിരുവനന്തപുരം: സിപിഎമ്മിനെതിരെ നിര്‍ണ്ണായക നീക്കവുമായി കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍. സിപിഎമ്മിന്റെ മുന്‍ സംസ്ഥാന കമ്മിറ്റി ഓഫിസായ പാളയത്തെ എകെജി പഠന ഗവേഷണ കേന്ദ്രം (പഴയ എകെജി സെന്റര്‍) സ്ഥിതി ചെയ്യുന്ന 55 സെന്റ് ഭൂമിയില്‍ 40 സെന്റ് ഭൂമിയും അനധികൃതമായി കൈവശം വച്ചിരിക്കുന്നതാണെന്ന പരാതിയില്‍ വീണ്ടും സജീവമാക്കും. ഈ ഭൂമി പിടിച്ചെടുക്കാന്‍ നിയമ പോരാട്ടവും നടത്തും. വിഷയം സംബന്ധിച്ച് സര്‍വകലാശാലയിലുള്ള എല്ലാ രേഖകളും പരിശോധിക്കും. അതിന് ശേഷം ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ഭൂമിപ്രശ്നം സംബന്ധിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി നല്‍കിയ പരാതിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വി.സിയോടു റിപ്പോര്‍ട്ട് തേടിയിരുന്നു. മറുനാടന്‍ മലയാളി രണ്ട് ദിവസം മുമ്പ് ഈ വാര്‍ത്ത എക്‌സക്ലൂസീവായി നല്‍കിയിരുന്നു. ഏറെ കാലം മുതല്‍ ഉള്ള വിവാദമാണ് ഇത്. എന്നാല്‍ ഇപ്പോഴാണ് ഇതിലെ രേഖകള്‍ പുറത്തു വന്നത്. ഭൂമി ഇടപാടിലെ അസ്വാഭാവികതകളുമായി ബന്ധപ്പെട്ട വിവരാവകാശ രേഖയും മറുനാടന്‍ പുറത്തു വിട്ടിരുന്നു.

1977 ഓഗസ്റ്റ് 20ന് എ.കെ.ആന്റണി മന്ത്രിസഭയുടെ കാലത്താണ് എകെജി പഠന ഗവേഷണ കേന്ദ്രത്തിനായി ഭൂമി അനുവദിച്ചത്. അന്ന് അനുവദിച്ചത് 15 സെന്റ് ഭൂമി മാത്രമാണെങ്കിലും സര്‍വകലാശാലയുടെ 55 സെന്റ് ഭൂമി സിപിഎം കൈവശമുണ്ടെന്ന വിവരാവകാശ രേഖ നിര്‍ണ്ണായകമാണ്. ഭൂമി അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പ് കലക്ടറേറ്റിലോ, താലൂക്ക് ഓഫിസിലോ, വില്ലേജ് ഓഫിസിലോ, സര്‍വേ വകുപ്പിലോ ലഭ്യമല്ലെന്നതാണ് വസ്തുത. അനധികൃതമായി കൈവശം വച്ചിട്ടുള്ള ഭൂമിയില്‍ തണ്ടപ്പേര് പിടിക്കാത്തതിനാല്‍ ഇപ്പോഴും പുറമ്പോക്ക് ഭൂമിയായി വഞ്ചിയൂര്‍ വില്ലേജ് ഓഫിസ് റജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതുമൂലം വസ്തുക്കരം സ്വീകരിക്കാന്‍ റവന്യു വകുപ്പ് തയാറായിട്ടുമില്ല. എന്നാല്‍ 10.33 ലക്ഷം രൂപ കോര്‍പറേഷന് കെട്ടിട നികുതിയായി പ്രതിവര്‍ഷം അടയ്ക്കുന്നുണ്ട്. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയതും ടിസി നമ്പര്‍ അനുവദിച്ചതും കെട്ടിടനികുതി സ്വീകരിച്ചതും ഗുരുതരമായ കൃത്യവിലോപമാണെന്നും ക്യാംപെയ്ന്‍ കമ്മിറ്റി ആരോപിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട് മറുനാടന്‍ മലയാളി രേഖകള്‍ അടക്കം പുറത്തു വിട്ട എക്‌സ്‌ക്ലൂസീവ് വിഡീയോ ലിങ്ക് ചുവടെ

Full View

ഈ സാഹചര്യത്തില്‍ വൈസ് ചാന്‍സലര്‍ നടപടിയിലേക്ക് കടക്കുകയായിരുന്നു. യഥാര്‍ഥത്തില്‍ എത്ര സെന്റ് സ്ഥലമാണ് നല്‍കിയതെന്നത് അടക്കമുള്ള രേഖകള്‍ സര്‍വകലാശാലയില്‍ ഉണ്ടാകുമെന്നും അതുള്‍പ്പെടെ കണ്ടെത്തി തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വി.സി. പറഞ്ഞു. സ്ഥലം നല്‍കിയതുമായി ബന്ധപ്പെട്ട് സര്‍വകലാശാലയ്ക്ക് എന്തെങ്കിലും നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെ പരിശോധിച്ചതിനു ശേഷം എല്ലാ രേഖകളും സഹിതം അടുത്തു ചേരുന്ന സിന്‍ഡിക്കറ്റില്‍ വിഷയം അവതരിപ്പിക്കും. സര്‍വകലാശാലയുടെ സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സിന്‍ഡിക്കറ്റാണ് തീരുമാനമെടുക്കേണ്ടതെന്നും വി.സി. പറഞ്ഞു. ഈ വിവാദത്തില്‍ ഇടത് അനുകൂല സിന്‍ഡിക്കറ്റ് വിഷയത്തില്‍ എന്തു തീരുമാനമെടുക്കുമെന്നതു നിര്‍ണായകമാണ്.

പഴയ എകെജി സെന്റര്‍) സ്ഥിതി ചെയ്യുന്ന 55 സെന്റ് ഭൂമിയില്‍ 40 സെന്റ് ഭൂമിയും അനധികൃതമായി കൈവശം വച്ചിരിക്കുന്നതാണെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമായതായെന്നു ചൂണ്ടിക്കാട്ടിയാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കു പരാതി നല്‍കിയത്. ഇപ്പോഴും റവന്യു രേഖകളില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയായി തുടരുന്ന ഈ സ്ഥലത്തിന് കരം ഒടുക്കിയിട്ടില്ലെന്നും സര്‍വേ വകുപ്പില്‍ നിന്നും വഞ്ചിയൂര്‍ വില്ലേജ് ഓഫിസില്‍ നിന്നും രേഖകള്‍ ലഭിച്ചതായും കമ്മിറ്റി വ്യക്തമാക്കിയിരുന്നു. സിപിഎം കയ്യേറിയിരിക്കുന്ന സര്‍വകലാശാല വക ഭൂമി തിരിച്ചു പിടിക്കണമെന്നാണ് കമ്മിറ്റി ഗവര്‍ണര്‍ക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം നഗരത്തിന്റെ കണ്ണായ ഭാഗത്ത് സ്ഥിതിചെയ്യുന്ന എ.കെ.ജി പഠന ഗവേഷണ കേന്ദ്രം സര്‍ക്കാരും കേരള സര്‍വകലാശാലയും നല്‍കിയ ഭൂമിയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. തണ്ടപ്പേര്‍ രജിസ്റ്റര്‍ പ്രകാരം പ്രസ്തുത ഭൂമി പുറമ്പോക്കാണെന്ന വഞ്ചിയൂര്‍ വില്ലേജ് ഓഫീസറുടെ മറുപടി പുറത്ത് വന്നതാണ് വീണ്ടും വിവാദമുണ്ടാകാന്‍ കാരണം. സര്‍വകലാശാലയുടെ 55 സെന്റ് ഭൂമി എ.കെ.ജി പഠന ഗവേഷണ കേന്ദ്രം കൈവശപ്പെടുത്തിയിട്ടുണ്ടെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ ഫോറം ഗവര്‍ണര്‍ക്ക് നല്‍കിയ പരാതി. ഗവര്‍ണറില്‍ നിന്ന് നടപടി ഉണ്ടായില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കാനാണ് സേവ് യൂണിവേഴ്‌സിറ്റി ഫോറത്തിന്റെ തീരുമാനം.

ഭൂമിവിവാദം ഉയര്‍ത്തികൊണ്ടുവരാന്‍ നേരത്തെയും ശ്രമമുള്ളതിനാലാണ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന് വേണ്ടി സിപിഎം പുതിയ സ്ഥലം വാങ്ങി കെട്ടിടം നിര്‍മ്മിച്ചത്. നേരത്തെ എകെജി സെന്റര്‍ എന്നറിയപ്പെട്ടിരുന്ന പഠന ഗവേഷണ കേന്ദ്രത്തിന് മുന്നില്‍ പുതിയ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.

Tags:    

Similar News